ടി20 ലോകകപ്പ്: 'ആരും സ്വന്തം ടീമിന്‍റെ തോൽവി ആഗ്രഹിക്കില്ല'; ഷമിയെ പിന്തുണച്ച് യൂസഫ് പത്താന്‍-EXCLUSIVE
ഷമി അടക്കം ഇന്ത്യന്‍ താരങ്ങള അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്ന് യൂസഫ് പത്താന്‍
ഷാര്‍ജ: ടി20 ലോകകപ്പില്‍(T20 World Cup 2021) പാകിസ്ഥാനെതിരായ തോല്‍വിക്ക് ശേഷം ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി(Mohammed Shami) സൈബർ ആക്രമണം നേരിടേണ്ടിവന്നതില്‍ പ്രതികരണവുമായി ഇന്ത്യന്‍ മുന്‍താരം യൂസഫ് പത്താന്‍(Yusuf Pathan). ഷമി അടക്കമുള്ള ഇന്ത്യന്‍ താരങ്ങളെ അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കണം. ഹര്‍ദിക് പാണ്ഡ്യയുടെ പകരക്കാരനാകാന്‍ കഴിയുന്ന പലരും ഇന്ത്യന്‍ ടീമിലുണ്ടെന്നും യൂസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
'ഒരു കളിക്കാരനും സ്വന്തം ടീമിന്‍റെ തോൽവി ആഗ്രഹിക്കില്ല. ജയിക്കാനായി മാത്രമാണ് കളിക്കുന്നത്. പാകിസ്ഥാനെതിരായ തോൽവിയുടെ പേരില്‍ അധിക്ഷേപിക്കുന്നതിന് പകരം ഇന്ത്യന്‍ താരങ്ങളെ പിന്തുണയ്ക്കുകയാണ് ആരാധകര്‍ ചെയ്യേണ്ടതെ'ന്നും യൂസഫ് പത്താന്‍ പറഞ്ഞു.
ഹര്‍ദിക്കിന് പകരക്കാരന്‍ ടീമില്‍ തന്നെ...
'ഹര്‍ദിക് പാണ്ഡ്യയുടെ റോള്‍ എന്തെന്ന് തീരുമാനിക്കേണ്ടത് ടീം മാനജ്മെന്‍റാണ്. എന്നാൽ ഹര്‍ദിക്കിന് പകരമിറക്കാന്‍ പോന്ന മികച്ച താരങ്ങള്‍ ലോകകപ്പ് ടീമിലുണ്ട്. ന്യൂസിലന്‍ഡിനെതിരെ ശക്തമായി തിരിച്ചുവരാന്‍ കോലിപ്പടയ്ക്കാകു'മെന്നും 2007ലെ ട്വന്‍റി 20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും കിരീടം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന യൂസഫ് പത്താന്‍ കൂട്ടിച്ചേര്‍ത്തു.
ഷമിക്ക് പിന്തുണയുമായി ബിസിസിഐ
മുഹമ്മദ് ഷമിക്ക് പരോക്ഷ പിന്തുണയുമായി ബിസിസിഐ ഇന്നലെ രംഗത്തെത്തിയിരുന്നു. വിരാട് കോലിയും മുഹമ്മദ് ഷമിയും ഒന്നിച്ചുള്ള ചിത്രം ബിസിസിഐ ട്വീറ്റ് ചെയ്തു. കരുത്തോടെ മുന്നോട്ട് എന്നാണ് ട്വീറ്റില്‍ പറയുന്നത്. എന്നാൽ സൈബർ ആക്രമണത്തെക്കുറിച്ച് നേരിട്ട് പരാമർശമില്ല.
പാകിസ്ഥാനെതിരായ ആവേശപ്പോരാട്ടത്തില്‍ 18-ാം ഓവര്‍ എറിയാനെത്തിയ ഷമി 17 റണ്‍സ് വഴങ്ങിയിരുന്നു. ഇതോടെ പാകിസ്ഥാന്‍ ജയം സ്വന്തമാക്കുകയും ചെയ്‌തു. പിന്നാലെ ഇന്ത്യന്‍ ടീം ആരാധകര്‍ ഷമിക്കെതിരെ തിരിഞ്ഞു. സംഭവത്തില്‍ മുന്‍താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിവിഎസ് ലക്ഷ്‌മണ്‍, വീരേന്ദര്‍ സെവാഗ്, മുഹമ്മദ് അസറുദ്ദീന്‍, ഹര്‍ഭജന്‍ സിങ്, വെങ്കിടേഷ് പ്രസാദ് എന്നിവര്‍ ഷമിക്ക് പിന്തുണയുമായെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിസിസിഐയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.
ടി20 ലോകകപ്പ്: വിദ്വേഷ പ്രചാരണം; മുഹമ്മദ് ഷമിക്ക് പരോക്ഷ പിന്തുണയുമായി ബിസിസിഐ