മുഷ്താഖ് അലി: ചിന്നസ്വാമിയുടെ സ്വന്തം രജത് പാടീദാറിന്‍റെ ബാറ്റിങ് വെടിക്കെട്ട്; സെമിയിൽ വിജയം നേടി മധ്യപ്രദേശ്
ആദ്യം ബാറ്റ് ചെയ്ത ദില്ലി നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 146 റണ്‍സ് എടുത്തത്
ബംഗളൂരു: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റ് സെമിയില്‍ ദില്ലിയെ തകര്‍ത്ത് മധ്യപ്രദേശ്. ഏഴ് വിക്കറ്റിന്‍റെ മിന്നും വിജയമാണ് മധ്യപ്രദേശ് സ്വന്തമാക്കിയത്. ബറോഡയെ തോല്‍പ്പിച്ച് എത്തുന്ന മുംബൈയാണ് ഫൈനലില്‍ മധ്യപ്രദേശിന്‍റെ എതിരാളികൾ. 147 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മധ്യപ്രദേശ് മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. അര്‍ധ സെഞ്ചുറി നേടി (29 പന്തിൽ 66) നായകൻ രജത് പാടീദാര്‍ ആണ് മധ്യപ്രദേശിനെ അനായാസം വിജയത്തിലെത്തിച്ചത്. 46 റണ്‍സുമായി ഹര്‍പ്രീത് സിംഗ് നായകന് ഉറച്ച പിന്തുണ നല്‍കി.
ആദ്യം ബാറ്റ് ചെയ്ത ദില്ലി നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 146 റണ്‍സ് എടുത്തത്. 24 പന്തിൽ 33 റണ്‍സെടുത്ത അനുജ് റാവത്ത് ആണ് ടോപ് സ്കോറര്‍. വെങ്കിടേഷ് അയ്യര്‍ രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി. മറുപടി ബാറ്റിംഗില്‍ ആദ്യം ഇഷാന്ത് ശര്‍മ്മയുടെ പേസ് ആക്രമണത്തിന് മുന്നിൽ മധ്യപ്രദേശ് ഒന്ന് പതറിയെങ്കിലും ഹര്‍പ്രീതും രജത് പാടീദാറും ഒന്നിച്ചതോടെ ദില്ലിയുടെ പ്രതീക്ഷകള്‍ അവസാനിച്ചു. മൂന്ന് ഓവറില്‍ 12 റണ്‍സ് മാത്രം വിട്ടുനൽകി ഇഷാന്ത് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
അതേസമയം, അജിങ്ക്യാ രഹാനെയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ ബലത്തില്‍ ബറോഡയെ ആറ് വിക്കറ്റിന് തകർത്താണ് മുംബൈ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റിന്‍റെ ഫൈനലിലെത്തിയത്. സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത ബറോഡ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സടിച്ചപ്പോള്‍ 17.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ലക്ഷ്യത്തിലെത്തി. 56 പന്തില്‍ 98 റണ്‍സെടുത്ത രഹാനെ വിജയത്തിന് ഒരു റണ്‍സകലെ പുറത്തായി. തൊട്ടുപിന്നാലെ ഏഴ് പന്തില്‍ ഒരു റണ്ണെടുത്ത സൂര്യകുമാര്‍ യാദവും പുറത്തായെങ്കിലും നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്സ് പറത്തി സൂര്യാന്‍ഷ് ഷെഡ്ജെ മുംബൈയുടെ ഫൈനല്‍ പ്രവേശനം രാജകീയമാക്കി. റണ്ണൊന്നുമെടുക്കാതെ ശിവം ദുബെയും പുറത്താകാതെ നിന്നു.