പാകിസ്ഥാനെ തൂത്തുവാരിയതിന് പിന്നാലെ ഇന്ത്യയുടെ റെക്കോഡിനൊപ്പമെത്തി ദക്ഷിണാഫ്രിക്ക; കൂടെ ന്യൂസിലന്‍ഡും
സ്വന്തം നാട്ടില്‍ തുടര്‍ച്ചയായി നാലാം ടെസ്റ്റ് പരമ്പരയാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കുന്നത്.
കേപ്ടൗണ്‍: പാകിസ്ഥാനെതിരെ ടെസ്റ്റ് പരമ്പര തൂത്തുവാരിയിരുന്നു ദക്ഷണാഫ്രിക്ക. കേപ്ടൗണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ പത്ത് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. ആദ്യ മത്സരം ജയിച്ച് നേരത്തെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചിരുന്നു ദക്ഷിണാഫ്രിക്ക. സ്വന്തം നാട്ടില്‍ തുടര്‍ച്ചയായി നാലാം ടെസ്റ്റ് പരമ്പരയാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കുന്നത്. ജയത്തോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി ഏഴ് മത്സരങ്ങള്‍ ജയിച്ച ഇന്ത്യയുടെ റെക്കോര്‍ഡിനൊപ്പമെത്താനും ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. ഇന്ത്യക്ക് പുറമെ ന്യൂസിലന്‍ഡും തുടര്‍ച്ചയായി ഏഴ് മത്സരങ്ങള്‍ ജയിച്ച ടീമാണ്.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ തുടര്‍ച്ചയായ വിജയങ്ങള്‍
ഇന്ത്യ - 7 (2019 - 21)
ന്യൂസിലന്‍ഡ് - 7 (2019 - 21)
ദക്ഷിണാഫ്രിക്ക - 7 (2023 - 25)
ഓസ്ട്രേലിയ - 6 (2019 - 21)
ഇന്ത്യ - 6 (2023-25)
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെ 40 റണ്‍സിന് തോല്‍പ്പിച്ചതോടെയാണ് ദക്ഷിണാഫ്രിക്കയുടെ നിലവിലെ വിജയക്കുതിപ്പ് ആരംഭിച്ചത്. ഒക്ടോബറില്‍ ദക്ഷിണാഫ്രിക്ക രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ബംഗ്ലാദേശില്‍ പര്യടനം നടത്തി, മിര്‍പൂരില്‍ നടന്ന ആദ്യ പരമ്പര 7 വിക്കറ്റിനും ചിറ്റഗോംഗില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 273 റണ്‍സിനും ദക്ഷിണാഫ്രിക്ക വിജയിച്ചു. രണ്ട് എവേ പരമ്പരകള്‍ക്ക് ശേഷം, നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ശ്രീലങ്ക, ദക്ഷിണാഫ്രിക്കയിലെത്തി. ഡര്‍ബനില്‍ നടന്ന മത്സരങ്ങള്‍ യഥാക്രമം 233, 109 റണ്‍സിന് ദക്ഷിണാഫ്രിക്ക ജയിക്കുകയായിരുന്നു. പിന്നാലെ പാകിസ്ഥാനെതിതിരായ രണ്ട് ജയങ്ങളും.
ക്യാപ്റ്റനെന്ന നിലയില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിച്ച റെക്കോഡ് വിരാട് കോലിയുടെ പേരിലാണ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ആദ്യ പതിപ്പിലെ ആദ്യ ഏഴ് മത്സരങ്ങളിലും കോലി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.