പാകിസ്ഥാനെതിരായ കോലി ക്ലാസ്; അമ്പരപ്പ് അവസാനിക്കുന്നില്ല, അഭിനന്ദിച്ച് ബിസിസിഐ പ്രസിഡന്‍റും

കോലിയുടെ മാസ്റ്റര്‍ ക്ലാസ് ഇന്നിംഗ്‌സിനെ പുകഴ്‌ത്താന്‍ പുതിയ ബിസിസിഐ പ്രസിഡന്‍റ് റോജര്‍ ബിന്നി മടികാണിച്ചില്ല

T20 World Cup 2022 BCCI president Roger Binny congratulated Virat Kohli for playing match winning knock against Pakistan

ബെംഗളൂരു: ഓസ്ട്രേലിയയില്‍ പുരോഗമിക്കുന്ന ട്വന്‍റി 20 ലോകകപ്പിലെ സൂപ്പര്‍-12ല്‍ പാകിസ്ഥാനെതിരായ ഇന്ത്യന്‍ വിജയത്തിന്‍റെ ത്രില്ല് ആരാധകര്‍ക്ക് ഇതുവരെ തെല്ലുപോലും കുറഞ്ഞിട്ടില്ല. ചേസ് മാസ്റ്ററായ കിംഗ് കോലി ഐതിഹാസിക വിജയം ഇന്ത്യക്ക് മത്സരത്തില്‍ സമ്മാനിക്കുകയായിരുന്നു. തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ ഹാരിസ് റൗഫിനെ തുടര്‍ച്ചയായി രണ്ട് സിക്‌സറിന് പറത്തി മത്സരത്തിലേക്ക് ഇന്ത്യയെ കൊണ്ടുവരികയായിരുന്നു വിരാട് കോലി. കോലിയുടെ മാസ്റ്റര്‍ ക്ലാസ് ഇന്നിംഗ്‌സിനെ പുകഴ്‌ത്താന്‍ പുതിയ ബിസിസിഐ പ്രസിഡന്‍റ് റോജര്‍ ബിന്നി മടികാണിച്ചില്ല. 

'എന്നെ സംബന്ധിച്ച് അതൊരു സ്വപ്‌നം പോലെയായിരുന്നു. ഗാലറിയിലേക്ക് കോലി അങ്ങനെ പന്തടിച്ചത് വിശ്വസിക്കാനേയായില്ല. പാകിസ്ഥാനെതിരെ ടീം ഇന്ത്യ നേടിയത് വിസ്‌മയ വിജയമായിരുന്നു. കൂടുതല്‍ സമയം പാകിസ്ഥാന് അനുകൂലമായിരിക്കുകയും പെട്ടെന്ന് ടീം ഇന്ത്യയുടെ നിയന്ത്രണത്തിലേക്ക് വരുന്നതുമായ ഇത്തരം മത്സരങ്ങൾ നിങ്ങൾ ഒരിക്കലും കാണില്ല. കാണികൾ കാണാൻ ആഗ്രഹിക്കുന്നത് ഇത്തരം മത്സരമാണ്. വിരാട് കോലിക്ക് തെളിയിക്കാനൊന്നുമില്ല. കോലിയൊരു ക്ലാസ് താരമാണ്. അദേഹത്തെ പോലുള്ള താരങ്ങള്‍ സമ്മര്‍ദഘട്ടങ്ങളില്‍ മികവ് കാട്ടും. സമ്മര്‍ദ സാഹചര്യം ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിക്കും'- റോജര്‍ ബിന്നി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തു. ബിസിസിഐ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങിലായിരുന്നു ബിന്നിയുടെ വാക്കുകള്‍. 

മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനം വേദിയായ ആവേശ മത്സരത്തില്‍ ഇന്ത്യ നാല് വിക്കറ്റിന്‍റെ ജയം അവസാന പന്തില്‍ നേടിയപ്പോള്‍ വിരാട് കോലി 53 പന്തില്‍ 82* റണ്‍സുമായി പുറത്താകാതെ നിന്നു. ആറ് ഫോറും നാല് സിക്‌സറും കോലിയുടെ ബാറ്റില്‍ നിന്ന് പിറന്നു. 37 പന്തില്‍ 40 റണ്‍സുമെടുത്ത ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കൂട്ടുകെട്ടും കോലിക്ക് തുണയായി. മത്സരത്തില്‍ മൂന്ന് വിക്കറ്റും പാണ്ഡ്യ നേടി. യുവ പേസര്‍ അര്‍ഷ്‌ദീപ് സിംഗും പാകിസ്ഥാന്‍റെ മൂന്ന് താരങ്ങളെ പുറത്താക്കിയിരുന്നു. ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റ് നേടി. മാച്ച് വിന്നിംഗ് ഇന്നിംഗ്‌സുമായി കോലിയായിരുന്നു മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. 

ടി20 ലോകകപ്പിലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക സൂപ്പര്‍ പോരാട്ടം; ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത

Latest Videos
Follow Us:
Download App:
  • android
  • ios