എല്ലാം തുടക്കം മാത്രം! ആത്മവിശ്വാസം പ്രകടിപ്പിച്ച് റാഷിദ് ഖാന്‍; അഫ്ഗാന്‍ വീര്യത്തെ വാഴ്ത്തി സോഷ്യല്‍ മീഡിയ
ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലന്‍ഡിനേയും സൂപ്പര്‍ എട്ടില്‍ ഓസ്‌ട്രേലിയയേയും വീഴ്ത്തിയാണ് അഫ്ഗാന്‍ സെമിയില്‍ പ്രവേശിച്ചത്.
ട്രിനിഡാഡ്: ടി20 ലോകകപ്പ് സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റെങ്കിലും അഫ്ഗാനിസ്ഥാന്‍ മടങ്ങുന്നത് തലയുയര്‍ത്തി. ചരിത്രലാദ്യമായി ഒരു ഐസിസി ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചാണ് അഫ്ഗാന്‍ മടങ്ങുന്നത്. ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒമ്പത് വിക്കറ്റിനാണ് അഫ്ഗാനിസ്ഥാന്‍ പരാജയപ്പെട്ടത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ 11.5 ഓവറില്‍ 56ന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 8.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലന്‍ഡിനേയും സൂപ്പര്‍ എട്ടില്‍ ഓസ്‌ട്രേലിയയേയും വീഴ്ത്തിയാണ് അഫ്ഗാന്‍ സെമിയില്‍ പ്രവേശിച്ചത്. അതുകൊണ്ട് ആരാധകര്‍ നെഞ്ചേറ്റുകയാണ് അഫ്ഗാന്‍ ടീമിനെ. മത്സരശേഷം അഫ്ഗാന്റെ വിജയത്തെ കുറിച്ച് റാഷിദ് സംസാരിക്കുന്നുമുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഈ ടൂര്‍ണമെന്റ് ഞങ്ങള്‍ ആസ്വദിച്ചു. ദക്ഷിണാഫ്രിക്ക പോലെ കരുത്തരായ ടീമിനോടാണ് പരാജയപ്പെട്ടതെന്ന് അംഗീകരിക്കുന്നു. ഇതൊരു തുടക്കം മാത്രമാണ്. ഏത് ടീമിനേയും തോല്‍പ്പിക്കാനുള്ള ആത്മവിശ്വാസമുണ്ട്. ഒരുപാട് കാര്യങ്ങള്‍ പഠിച്ചാണ് ഈ ലോകകപ്പില്‍ നിന്ന് ഞങ്ങള്‍ മടങ്ങുന്നത്. ഞങ്ങള്‍ കഴിവുണ്ട്. കഠിനാധ്വാനം ചെയ്തുകൊണ്ട് ഞങ്ങള്‍ മടങ്ങിവരും, പ്രത്യേകിച്ച് ബാറ്റിംഗില്‍. ഞങ്ങള്‍ മികച്ച വിജയങ്ങള്‍ സ്വന്തമാക്കാന്‍ ഈ ലോകകപ്പിലൂടെ സാധിച്ചു. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വേണ്ട വിധത്തില്‍ ബാറ്റ് ചെയ്യാന്‍ സാധിച്ചില്ല. ടി20 ക്രിക്കറ്റ് അങ്ങനെയാണ്. എല്ലാ സാഹചര്യങ്ങളിലും കളിക്കാന്‍ തയ്യാറായിരിക്കണം.'' റാഷിദ് വ്യക്തമാക്കി. ടീമിന്റെ പ്രകടനത്തെ പ്രകീര്‍ത്തിച്ച് എക്‌സില്‍ വന്ന ചില പോസ്റ്റുകള്‍ വായിക്കാം...
പതിനാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഐസിസിയുടെ ലോക ക്രിക്കറ്റ് ലീഗിലെ ഡിവിഷന്‍ സിയില്‍ കളിക്കുന്ന രാജ്യമായിരുന്നു അഫ്ഗാനിസ്ഥാന്‍. ജപ്പാന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളുടെ നിരയിലായിരുന്നു അന്ന് അഫ്ഗാന്റെ സ്ഥാനം. അവിടെ നിന്നാണ് റാഷിദ് ഖാനും സംഘവും ആരാധകരെ വിസ്മയിപ്പിക്കുന്നത്. റാഷിദ് ഖാന്‍ എന്നെ ഓള്‍റൗണ്ടറെ ചുറ്റിപ്പറ്റിയാണ് അഫ്ഗാന്‍ ടീമെന്ന പതിവ് പരിഹാസത്തിന് ഈ ലോകകപ്പ് മറുപടി നല്‍കിയതായി കാണാം.
പിച്ചിന്റെ ഗതിയനുസരിച്ച് ബാറ്റ് ചെയ്യാനാകുന്ന താരങ്ങള്‍ ടീമിലേറെ. ലോകത്തര നിലവാരത്തിലേക്ക് ഉയര്‍ന്ന പേസര്‍മാര്‍ മറ്റൊരു സവിശേഷത. കോച്ചിംഗ് സ്റ്റാഫുകളായ ജൊനാഥന്‍ ട്രോട്ട്, ഡെയ്ന്‍ ബ്രാവോ എന്നിവരുടെ തന്ത്രങ്ങളും അഫ്ഗാന്റെ കരുത്താണ്. ഓസ്‌ട്രേലിയ അടക്കമുള്ള വമ്പന്‍ ടീമുകളെ മുട്ടുകുത്തിച്ച് ലോക ക്രിക്കറ്റില്‍ അഫ്ഗാന്‍ ഇനി കരുത്തരുടെ പട്ടികയിലുണ്ടാകും.