ട്വന്‍റി 20 ലോകകപ്പ്: 'അവർ ഇല്ലേല്‍ അത്ഭുതമില്ല', നാല് സെമി ടീമുകളുടെ പേരുമായി ദീപ് ദാസ്‍ഗുപ്ത

ഗ്രൂപ്പ് ഒന്നില്‍ എല്ലാ ടീമുകളും നാല് മത്സരങ്ങള‍ വീതം കളിച്ചപ്പോള്‍ അഞ്ച് പോയിന്‍റുമായി ന്യൂസിലന്‍ഡാണ് തലപ്പത്ത്

T20 World Cup 2022 Deep Dasgupta predicts semi finals but one former champions out

അഡ്‍ലെയ്ഡ്: ഓസ്ട്രേലിയയില്‍ പുരോഗമിക്കുന്ന ട്വന്‍റി 20 ലോകകപ്പിലെ സൂപ്പർ-12 മത്സരങ്ങള്‍ അവസാനഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. സെമി ഉറപ്പിക്കാന്‍ ഇരു ഗ്രൂപ്പുകളിലും ശക്തമായ പോരാട്ടം നടക്കുന്നു. സെമിയിലെത്താന്‍ സാധ്യതയുള്ള നാല് ടീമുകളെ ഇപ്പോള്‍ ഉറപ്പിക്കുക പ്രയാസമാണ്. എങ്കിലും നാല് ടീമുകളുടെ പേരുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പർ ദീപ് ദാസ്‍ഗുപ്ത. 

'ഗ്രൂപ്പ് ഒന്നില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. ന്യൂസിലന്‍ഡിനെതിരെ ഇംഗ്ലണ്ട് വമ്പന്‍ ജയമാണ് നേടിയത്. എങ്കിലും സെമിയിലെത്താന്‍ ഏറ്റവും സാധ്യതയുള്ള ടീം ന്യൂസിലന്‍ഡാണ് എന്നാണ് ഞാന്‍ കരുതുന്നത്. ഇംഗ്ലണ്ടും സെമി കളിക്കും. ഓസ്ട്രേലിയക്ക് അനുകൂലമായ മത്സരങ്ങള്‍ ലഭിച്ചതിനാല്‍ ടീമുകളെ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നു. രണ്ടാം ഗ്രൂപ്പില്‍ നിന്ന് ദക്ഷിണാഫ്രിക്കയും ഇന്ത്യയുമാണ് സെമിയിലെത്താന്‍ സാധ്യത. ഓസീസ് ടി20 ലോകകപ്പില്‍ സെമിയിലെത്തിയില്ലെങ്കില്‍ അത്ഭുതമാകില്ല, ഒരു ടീമും ടി20 വിശ്വ കിരീടം നിലനിർത്തിയ ചരിത്രമില്ല' എന്നും ദീപ് ദാസ്ഗുപ്ത ക്രിക്ട്രാക്കറിലെ ഷോയില്‍ പറഞ്ഞു. യുഎഇ വേദിയായ കഴിഞ്ഞ ടി20 ലോകകപ്പില്‍  കങ്കാരുക്കളായിരുന്നു ചാമ്പ്യന്‍മാർ. 

ഗ്രൂപ്പ് ഒന്നില്‍ എല്ലാ ടീമുകളും നാല് മത്സരങ്ങള്‍ വീതം കളിച്ചപ്പോള്‍ അഞ്ച് പോയിന്‍റുമായി ന്യൂസിലന്‍ഡാണ് തലപ്പത്ത്. ഇതേ പോയിന്‍റ് നില തന്നെയെങ്കിലും റണ്‍റേറ്റ് കുറവായതിനാല്‍ ഇംഗ്ലണ്ടും ഓസ്ട്രേലിയയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. നാല് പോയിന്‍റുമായി ശ്രീലങ്കയാണ് നാലാമത്. അതേസമയം ഗ്രൂപ്പ് രണ്ടില്‍ മൂന്ന് കളികളില്‍ അഞ്ച് പോയിന്‍റുള്ള ദക്ഷിണാഫ്രിക്കയാണ് മുന്നില്‍. നാല് പോയിന്‍റ് വീതവമായി ഇന്ത്യ രണ്ടും ബംഗ്ലാദേശ് മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ഇന്നത്തെ ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം ഇതിനാല്‍ത്തന്നെ സെമി സാധ്യതകളില്‍ ഏറെ നിർണായകമാണ്.  

ടി20 ലോകകപ്പ്: നിരാശപ്പെടുത്തി വീണ്ടും രോഹിത്, ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് മോശം തുടക്കം
 

Latest Videos
Follow Us:
Download App:
  • android
  • ios