ടസ്‌കിന്‍ അഹമ്മദിന് നാല് വിക്കറ്റ്; നെതര്‍ലന്‍ഡ്‌സിനെ എറിഞ്ഞിട്ട് ബംഗ്ലാദേശ്, 9 റണ്‍സ് വിജയം
ഇന്നിംഗ്‌സിലെ ആദ്യ രണ്ട് പന്തിലും വിക്കറ്റ്, പിന്നാലെ നാല് വിക്കറ്റ് നേട്ടം, ഹൊബാര്‍ടില്‍ എക്‌സ്‌പ്രസായി ടസ്‌കിന്‍ അഹമ്മദ്, നെതര്‍ലന്‍ഡ്‌സിനെ എറിഞ്ഞിട്ട് ബംഗ്ലാ വിജയം
ഹൊബാര്‍ട്: ട്വന്‍റി 20 ലോകകപ്പില്‍ സൂപ്പര്‍-12 പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ടസ്‌കിന്‍ അഹമ്മദിന്‍റെ ബൗളിംഗ് കരുത്തില്‍ 9 റണ്‍സ് വിജയവുമായി ബംഗ്ലാദേശ്. ബംഗ്ലാ കടുവകള്‍ മുന്നോട്ടുവെച്ച 145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്‌സിന്‍റെ പോരാട്ടം 20 ഓവറില്‍ 135 റണ്‍സില്‍ അവസാനിച്ചു. 4 ഓവറില്‍ 25 റണ്‍സിന് നാല് വിക്കറ്റുമായി ടസ്‌കിന്‍ അഹമ്മദാണ് ജയമൊരുക്കിയത്. ഹസന്‍ മഹ്മൂദ് രണ്ടും ഷാക്കിബ് അല്‍ ഹസനും സൗമ്യ സര്‍ക്കാരും ഓരോ വിക്കറ്റും നേടി. സ്കോര്‍: ബംഗ്ലാദേശ്-144/8 (20), നെതര്‍ലന്‍ഡ്‌സ്-135 (20).
ആദ്യ രണ്ട് പന്തിലും വിക്കറ്റ്!
മറുപടി ബാറ്റിംഗില്‍ ടസ്‌കിന്‍ അഹമ്മദിന് മുന്നില്‍ തുടക്കത്തിലെ തലപോയ നെതര്‍ലന്‍ഡ്‌സിന് ടോപ് ത്രീ ബാറ്റര്‍മാരടക്കം നാല് പേരെ 3.4 ഓവറില്‍ നഷ്‌ടമാകുമ്പോള്‍ 15 റണ്‍സ് മാത്രമാണ് സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. ഇന്നിംഗ്‌സിലെ ആദ്യ രണ്ട് പന്തിലും വിക്കറ്റുമായി ടസ്‌കിന്‍ കൊടുങ്കാറ്റാവുകയായിരുന്നു. ഒന്നാം പന്തില്‍ തന്നെ വിക്രംജീത് സിംഗിനെ ടസ്‌കിന്‍, യാസിര്‍ അലിയുടെ കൈകളിലെത്തിച്ചു. രണ്ടാം പന്തില്‍ ബാസ് ഡി ലീഡ് നുരുല്‍ ഹസന്‍റെ കൈകളില്‍ അവസാനിച്ചു.
ഷാക്കിബ് അല്‍ ഹസന്‍ എറിഞ്ഞ നാലാം ഓവറിലെ രണ്ടാം പന്തില്‍ മാക്‌സ് ഒഡൗഡും(8 പന്തില്‍ 8), നാലാം പന്തില്‍ ടോം കൂപ്പറും(0 പന്തില്‍ 0) റണ്ണൗട്ടായി. കോളിന്‍ അക്കര്‍മാന്നിനൊപ്പം നായകന്‍ സ്‌കോട് എഡ്‌വേഡ്‌സ് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ഷാക്കിബിന്‍റെ ഓവര്‍ വീണ്ടും വഴിത്തിരിവായി. 12-ാം ഓവറില്‍ എഡ്‌വേഡ്‌സിനെ(24 പന്തില്‍ 16) ഷാക്കിബും, 13-ാം ഓവറില്‍ ടിം പ്രിന്‍ഗ്ലിനെ(6 പന്തില്‍ 1) ഹസന്‍ മഹ്‌മൂദും പുറത്താക്കി. 12.5 ഓവറില്‍ നെതര്‍ലന്‍ഡ്‌സ് 66-6 എന്ന നിലയില്‍ നില്‍ക്കേ ഹൊബാര്‍ടില്‍ മഴ കളി തടസപ്പെടുത്തി. കളി പുനരാരംഭിച്ചതിന് പിന്നാലെ ലോഗന്‍ വാന്‍ ബിക്കിനെ(5 പന്തില്‍ 2) ഹസന്‍ മഹ്‌മൂദും, ഷരീസ് അഹമ്മദിനെ(8 പന്തില്‍ 9) ടസ്‌കിന്‍ അഹമ്മദും പുറത്താക്കി.
ടസ്‌കിന് നാല് വിക്കറ്റ്
അര്‍ധ സെഞ്ചുറി നേടിയ കോളിന്‍ അക്കര്‍മാനെ(48 പന്തില്‍ 62) 17-ാം ഓവറില്‍ പുറത്താക്കി ടസ്‌കിന് നാല് വിക്കറ്റ് തികച്ചു. നെതര്‍ലന്‍ഡ്‌സ് ഇന്നിംഗ്‌സിലെ അവസാന പന്തില്‍ സൗമ്യ സര്‍ക്കാര്‍, പോള്‍ വാന്‍ മീകെരെനെ(14 പന്തില്‍ 24) ബൗണ്ടറിലൈനിനരികെ ലിറ്റണിന്‍റെ കൈകളിലെത്തിച്ചതോടെ ബംഗ്ലാദേശ് വിജയിച്ചു.
ഹൊബാര്‍ടില്‍ ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശ് 20 ഓവറില്‍ എട്ട് വിക്കറ്റിനാണ് 144 റണ്‍സെടുത്തത്. 27 പന്തില്‍ 38 റണ്‍സെടുത്ത അഫീഫ് ഹൊസൈനാണ് ബംഗ്ലാ കടുവകളുടെ ടോപ് സ്‌കോറര്‍. 20 പന്തില്‍ 25 റണ്‍സെടുത്ത നജ്‌മുല്‍ ഹൊസൈന്‍ ഷാന്‍റോയാണ് രണ്ടാമത്തെ ഉയര്‍ന്ന സ്കോറുകാരന്‍. നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ 9 പന്തില്‍ 7നും, ലിറ്റന്‍ ദാസ് 11 പന്തില്‍ 9നും, സൗമ്യ സര്‍ക്കാര്‍ 14 പന്തില്‍ 14നും, യാസിര്‍ അലി 5 പന്തില്‍ 3നും പുറത്തായത് ബംഗ്ലാദേശിന് തിരിച്ചടിയായി. എട്ടാമനായിറങ്ങി 12 പന്തില്‍ പുറത്താകാതെ 20* റണ്‍സെടുത്ത മൊസദേക് ഹൊസൈനാണ് ബംഗ്ലാദേശിനെ അവസാന ഓവറുകളില്‍ കാത്തത്.
നെതര്‍ലന്‍ഡ്‌സിനായി പോള്‍ വാന്‍ മീകെരെനും ബാസ് ഡി ലീഡും രണ്ട് വീതവും ഫ്രഡ് ക്ലാസനും ടിം പ്രിന്‍ഗ്ലിനും ഷരീസ് അഹമ്മദും ലോഗന്‍ വാന്‍ ബീക്കും ഓരോ വിക്കറ്റും നേടി.