പരിക്കിന് ശേഷമുള്ള തിരിച്ചുവരവ്; റിഷഭ് പന്തിന് ഏറ്റവും നിര്‍ണായക ഉപദേശവുമായി ഗാംഗുലി
പരിക്ക് പൂര്‍ണമായും മാറാന്‍ വേണ്ട സമയമെടുക്കണം എന്നാണ് റിഷഭ് പന്തിനോട് സൗരവ് ഗാംഗുലിയുടെ ഉപദേശം
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റില്‍ താരങ്ങളുടെ പരിക്കും ചികില്‍സകള്‍ സംബന്ധിച്ചുള്ള വിവാദങ്ങളും സജീവമാണ്. പരിക്ക് പൂര്‍ണമായും മാറാതെ താരങ്ങള്‍ കളിക്കാനിറങ്ങുന്നതായി ആരോപണം നേരത്തെ പുറത്തുവന്നിരുന്നു. ഏഴ് മാസത്തോളമായിട്ടും ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പേസര്‍ ജസ്‌പ്രീത് ബുമ്രയുടെ പരിക്ക് പൂര്‍ണമായും ഭേദപ്പെടുത്താനായില്ല. ഇതിന് ശേഷം ബുമ്ര മറ്റ് വഴികളില്ലാതെ ശസ്‌ത്രക്രിയക്ക് വിധേയനായി. ശ്രേയസ് അയ്യരുടെ പരിക്കും സമാനമായി തുടരുന്നു. കാറപകടത്തില്‍ കാലിന് ഗുരുതരമായി പരിക്കേറ്റ റിഷഭ് പന്തിന് ഇതോടെ ഒരു ഉപദേശം നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകനും മുന്‍ ബിസിസിഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലി.
പരിക്ക് പൂര്‍ണമായും മാറാന്‍ വേണ്ട സമയമെടുക്കണം എന്നാണ് റിഷഭ് പന്തിനോട് സൗരവ് ഗാംഗുലിയുടെ ഉപദേശം. 'ദേശീയ ടീം റിഷഭ് പന്തിനെ മിസ്സ് ചെയ്യുന്നുണ്ട് എന്ന് എനിക്കറിയാം. യുവതാരമായതിനാല്‍ ഏറെക്കാലം കരിയര്‍ ബാക്കിയുണ്ട്. അദേഹമൊരു സ്‌പെഷ്യല്‍ പ്ലെയറാണ്. അതിനാല്‍ പരിക്ക് പൂര്‍ണമായും മാറാനുള്ള സമയം റിഷഭ് കണ്ടെത്തണം. റിഷഭിന്‍റെ പരിക്ക് ഭേദമാകട്ടേയെന്ന് എല്ലാ ആശംസയും നേരുന്നു. റിഷഭിനെ നേരില്‍ കാണുമെന്നും' സൗരവ് ഗാംഗുലി വ്യക്തമാക്കി. ഐപിഎല്ലില്‍ റിഷഭ് പന്ത് നായകനായ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ക്രിക്കറ്റ് ഡയറക്‌ടറാണ് ഗാംഗുലി.
2022 ഡിസംബര്‍ 30നുണ്ടായ കാറപകടത്തിലാണ് റിഷഭ് പന്തിന്‍റെ വലത്തേ കാലിന് ഗുരുതരമായി പരിക്കേറ്റത്. അമ്മയെ കാണാനായി ദില്ലിയില്‍ നിന്ന് റൂര്‍ക്കിയിലേക്കുള്ള യാത്രയ്‌ക്കിടെയുണ്ടായായിരുന്നു അപകടം. റിഷഭ് സഞ്ചരിച്ച കാര്‍ ഇടിച്ച ശേഷം തീപ്പിടിച്ചു. എന്നാല്‍ അത്ഭുതകരമായി രക്ഷപ്പെട്ട താരത്തെ ആദ്യം പ്രാഥമിക ചികില്‍സയ്‌ക്കായി തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ മാക്‌സ് ഡെറാഡൂണ്‍ ആശുപത്രിയിലേക്കും അവിടുന്ന് ബിസിസിഐ ഇടപെട്ട് വിദഗ്‌ധ ചികില്‍സയ്ക്കായി മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയിലേക്കും മാറ്റി. എയര്‍ ലിഫ്റ്റ് ചെയ്‌താണ് താരത്തെ മുംബൈയിലെ ആശുപത്രിയിലെത്തിച്ചത്.
ഇവിടെ ബിസിസിഐ മെഡിക്കല്‍ സംഘത്തിന്‍റെ മേല്‍നോട്ടത്തില്‍ സ്പോര്‍ട്‌സ് മെഡിസിന്‍ വിദഗ്‌ധനായ ഡോ. ദിന്‍ഷാ പര്‍ദിവാലയുടെ നേതൃത്വത്തിലായിരുന്നു താരത്തിന്‍റെ ശസ്ത്രക്രിയ. കാല്‍മുട്ടിലെ ശസ്‌ത്രക്രിയക്ക് ശേഷം തുടര്‍ ചികില്‍സകളുമായി വീട്ടില്‍ കഴിയുകയാണ് റിഷഭ് പന്തിപ്പോള്‍.
റിഷഭ് പന്തിന് പകരക്കാരായി, ഒടുവില്‍ പന്തിനെ തന്നെ മറികടന്ന് നേട്ടം സ്വന്തമാക്കി കെ എല്‍ രാഹുല്‍