രോഹിത് 40-ാം സ്ഥാനത്ത്! ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യക്ക് തിരിച്ചടി; ദക്ഷിണാഫ്രിക്ക ഇന്ത്യയെ മറികടന്നു
പാകിസ്ഥാനെതിരെ രണ്ട് മത്സരങ്ങളും ജയിച്ചതോടെയാണ് ഇന്ത്യയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ദക്ഷിണാഫ്രിക്ക രണ്ടാമതെത്തിയത്.
ദുബായ്: ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫി പരാജയപ്പെട്ടതോടെ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യക്ക് തിരിച്ചടി. 3-1 പരാജയപ്പെട്ട ഇന്ത്യ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2019-21, 2021-23 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലുകള്‍ കളിച്ച ഇന്ത്യക്ക് 109 റേറ്റിംഗ് പോയിന്റാണുള്ളത്. നിലവില്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ജേതാക്കളായ ഓസ്ട്രേലിയ 126 റേറ്റിംഗ് പോയിന്റുമായി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ്. തൊട്ടുപിന്നില്‍, പാകിസ്ഥാനെതിരെ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ദക്ഷിണാഫ്രിക്ക. 112 പോയിന്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക്.
പാകിസ്ഥാനെതിരെ രണ്ട് മത്സരങ്ങളും ജയിച്ചതോടെയാണ് ഇന്ത്യയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ദക്ഷിണാഫ്രിക്ക രണ്ടാമതെത്തിയത്. 10 വര്‍ഷത്തിനിടെ ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റ് പരമ്പര വിജയം ഓസ്ട്രേലിയയെ ഒന്നാം നമ്പര്‍ ടെസ്റ്റ് റാങ്കിംഗ് നിലനിര്‍ത്താന്‍ സഹായിച്ചു എന്ന് മാത്രമല്ല, തുടര്‍ച്ചയായ രണ്ടാം സീസണിലും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടാനും സഹായിച്ചു. ജൂണ്‍ 11 മുതല്‍ 15 വരെ ലോര്‍ഡ്സിലാണ് ഫൈനല്‍. അതേസമയം, ദക്ഷിണാഫ്രിക്ക ആദ്യമായിട്ടാണ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടുന്നത്. ഓസ്ട്രേലിയക്ക് ജയിക്കാന്‍ സാധിച്ചാല്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് നിലനിര്‍ത്തുന്ന ആദ്യ ടീമായി ഓസീസ് മാറും.
ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകളാണ് ഐസിസി റാങ്കിംഗില്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍. ശ്രീലങ്ക ആറാം സ്ഥാനത്തുണ്ട്. ദക്ഷിണാഫ്രിക്കയോട് തോറ്റതോടെ പാകിസ്ഥാന്‍ ഏഴാം സ്ഥാനത്ത്. വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, അയര്‍ലന്‍ഡ്, സിംബാബ്‌വെ, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ യഥാക്രമം എട്ട് മുതല്‍ 12 വരെയുള്ള സ്ഥാനങ്ങളില്‍.
ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഇംഗ്ലണ്ട് താരം ജോ റൂട്ട് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക്, ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണ്‍ മൂന്നാം സ്ഥാനത്ത്. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യന്‍ താരം യശസ്വി ജയ്‌സ്വാള്‍ നാലാം സ്ഥാനത്ത്. ഇന്ത്യക്കെതിരെ അവസാന രണ്ട് മത്സരങ്ങളില്‍ നിരാശതപ്പെടുത്തിയ ഓസീസ് താരം ട്രാവിസ് ഹെഡ് അഞ്ചാം സ്ഥാനത്തേക്ക് വീണു. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സൗദ് ഷക്കീല്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആറാമെത്തി. സ്റ്റീവന്‍ സ്മിത്ത് ഏഴാമതാണ്.
സ്മിത്തും മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. കാമിന്ദു മെന്‍ഡിസ്, തെംബ ബവൂമ, ഡാരില്‍ മിച്ചല്‍ എന്നിവര്‍ എട്ട് മുതല്‍ 10 വരെ. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 40-ാം സ്ഥാനത്താണ്. വിരാട് കോലി 24-ാം സ്ഥാനത്തും. ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്ര ഒന്നാമത് തുടരുന്നു.