നിങ്ങളുമായി ഞങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല! ഡേവിഡ് വാര്‍ണറെ ബ്ലോക്ക് ചെയ്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
വാര്‍ണറുടെ ഒരു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് ചര്‍ച്ചയായിരിക്കുന്നത്. ഐപിഎല്‍ താരലേലത്തില്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായ പാറ്റ് കമ്മിന്‍സ്, ട്രാവിസ് ഹെഡ് എന്നിവരെ സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയിരുന്നു.
സിഡ്‌നി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരിക്കല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനായിരുന്നു ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. 2016ല്‍ അവര്‍ കിരീടം നേടിയതും വാര്‍ണര്‍ക്ക് കീഴിലായിരുന്നു. എന്നാല്‍ 2022 മെഗാ താരലേലത്തിന് മുമ്പായി വാര്‍ണറെ ഹൈദരാബാദ് ഒഴിവാക്കി. അതിന് മുമ്പ് അദ്ദേഹത്തെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പിന്നാലെ വാര്‍ണര്‍ ഡല്‍ഹി കാപിറ്റല്‍സ് സ്വന്തമാക്കി. നിലവില്‍ ടീമിന്റെ ക്യാപ്റ്റനാണ് വാര്‍ണര്‍.
ഇപ്പോള്‍ വാര്‍ണറുടെ ഒരു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് ചര്‍ച്ചയായിരിക്കുന്നത്. ഐപിഎല്‍ താരലേലത്തില്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായ പാറ്റ് കമ്മിന്‍സ്, ട്രാവിസ് ഹെഡ് എന്നിവരെ സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയിരുന്നു. 20.50 കോടിക്കാണ് സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്. ട്രാവിസ് ഹെഡിന് 6.8 കോടിയും നല്‍കി. ഇരുവരേയും അഭിനന്ദിച്ച് വാര്‍ണര്‍ സ്‌റ്റോറിയുമായെത്തി. സ്‌റ്റോറി പോസ്റ്റ് ചെയ്യുമ്പോള്‍ ഫ്രാഞ്ചൈസിയുടെ പേരും നല്‍കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പരാജയപ്പെടുകയാണുണ്ടായത്. പിന്നീടാണ് കാര്യം മനസിലാകുന്നത്. സണ്‍റൈസേഴ്‌സ് വാര്‍ണറെ ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നു. സണ്‍റൈസേഴ്‌സിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വരുന്ന പോസ്റ്റുകള്‍ കാണാനോ അവരുടെ പേര് മെന്‍ഷന്‍ ചെയ്യാനോ വാര്‍ണര്‍ക്ക് കഴിയില്ല. സണ്‍റൈസേഴ്‌സിന്റെ നടപടിയില്‍ ആരാധകരും രോഷം പ്രകടിപ്പിച്ചു.
അതേസമയം, ഓസ്‌ട്രേലിയയുടെ മറ്റൊരു പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയത്. 24.75 കോടി രൂപ മുടക്കിയാണ് കൊല്‍ക്കത്ത സ്റ്റാര്‍ക്കിനെ ടീമിലെത്തിച്ചത്. അത്യന്തം നാടകീയമായ ലേലം വിളിയില്‍ രണ്ട് കോടി രൂപ അടിസ്ഥാനവിലയുള്ള സ്റ്റാര്‍ക്കിനായി തുടക്കത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സുമാണ് ശക്തമായി രംഗത്തുവന്നത്. ഐപിഎല്‍ താരലേല ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമാവാനും സ്റ്റാര്‍ക്കിനായി.
ഒടുവില്‍ സ്റ്റാര്‍ക്കിന്റെ വില ഒമ്പത് കോടി കടന്നതോടെ ഡല്‍ഹി പിന്‍മാറി.ഈ സമയത്താണ് കൊല്‍ക്കത്ത സ്റ്റാര്‍ക്കിനായി രംഗത്തെത്തിയത്. സ്റ്റാര്‍ക്കിന്റെ മൂല്യം കുതിച്ചതോടെ മുംബൈയും പതുക്കെ കളം വിട്ടു. പിന്നീടെത്തിയത് ഗുജറാത്ത് ടൈറ്റന്‍സായിരുന്നു. കൊല്‍ക്കത്തയും ഗുജറാത്തും വിട്ടുകൊടുക്കാന്‍ തയാറാവാതിരുന്നതോടെ സ്റ്റാര്‍ 20 കോടി കടന്നു.