ടി20 ലോകകപ്പ്: ക്വിന്‍റണ്‍ ഡി കോക്ക് പിന്‍മാറിയത് മുട്ടിലിരുന്ന് പ്രതിഷേധിക്കാന്‍ മടിച്ച്- സ്ഥിരീകരണം
ടീം മാനേജ്‌മെന്‍റില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍ നടപടി സ്വീകരിക്കും എന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക
ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍(SA vs WI) ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്‍റണ്‍ ഡി കോക്ക്(Quinton de Kock) പിന്മാറിയത് വർണവിവേചനത്തിനെതിരെ മുട്ടിലിരുന്ന് പ്രതിഷേധിക്കാന്‍ മടിച്ച്. താരത്തിന്‍റെ പിന്‍മാറ്റത്തിന് പിന്നാലെ ക്രിക്കറ്റ് സൗത്താഫ്രിക്ക ട്വിറ്ററിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
മത്സരത്തിന് മുൻപ് താരങ്ങൾ ഐക്യദാർഢ്യമർപ്പിക്കണമെന്ന്(Black Lives Matter) ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ്(Cricket South Africa) നിർദേശിച്ചിരുന്നു. എന്നാല്‍ ഡികോക്ക് ഇതിനെതിരെ പ്രതിഷേധിച്ച് ടീമിൽ നിന്ന് മാറിനില്‍ക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ വിശദീകരണമിങ്ങനെ. 'മുട്ടുകുത്തി പ്രതിഷേധിക്കാന്‍ മടിച്ച ഡികോക്കിന്‍റെ തീരുമാനം ശ്രദ്ധയില്‍ പതിഞ്ഞിട്ടുണ്ട്. ടീം മാനേജ്‌മെന്‍റില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍ നടപടി സ്വീകരിക്കും' എന്നും ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വിന്‍ഡീസിന് എതിരായ മത്സരത്തിന് മുമ്പ് ബ്ലാക്ക് ലിവ്‌സ് മാറ്ററിന് പിന്തുണയറിച്ച താരങ്ങള്‍ക്ക് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നന്ദി പറഞ്ഞു. ലോകകപ്പില്‍ തുടര്‍ മത്സരങ്ങളിലും താരങ്ങള്‍ നിര്‍ദേശം പാലിക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടു.
സൂചനയുമായി ഷെയ്‌ന്‍ വാട്‌സണ്‍
ഡി കോക്കിനെ വിമർശിച്ച് ഡാരൻ സമി, ദിനേശ് കാര്‍ത്തിക് എന്നീ താരങ്ങൾ രംഗത്തെത്തി. ഓസീസ് മുന്‍ ഓള്‍റൗണ്ടറും കമന്‍റേറ്ററുമായ ഷെയ്‌ന്‍ വാട്‌സണും ഡിക്കോക്കിന്‍റെ പിന്‍മാറ്റത്തോട് പ്രതികരിച്ചിട്ടുണ്ട്. 'വലിയ ഞെട്ടല്‍, എന്തോ ആഭ്യന്തര പ്രശ്‌നം ദക്ഷിണാഫ്രിക്കന്‍ ടീമില്‍ പുകയുന്നുണ്ട്' എന്നായിരുന്നു ടോസിന് പിന്നാലെ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ വാട്‌സന്‍റെ പ്രതികരണം. 'ഡിക്കോക്കിന്‍റെ അസാന്നിധ്യം വെസ്റ്റ് ഇന്‍ഡീസിന് മുന്‍തൂക്കം നല്‍കും' എന്നായിരുന്നു ഇതേസമയം ഇതിഹാസ താരം ബ്രയാന്‍ ലാറയുടെ പ്രതികരണം.
വ്യക്തിപരമായ കാരണമെന്ന് ബവൂമ
അതേസമയം ഡികോക്ക് വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനില്‍ക്കുന്നതായാണ് ടോസ് വേളയില്‍ നായകന്‍ തെംബ ബവൂമ വ്യക്തമാക്കിയത്. ഡിക്കോക്കിന് പകരം റീസ ഹെന്‍ഡ്രിക്‌സാണ് പ്ലേയിംഗ് ഇലവനിലെത്തിയത്. ഓസീസിനോട് തോറ്റ കഴിഞ്ഞ മത്സരത്തില്‍ നിന്ന് പ്രോട്ടീസ് ടീമിലെ ഏക മാറ്റം ഡിക്കോക്കിന്‍റെ അസാന്നിധ്യമാണ്.