മത്സരം ഉപേക്ഷിച്ചതോടെ പണി കിട്ടി ഓസീസ്, ഇംഗ്ലണ്ട് ടീമുകള്‍;കൂടുതല്‍ എയറില്‍ കങ്കാരുക്കള്‍
ഗ്രൂപ്പ് ഒന്നില്‍ ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, അയർലന്‍ഡ്, ഓസ്ട്രേലിയ ടീമുകള്‍ക്ക് ഒരേ പോയിന്‍റെങ്കിലും നെറ്റ് റണ്‍റേറ്റില്‍ പിന്നില്‍ കങ്കാരുപ്പട
മെല്‍ബണ്‍: ഓസ്ട്രേലിയ വേദിയാവുന്ന ട്വന്‍റി 20 ലോകകപ്പിന്‍റെ ആവേശം മഴ കവരുകയാണ്. ഇന്ന് തുടർച്ചയായ രണ്ടാം സൂപ്പർ-12 മത്സരവും മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ മഴ കൊണ്ടുപോയി. ഇതോടെ സെമി പ്രതീക്ഷ കാത്തിരുന്ന ഓസ്ട്രേലിയ-ഇംഗ്ലണ്ട് ടീമുകള്‍ക്കെല്ലാം തിരിച്ചടി നേരിട്ടു. ഏറ്റവും തിരിച്ചടി ആതിഥേയരായ ഓസീസിനാണ്. സൂപ്പർ-12 ഘട്ടത്തില്‍ ഗ്രൂപ്പ് ഒന്നിലെ കാര്യങ്ങളെല്ലാം മഴ അവതാളത്തിലാക്കിയിരിക്കുകയാണ്.
ഗ്രൂപ്പ് ഒന്നില്‍ വിചിത്രമാണ് പോയിന്‍റ് പട്ടിക. ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, അയർലന്‍ഡ്, ഓസ്ട്രേലിയ ടീമുകള്‍ 3 പോയിന്‍റ് വീതമായി യഥാക്രമം ആദ്യ നാല് സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ഇവരില്‍ കിവീസ് രണ്ട് മത്സരങ്ങളും ബാക്കിയുള്ള ടീമുകള്‍ മൂന്ന് വീതം കളികളും പൂർത്തിയാക്കി. എങ്കിലും ഒന്നിലധികം മത്സരം ജയിക്കാന്‍ ആരെയും മഴ അനുവദിച്ചില്ല. അഫ്ഗാനെതിരായ മത്സരം ഉപേക്ഷിച്ചതാണ് ന്യൂസിലന്‍ഡിന് പ്രഹരമായത്. എന്നാല്‍ നെറ്റ് റണ്‍റേറ്റില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന കിവികള്‍ക്ക്(+4.450) സെമിയിലേക്ക് കടക്കാന്‍ ആശങ്കകള്‍ വളരെ കുറവാണ്. ഏറ്റവും ചങ്കിടിപ്പാവട്ടേ ആതിഥേയരായ ഓസ്ട്രേലിയക്കും. ഇംഗ്ലണ്ടിന് +0.239, അയർലന്‍ഡിന് 1.170, ഓസ്ട്രേലിയക്ക് 1.555 എന്നിങ്ങനെയാണ് നെറ്റ് റണ്‍റേറ്റുകള്‍. അഞ്ചാമതുള്ള ലങ്കയ്ക്ക് രണ്ട് മത്സരത്തിലും അഫ്ഗാനിസ്ഥാന് മൂന്ന് മത്സരത്തിലും രണ്ട് പോയിന്‍റ് വീതമാണുള്ളത്. ഏഷ്യന്‍ ചാമ്പ്യന്‍മാരായ ലങ്കയ്ക്ക് +0.450 ഉം അഫ്ഗാന് 0.620 ഉം നെറ്റ് റണ്‍റേറ്റാണ് സമ്പാദ്യം. ഇനിയുള്ള കളികളെല്ലാം ഏറെ നിർണായകം. അടുത്ത മത്സരങ്ങളില്‍ ന്യൂസിലന്‍ഡിന് ശ്രീലങ്കയും ഓസീസിന് അയർലന്‍ഡും ഇംഗ്ലണ്ടിന് ന്യൂസിലന്‍ഡുമാണ് എതിരാളികള്‍.
ഇന്ന് ഗ്രൂപ്പ് ഒന്നില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ ഇരു സൂപ്പർ-12 മത്സരങ്ങളും മഴ കൊണ്ടുപോയി എന്നതാണ് ശ്രദ്ധേയം. രാവിലെ നടക്കേണ്ടിയിരുന്ന അഫ്ഗാനിസ്ഥാന്‍-അയർലന്‍ഡ് മത്സരത്തിലും മഴ കാരണം ടോസ് ഇടാനായില്ല. കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനെ അട്ടിമറിച്ചെത്തിയ അയർലന്‍ഡിന് ഇത് കനത്ത തിരിച്ചടിയായി. അതേസമയം സൂപ്പർ-12ല്‍ അഫ്ഗാനിസ്ഥാന്‍റെ രണ്ടാം മത്സരമാണ് മഴമൂലം ഉപേക്ഷിക്കേണ്ടിവന്നത്.
മെല്‍ബണില്‍ മഴ തന്നെ മഴ, ഇംഗ്ലണ്ട്-ഓസീസ് മത്സരവും ഉപേക്ഷിച്ചു; തണുത്ത് ടി20 ലോകകപ്പ് ആവേശം