വിരമിച്ചിട്ട് 5 വർഷം, ദക്ഷിണാഫ്രിക്കക്കായി വീണ്ടും ഗ്രൗണ്ടിലിറങ്ങി മിന്നി ഡുമിനി; ഇതെന്ത് മറിമായമെന്ന് ആരാധകർ
മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച് ദക്ഷിണാഫ്രിക്ക പരമ്പര നേടിയിരുന്നതിനാല്‍ മൂന്നാം മത്സരത്തിലെ ഫലം അപ്രസക്തമായിരുന്നു.
അബുദാബി: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അഞ്ച് വര്‍ഷമായെങ്കിലും തന്‍റെ ഫിറ്റ്നെസിനും ഫീല്‍ഡിംഗ് മികവിനുമൊന്നും ഇപ്പോഴും ഒരുകോട്ടവും തട്ടിയിട്ടില്ലെന്ന് തെളിയിച്ച് ദക്ഷിണാഫ്രിക്കൻ മുന്‍ താരവും പരിശീലകനുമായ ജെ പി ഡുമിനി. അയര്‍ലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലായിരുന്നു ഡുമിനി ദക്ഷിണാഫ്രിക്കക്കായി പകരക്കാരനായി ഫീല്‍ഡിംഗിന് ഇറങ്ങിയത്.
അബുദാബിയിലെ ഷെയ്ഖ് സയ്യദ് സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സടിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക 46 ഓവറില്‍ 215 റണ്‍സിന് ഓള്‍ ഔട്ടായി 69 റണ്‍സിന് തോറ്റിരുന്നു. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച് ദക്ഷിണാഫ്രിക്ക പരമ്പര നേടിയിരുന്നതിനാല്‍ മൂന്നാം മത്സരത്തിലെ ഫലം അപ്രസക്തമായിരുന്നു.
അയര്‍ലന്‍ഡ് ഇന്നിംഗ്സ് പുരോഗമിക്കുന്നതിനിടെ അബുദാബിയിലെ കടുത്ത ചൂടില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ കടുത്ത നിര്‍ജ്ജലീകരണം കാരണം തളര്‍ന്നപ്പോഴാണ് ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് കോച്ചായ ജെ പി ഡൂമിനി അയര്‍ലന്‍ഡ് ഇന്നിംഗ്സിലെ അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കക്കായി ഫീല്‍ഡിംഗിന് ഇറങ്ങിയത്. ഷോര്‍ട്ട് തേര്‍ഡില്‍ ഫീല്‍ഡറായി നിന്ന ഡുമിനി ഫീല്‍ഡിലിറങ്ങി വെറുതെ നിന്നില്ല. ആദ്യ പന്തില്‍ തന്നെ ഹാരി ട്രെക്ടറുടെ ടോപ് എഡ്ജ് ഷോര്‍ട്ട് തേര്‍ഡില്‍ പറന്നു പിടിച്ചു. തന്‍റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു മിന്നല്‍ ഫീല്‍ഡിംഗുമായി ഡുമിനി അമ്പരപ്പിച്ചത്.
Coach JP Duminy fielding for South Africa pic.twitter.com/DTppCnT2Cz
— cricket station (@ShayanR84472894) October 7, 2024
ദക്ഷിണാഫ്രിക്കക്കായി 199 ഏകദിനങ്ങളിലും 81 ടി20 മത്സരങ്ങളിലും 46 ടെസ്റ്റുകളിലും കളിച്ചിട്ടുള്ള ഡുമിനി 2019ലാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക