സൗരവ് ഗാംഗുലിയുടെ സുരക്ഷ വര്‍ധിപ്പിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍; ഇനി ഇസെഡ് കാറ്റഗറി സുരക്ഷ
ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞശേഷം ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ഡയറക്ടര്‍ പദവി വഹിക്കുകയാണ് ഗാംഗുലി ഇപ്പോള്‍. ഇതിനുശേഷം 21ന് കൊല്‍ക്കത്തയില്‍ തിരിച്ചെത്തുമ്പോള്‍ മുതല്‍ ഗാംഗുലിക്ക് ഇസെഡ് കാറ്റഗറി സുരക്ഷ ലഭ്യമാകുമെന്ന് കൊല്‍ക്കത്ത പൊലീസ് അറിയിച്ചു.
കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയുടെ സുരക്ഷ വര്‍ധിപ്പിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. സൗരവ് ഗാംഗുലിയുടെ സുരക്ഷ 'വൈ' കാറ്റഗറിയില്‍ നിന്ന് 'ഇസെഡ്' കാറ്റഗറി ആയാണ് ഉയര്‍ത്തിയത്. സൗരവ് ഗാംഗുലിക്ക് നല്‍കിയിരുന്ന വൈ കാറ്റഗറി സുരക്ഷ അവസാനിച്ച പശ്ചാത്തലത്തില്‍ ചേര്‍ന്ന പുനരാലോചനാ സമിതി യോഗത്തിലാണ് ഇസെഡ് കാറ്റഗറി സുരക്ഷ നല്‍കാനുള്ള പുതിയ തീരുമാനം.
ഇസെഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്നതോടെ ഗാംഗുലിക്ക് എട്ട് മുതല്‍ പത്ത് വരെ പൊലീസുകാരുടെ സുരക്ഷയാണ് ലഭ്യമാകുക. വൈ കാറ്റഗറി സുരക്ഷയുണ്ടായിരുന്നപ്പോള്‍ സ്പെഷല്‍ ബ്രാഞ്ചില്‍ നിന്നുള്ള മൂന്ന് പൊലീസുകാരുടെ സേവനം ഗാംഗുലിക്കും മൂന്ന് പൊലീസുകാരുടെ സേവനം ഗാംഗുലിയുടെ ബെഹാലയിലുള്ള വീടിനും ലഭ്യമാക്കിയിരുന്നു.
ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞശേഷം ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ഡയറക്ടര്‍ പദവി വഹിക്കുകയാണ് ഗാംഗുലി ഇപ്പോള്‍. ഇതിനുശേഷം 21ന് കൊല്‍ക്കത്തയില്‍ തിരിച്ചെത്തുമ്പോള്‍ മുതല്‍ ഗാംഗുലിക്ക് ഇസെഡ് കാറ്റഗറി സുരക്ഷ ലഭ്യമാകുമെന്ന് കൊല്‍ക്കത്ത പൊലീസ് അറിയിച്ചു.
ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഗവര്‍ണര്‍ സി വി ആനന്ദബോസ്, തൃണമൂല്‍ എംപിയും ദേശീയ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജി എന്നിവര്‍ക്ക് ഇസെഡ് പ്ലസ് സുരക്ഷയാണുള്ളത്. മന്ത്രിമാര്‍ക്കും ഇസെഡ് കാറ്റഗറി സുരക്ഷ നല്കുമ്പോള് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജൂംദാറിന് സിഐഎസ്എഫ് ജവാന്മാരുടെ സുരക്ഷക്കൊപ്പം ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് നല്‍കുന്നത്.
ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞശേഷം ഐപിഎല്‍ ചെയര്മാന് സ്ഥാനം വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും ഗാംഗുലി അത് നിരസിക്കുകയായിരുന്നു. പിന്നീടാണ് ബിസിസിഐ പ്രസിഡന്റാവുന്നതിന് മുമ്പ് വഹിച്ച ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മെന്റര്‍ സ്ഥാനത്തേക്ക് ഗാംഗുലി തിരിച്ചെത്തിയത്.