ടി20 ലോകകപ്പ്: മുട്ടിലിരുന്ന് പ്രതിഷേധിക്കാതെ ക്വിന്‍റൺ ഡി കോക്ക്; വിവാദം കത്തിക്കാതെ ബവൂമ, അഭിനന്ദനപ്രവാഹം

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിര്‍ദേശത്തോട് മുഖംതിരിച്ച് ഡികോക്ക് മത്സരത്തില്‍ നിന്ന് സ്വമേധയാ പിന്‍മാറുകയായിരുന്നു 

T20 World Cup 2021 SA vs WI praise for Temba Bavuma on reaction to Quinton de Kock refusal to take knee

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) വിന്‍ഡീസിനെതിരായ മത്സരത്തില്‍(SAvWI) നിന്ന് ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്‍റൺ ഡി കോക്ക്(Quinton de Kock) പിന്‍മാറിയ വിവാദം ആളിപ്പടരാതെ കാത്ത് ക്യാപ്റ്റൻ തെംബ ബവൂമ(Temba Bavuma). സമചിത്തതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്‌ത ബവൂമയ്ക്ക് സാമൂഹ്യമാധ്യമങ്ങളിൽ അഭിനന്ദനപ്രവാഹമാണ്. അതേസമയം ഡി കോക്കിനെതിരെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ്(Cricket South Africa) കടുത്ത നടപടി എടുത്തേക്കുമെന്നാണ് സൂചന. 

വിന്‍ഡീസിന് എതിരായ മത്സരത്തിന് മുൻപ് വർണവിവേചനത്തിനെതിരെ മുട്ടിലിരുന്ന്(Black Lives Matter) താരങ്ങൾ ഐക്യദാർഢ്യമർപ്പിക്കണമെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ്(Cricket South Africa) നിർദേശിച്ചിരുന്നു. എന്നാല്‍ ഇതിനോട് മുഖംതിരിച്ച് ഡികോക്ക് മത്സരത്തില്‍ നിന്ന് സ്വമേധയാ പിന്‍മാറി. ഇക്കാര്യം ക്രിക്കറ്റ് സൗത്താഫ്രിക്ക സ്ഥിരീകരിച്ചിരുന്നു. 

വർണവിവേചനത്തിനെതിരെ ഐക്യദാർഢ്യം പ്രകടിപ്പിക്കാനാകില്ലെന്ന് ഡി കോക്ക് പറഞ്ഞപ്പോൾ ഏറ്റവുമധികം നിരാശപ്പെടേണ്ട ഒരാൾ നായകനും കറുത്ത വർഗക്കാരനുമായ തെംബ ബവൂമയായിരുന്നു. വിൻഡീസിനെതിരായ മത്സരത്തിന് ശേഷം ബവൂമയിൽനിന്ന് കടുത്ത പരാമർശങ്ങളുണ്ടാകുമെന്ന് കരുതിയവർ ഏറെ. എന്നാൽ ഡി കോക്കെന്ന സഹതാരത്തെ പിന്തുണക്കാനാണ് മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ ബവൂമ ശ്രമിച്ചത്. മുറിവേൽപ്പിച്ചയാളെ വാക്കുകൾകൊണ്ട് ചേർത്തുനിർത്തി ദക്ഷിണാഫ്രിക്കൻ നായകൻ. 

കാണാം ബവൂമയുടെ പ്രതികരണം 

ക്വിന്‍റണ്‍ ഡി കോക്കിനെ ലോകകപ്പ് ടീമിൽനിന്ന് ഒഴിവാക്കുമോ എന്ന് ചോദിച്ചപ്പോൾ താനല്ല, ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡാണ് തീരുമാനമെടുക്കേണ്ടതെന്നും തെംബ ബവൂമ മറുപടി നല്‍കി. സമചിത്തതയോടെയുള്ള ബവൂമയുടെ വാക്കുകൾക്ക് സാമൂഹ്യമാധ്യമങ്ങളിൽ കയ്യടി കിട്ടി.

വിന്‍ഡീസിനെതിരായ മത്സരത്തില്‍ നിന്നുള്ള പിന്‍മാറ്റത്തില്‍ ഡി കോക്കിനെ വിമർശിച്ച് ഡാരൻ സമി, ദിനേശ് കാര്‍ത്തിക് എന്നീ താരങ്ങൾ രംഗത്തെത്തിയിരുന്നു. ഓസീസ് മുന്‍ ഓള്‍റൗണ്ടറും കമന്‍റേറ്ററുമായ ഷെയ്‌ന്‍ വാട്‌സണും ഡിക്കോക്കിന്‍റെ പിന്‍മാറ്റത്തോട് പ്രതികരിച്ചിട്ടുണ്ട്. 'വലിയ ഞെട്ടല്‍, എന്തോ ആഭ്യന്തര പ്രശ്‌‌നം ദക്ഷിണാഫ്രിക്കന്‍ ടീമില്‍ പുകയുന്നുണ്ട്' എന്നായിരുന്നു ടോസിന് പിന്നാലെ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ വാട്‌സന്‍റെ പ്രതികരണം. 

ടി20 ലോകകപ്പ്: ക്വിന്‍റണ്‍ ഡി കോക്ക് പിന്‍മാറിയത് മുട്ടിലിരുന്ന് പ്രതിഷേധിക്കാന്‍ മടിച്ച്- സ്ഥിരീകരണം

Latest Videos
Follow Us:
Download App:
  • android
  • ios