IPL 2022 : ഫാഫ് ഒരറ്റം കാത്തു, കാര്‍ത്തികിന്റെ ഫിനിഷിംഗ് ടച്ച്; ഹൈദരാബാദിനെതിരെ ബാംഗ്ലൂരിന് മികച്ച സ്‌കോര്‍

കോലി ഒരിക്കല്‍ കൂടി നിരാശപ്പെടുത്തുന്നതാണ് വാംഖഡെയില്‍ കണ്ടത്. സുജിത്തിന്റെ ആദ്യ പന്തില്‍ തന്നെ കോലി കെയ്ന്‍ വില്യംസണ് ക്യാച്ച് നല്‍കി മടങ്ങി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ഫാഫ്- പടിദാര്‍ സഖ്യം 105 റണ്‍സ് കൂട്ടിചേര്‍ത്തു.

sunrisers hyderabad need 193 runs to win against rcb

മുംബൈ: ഐപിഎല്ലില്‍ (IPL 2022) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനതിരായ (RCB) മത്സത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് (SRH) 193 റണ്‍സ് വിജയലക്ഷ്യം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ആര്‍സിബിക്ക് ഫാഫ് ഡു പ്ലെസിസ് (പുറത്താവാതെ 70) രജത് പടിദാര്‍ (48) എന്നിവരുടെ ഇന്നിംഗ്‌സാണ് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. എട്ട് പന്തില്‍ പുറത്താവാതെ 30 നേടിയ ദിനേശ് കാര്‍ത്തികും നിര്‍ണായക സംഭാവന നല്‍കി. വിരാട് കോലി നേരിട്ട ആദ്യ പന്തില്‍ തന്നെ മടങ്ങി. ജഗദീഷ സുജിത് രണ്ട് വിക്കറ്റ് വീഴ്ത്തി. 

കോലി ഒരിക്കല്‍ കൂടി നിരാശപ്പെടുത്തുന്നതാണ് വാംഖഡെയില്‍ കണ്ടത്. സുജിത്തിന്റെ ആദ്യ പന്തില്‍ തന്നെ കോലി കെയ്ന്‍ വില്യംസണ് ക്യാച്ച് നല്‍കി മടങ്ങി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ഫാഫ്- പടിദാര്‍ സഖ്യം 105 റണ്‍സ് കൂട്ടിചേര്‍ത്തു. ബാംഗ്ലൂരിന്റെ ഇന്നിംഗ്‌സിലെ നട്ടെല്ല് ഈ കൂട്ടുകെട്ടായിരുന്നു. എന്നാല്‍ പടിദാറിനെ പുറത്താക്കി സുജിത് ഹൈദരാബാദിന് ബ്രേക്ക് ത്രൂ നല്‍കി. 

നാലാമനായി ക്രീസിലെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ 24 പന്തില്‍ 33 റണ്‍സുമായി നിര്‍ണായക സംഭാവന നല്‍കി. എന്നാല്‍ കാര്‍ത്തിക് ത്യാഗിക്ക് വിക്കറ്റ് നല്‍കി മാക്‌സ്‌വെല്ലും പവലിയനില്‍ തിരിച്ചെത്തി. അവസാന ഓവറില്‍ ദിനേശ് കാര്‍ത്തിക് നടത്തിയ വെടിക്കെട്ടാണ് സ്‌കോര്‍ 180 കടത്തിയത്. നാല് സിക്‌സും ഒരു ഫോറുമാണ് കാര്‍ത്തികിന്റെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നത്. ഫാഫ് 50 പന്തില്‍ രണ്ട് സിക്‌സും എട്ട് ഫോറും നേടി. അവസാന ഓവറില്‍ 25 റണ്‍സാണ് ആര്‍സിബി അടിച്ചെടുത്തത്. ഇതില്‍ 22 റണ്‍സും കാര്‍ത്തികിന്റെ ബാറ്റില്‍ നിന്നായിരുന്നു.

കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളോടെയാണ് ഹൈദരാബാദ് ഇന്നിറങ്ങുന്നത്. ഹൈദരാബാദ് ടീമില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുളള ഇടം കൈയന്‍ പേസര്‍ ഫസലാഖ് ഫാറൂഖി അരങ്ങേറ്റം കുറിക്കുന്നു. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ശ്രേയസ് ഗോപാലിന് പകരം ജെ സുജിത്തും ഹൈദരാബാദ് ടീമിലെത്തി. എന്നാല്‍ മലയാളി താരം വിഷ്ണു വിനോദിന് ഇന്നും ബാറ്റിംഗ് നിരയില്‍ അവസരം ലഭിച്ചില്ല. അതേസമയം, കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ ബാംഗ്ലൂര്‍ മാറ്റങ്ങളൊന്നും വരുത്താതെയാണ് ഇന്നിറങ്ങുന്നത്.

11 കളിയില്‍ 12 പോയിന്റുള്ള ബാംഗ്ലൂരിനും 10 കളിയില്‍ 10 പോയിന്റുള്ള ഹൈദരാബാദിനും പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ വിജയം അനിവാര്യമാണ്. ആദ്യ ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബാംഗ്ലൂരിനെ 100 പന്തുകള്‍ പോലും തികച്ച് കളിപ്പിക്കാതെ 68 റണ്‍സിന് എറിഞ്ഞിട്ട് ഹൈദരാബാദ് നാണംകെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ ബാംഗ്ലൂരിന് ഇത് അഭിമാനപ്പോരാട്ടമാണ്. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്.

മറുവശത്ത് രണ്ട് തോല്‍വികളോടെ സീസണ്‍ തുടങ്ങിയ ഹൈദരാബാദ് പിന്നീട് തുടര്‍ച്ചയായി അഞ്ച് കളികള്‍ ജയിച്ച് അത്ഭുതം കാട്ടി. എന്നാല്‍ അവസാനം കളിച്ച മൂന്ന് കളികളിലും ഹൈദരാബാദിന് തോല്‍വിയായിരുന്നു ഫലം. ഇന്ന് ജയിച്ചില്ലെങ്കില്‍ ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ മങ്ങും.

Latest Videos
Follow Us:
Download App:
  • android
  • ios