ആദ്യ ഓവറില്‍ മൂന്ന് വിക്കറ്റ്, ചരിത്രനേട്ടം സ്വന്തമാക്കി നമീബിയയുടെ ട്രംപിള്‍മാന്‍
ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ സ്കോട്‌ലന്‍ഡ് ഓപ്പണര്‍ ജോര്‍ജ് മുന്‍സെയെ വീഴ്ത്തിയ ട്രംപിള്‍മാന്‍ മൂന്നാം പന്തിലും നാലാം പന്തിലും മക്‌ലോയ്ഡിനെയും ബെറിംഗ്ടണെയും വീഴ്ത്തി
അബുദാബി: ടി20 ലോകകപ്പില്‍(T20 World Cup 2021) സ്കോട്‌ലന്‍ഡിനെതിരെ(Scotland) ചരിത്രനേട്ടം സ്വന്തമാക്കി നമീബിയന്‍(Namibia) പേസര്‍ റൂബന്‍ ട്രംപിള്‍മാന്‍(Ruben Trumpelmann). സ്കോട്‌ലന്‍ഡ് ഇന്നിംഗ്സിലെ ആദ്യ ഓവറില്‍ മൂന്ന് വിക്കറ്റെടുത്ത ട്രംപിള്‍മാന്‍ ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബൗളറായി.
ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ സ്കോട്‌ലന്‍ഡ് ഓപ്പണര്‍ ജോര്‍ജ് മുന്‍സെയെ വീഴ്ത്തിയ ട്രംപിള്‍മാന്‍ മൂന്നാം പന്തിലും നാലാം പന്തിലും മക്‌ലോയ്ഡിനെയും ബെറിംഗ്ടണെയും വീഴ്ത്തി ഹാട്രിക്കിന് അടുത്തെത്തി. ടി20 ക്രിക്കറ്റില്‍ ഇന്നിംഗ്സിലെ ആദ്യ ഓവറില്‍ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളറാണ് ഇടം കൈയന്‍ പേസറായ 23കാരനായ ട്രംപിള്‍മാന്‍.
ആദ്യ ഓവറിലെ തകര്‍ച്ചയില്‍ നിന്ന് കരകയറാനാവാതിരുന്ന സ്കോട്‌ലന്‍ഡ് നമീബിയക്കെതിരെ 20 ഓവറില്‍ 109 റണ്‍സാണെടുത്തത്. മത്സരത്തില്‍ നാലോവര്‍ എറിഞ്ഞ ട്രംപിള്‍ മാന്‍ 17 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.
നേരത്തെ നെതര്‍ലന്‍ഡ്സിനെതിരായ യോഗ്യതാ പോരാട്ടത്തില്‍ അയര്‍ലന്‍ഡ് ബൗളര്‍ അയര്‍ലന്‍ഡ്(Ireland) മീഡിയം പേസര്‍ കര്‍ടിസ് കാംഫര്‍(Curtis Campher) നാലു പന്തില്‍ നാലു വിക്കറ്റ് വീഴ്ത്തി ലോക റെക്കോര്‍ഡിനൊപ്പമെത്തിയിരുന്നു.ശ്രീലങ്കന്‍ പേസ് ഇതിഹാസം ലസിത് മലിംഗ(Lasith Malinga), അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍(Rashid Khan) എന്നിവരാണ് ടി20 ക്രിക്കറ്റില്‍ നാലു പന്തില്‍ നാലു വിക്കറ്റെടുത്ത മറ്റ് ബൗളര്‍മാര്‍.