ട്വന്‍റി 20 ലോകകപ്പ്: അപൂര്‍വ നേട്ടത്തില്‍ വിരാട് കോലി; 16 റണ്‍സ് കൂടി നേടിയാല്‍ ശരിക്കും കിംഗ്
16 റൺസ് കൂടി നേടിയാൽ ജയവർധനെയെ മറികടന്ന് കോലിക്ക് ലോകകപ്പ് റൺവേട്ടക്കാരിൽ ഒന്നാമനാവാം
പെര്‍ത്ത്: ട്വന്‍റി 20 ലോകകപ്പിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. ലോകകപ്പിൽ 1000 റൺസ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ താരം എന്ന നേട്ടമാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ 12 റൺസെടുത്തപ്പോൾ കോലി സ്വന്തമാക്കിയത്. ട്വന്‍റി 20 ലോകകപ്പ് ചരിത്രത്തില്‍ 1000 റൺസ് നേടുന്ന രണ്ടാമത്തെ താരം കൂടിയാണ് കോലി. ശ്രീലങ്കയുടെ മഹേല ജയവർധനെയാണ് ടി20 ലോകകപ്പിൽ 1000 റൺസ് നേടിയ ആദ്യ താരം. ജയവർധനെ 1016 റൺസാണ് നേടിയത്. കോലിക്കിപ്പോൾ 1001 റൺസുണ്ട്. 16 റൺസ് കൂടി നേടിയാൽ ജയവർധനെയെ മറികടന്ന് കോലിക്ക് ലോകകപ്പ് റൺവേട്ടക്കാരിൽ ഒന്നാമനാവാം.
ഹിറ്റ്‌മാനും നേട്ടം
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും വ്യക്തിഗത നേട്ടം സ്വന്തമാക്കി. ട്വന്‍റി 20 ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരം കളിക്കുന്ന താരമെന്ന നാഴികക്കല്ലാണ് രോഹിത് പിന്നിട്ടത്. രോഹിത്തിന്‍റെ മുപ്പത്തിയാറാം മത്സരമായിരുന്നു ഇന്നലെ. ഇതോടെ 35 മത്സരങ്ങളിൽ കളിച്ച തിലകരത്നെ ദിൽഷന്‍റെ റെക്കോർഡ് രോഹിത് മറികടന്നു. ഇന്ത്യ ചാമ്പ്യൻമാരായ 2007ലെ പ്രഥമ ടി20 ലോകകപ്പ് അടക്കം എല്ലാ എഡിഷനിനും കളിച്ച താരമാണ് രോഹിത് ശര്‍മ്മ.
ടീമിന് തോല്‍വി
വിരാട് കോലിയും രോഹിത് ശര്‍മ്മയും ചരിത്രനേട്ടങ്ങള്‍ സ്വന്തമാക്കിയെങ്കിലും ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സൂപ്പര്‍-12 മത്സരം ടീം ഇന്ത്യ തോറ്റു. പെര്‍ത്തിലെ പോരാട്ടത്തില്‍ അഞ്ച് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയുടെ വിജയം. ഇന്ത്യയുടെ 133 റൺസ് രണ്ട് പന്ത് ശേഷിക്കേ ദക്ഷിണാഫ്രിക്ക മറികടന്നു. ബാറ്റിംഗില്‍ ഡേവിഡ് മില്ലറും(46 പന്തില്‍ 59), ഏയ്‌ഡന്‍ മാര്‍ക്രമും(41 പന്തില്‍ 52) ബൗളിംഗില്‍ ലുങ്കി എന്‍ഗിഡിയും(29-4), വെയ്‌ന്‍ പാര്‍നലും(15-3) ദക്ഷിണാഫ്രിക്കയ്ക്ക് ജയമൊരുക്കുകയായിരുന്നു. ഈ ലോകകപ്പില്‍ ടീം ഇന്ത്യയുടെ ആദ്യ തോല്‍വിയാണിത്. ജയത്തോടെ ഇന്ത്യയെ മറികടന്ന് ദക്ഷിണാഫ്രിക്ക പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തി.
കില്ലര്‍ മില്ലര്‍ ഫിനിഷിംഗ്; ട്വന്‍റി 20 ലോകകപ്പില്‍ ടീം ഇന്ത്യക്ക് ആദ്യ തോല്‍വി