ടി20യില്‍ മറ്റാറ്റൊരു ബാറ്റര്‍ക്കും സ്വന്തമാക്കാനാവാത്ത അപൂര്‍വ റെക്കോര്‍ഡ് അടിച്ചെടുത്ത് സൂര്യകുമാര്‍ യാദവ്
വാന്‍ ബീക്ക് എറിഞ്ഞ ഇന്ത്യന്‍ ഇന്നിംഗ്സിലെ അവസാന ഓവറിലെ അവസാന പന്ത് സ്വതസിദ്ധമായ ശൈലിയില്‍ ഫൈന്‍ ലെഗ്ഗിന് മുകളിലൂടെ സിക്സിന് പറത്തിയാണ് സൂര്യകുമാര്‍ അര്‍ധസെഞ്ചുറി തികച്ചത്. 25 പന്തിലായിരുന്നു സൂര്യ അര്‍ധസെഞ്ചുറിയിലെത്തിയത്.
സിഡ്നി: ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ നിരാശ നെതര്‍ലന്‍ഡ്സിനെതിരായ വെടിക്കെട്ട് അര്‍ധസെഞ്ചുറിയിലൂടെ മാറ്റിയ സൂര്യകുമാര്‍ യാദവിന് അപൂര്‍വനേട്ടം. സിഡ്നിയിലെ സ്ലോ പിച്ചില്‍ രോഹിത് ശര്‍മയും വിരാട് കോലിയും റണ്‍സ് കണ്ടെത്താന്‍ പാടുപെട്ട പിച്ചില്‍ സൂര്യകുമാറിനെ ഇതൊന്നും ബാധിച്ചതേയെില്ല.
വാന്‍ ബീക്ക് എറിഞ്ഞ ഇന്ത്യന്‍ ഇന്നിംഗ്സിലെ അവസാന ഓവറിലെ അവസാന പന്ത് സ്വതസിദ്ധമായ ശൈലിയില്‍ ഫൈന്‍ ലെഗ്ഗിന് മുകളിലൂടെ സിക്സിന് പറത്തിയാണ് സൂര്യകുമാര്‍ അര്‍ധസെഞ്ചുറി തികച്ചത്. 25 പന്തിലായിരുന്നു സൂര്യ അര്‍ധസെഞ്ചുറിയിലെത്തിയത്. ഇതോടെ ടി20 ക്രിക്കറ്റില്‍ മറ്റൊരു ബാറ്റര്‍ക്കും സ്വന്തമാക്കാനാവാത്ത അപൂര്‍വ റെക്കോര്‍ഡും സൂര്യകുമാര്‍ സ്വന്തെ പേരിലാക്കി. ടി20 ക്രിക്കറ്റില്‍ ഒരു വര്‍ഷം 200 മുകളില്‍ പ്രഹരശേഷിയില്‍ അഞ്ച് അര്‍ധസെഞ്ചുറി നേടുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡാണ് സൂര്യ ഇന്ന് സ്വന്തമാക്കിയത്.
ടി20 ലോകകപ്പ്: സിക്സര്‍ നേട്ടത്തില്‍ യുവിയെയും പിന്നിലാക്കി ഹിറ്റ്‌മാന്‍
ഈ വര്‍ഷം ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെ 55 പന്തില്‍ 117 റണ്‍സടിച്ച സൂര്യ ഏഷ്യാ കപ്പില്‍ ഹോങ്കോങിനെതിരെ 39 പന്തില്‍ 68 റണ്‍സടിച്ചു. ഈ വര്‍ഷം ഫെബ്രുവരിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കൊല്‍ക്കത്തയില്‍ 31 പന്തില്‍ 65 റണ്‍സും ഒക്ടോബറില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 22 പന്തില്‍ 61 റണ്‍സും ഇന്ന് നെതര്‍ലന്‍ഡ്സിനെതിരെ 25 പന്തില്‍ 51 റണ്‍സും നേടിയാണ് സൂര്യ മറ്റൊരു ബാറ്റര്‍ക്കും സ്വന്തമാക്കാനാവാത്ത അപൂര്‍വനേട്ടം സ്വന്തമാക്കിയത്. ടി20 ക്രിക്കറ്റില്‍ മറ്റൊരു ബാറ്റര്‍ക്കും നാലു തവണ പോലും 200ന് മുകളില്‍ പ്രഹരശേഷിയുള്ള പ്രകടനങ്ങളില്ല.
മൂന്നാം വിക്കറ്റില്‍ വിരാട് കോലിക്ക് ഒപ്പം 95 റണ്‍സിന്‍റെ കൂട്ടുകെട്ടില്‍ പങ്കാളിയായ സൂര്യ ഈ വര്‍ഷം ഇത് നാലാം തവണയാണ് കോലിക്കൊപ്പം 50 ഓ അതിന് മുകളിലുള്ള കൂടുകെട്ടിലോ പങ്കാളിയാകുന്നത്. ഹോങ്കോങിനെതിരെ ദുബായില്‍ 42 പന്തില്‍ 98ഉം, ഓസ്ട്രേലിയക്കെതിരെ ഹൈദരാബാദില്‍ 62 പന്തില്‍ 104 റണ്‍സും ദക്ഷിണിഫ്രിക്കക്കെതിരെ 42 പന്തില്‍ 102 രണ്‍സും ഇന്ന് നെതര്‍ലന്‍ഡ്സിനെതിരെ 48 പന്തില്‍ 95 റണ്‍സും ഇരുവരും ചേര്‍ന്ന് നേടി.