കോലി മുതല്‍ സഞ്ജുവരെ വീണു; ഐപിഎല്ലില്‍ ആരാധകരെ അമ്പരപ്പിച്ച 6 അമ്പയറിംഗ് അബദ്ധങ്ങള്‍

ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ സഞ്ജു ബൗണ്ടറിയിലേക്ക് അടിച്ച പന്ത് ഷായ് ഹോപ്പ് കൈയിലൊതുക്കിയെങ്കിലും നിയന്ത്രണം തെറ്റി കാല്‍ ബൗണ്ടറി കുഷ്യനില്‍ തട്ടുന്നതായി സംശയം ഉയര്‍ന്നിട്ടും കൂടുതല്‍ ആംഗിളുകളോ ക്ലോസപ്പ് ദൃശ്യങ്ങളോ പരിശോധിക്കാതെ ടിവി അമ്പയര്‍ സഞ്ജുവിനെ ഔട്ട് വിധിച്ചു.

Six controversial umpire calls in IPL 2024; from Sanju Samson's out to Virat Kohli's dismissal

ദില്ലി: ഐപിഎല്ലില്‍ ഇന്നലെ നടന്ന ഡല്‍ഹി ക്യാപിറ്റല്‍സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ സഞ്ജു സാംസണിന്‍റെ വിവാദ ക്യാച്ചിനെച്ചൊല്ലിയുള്ള തര്‍ക്കം അവസാനിച്ചിട്ടില്ല. സ്മാര്‍ട് റിവ്യു സിസ്റ്റം നടപ്പാക്കി അമ്പയറിംഗ് തീരുമാനങ്ങള്‍ കൂടുതല്‍ വേഗത്തിലും സുതാര്യവുമാക്കുമെന്നായിരുന്നു ബിസിസിഐ ഐപിഎല്ലിന് മുമ്പേ പറഞ്ഞിരുന്നത്.  സ്മാര്‍ട് റിവ്യു സിസ്റ്റം നടപ്പാക്കിയതോടെ മുന്‍ ഐപിഎല്ലുകളിലൊന്നും ഉണ്ടാവാതിരുന്നതിനെക്കാള്‍ ഭീമാബദ്ധങ്ങളാണ് ഇത്തവണ ഐപിഎല്ലില്‍ ടിവി അമ്പയര്‍മാരുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് വസ്തുത. അതില്‍ മൂന്നിലും സഞ്ജു സാംസണ്‍ ഭാഗമായിരുന്നുവെന്നാണ് മറ്റൊരു കൗതുകകരമായ വസ്തുത.

അതില്‍ അവസാനത്തേത് അയിരുന്നു സഞ്ജു സാംസണെ പുറത്താക്കിയ വിവാദ ക്യാച്ച്. തീരുമാനങ്ങള്‍ വേഗത്തിലാക്കാനാണ് സ്മാര്‍ട്ട് റിവ്യു സിസ്റ്റം നടപ്പാക്കിയതെങ്കിലും വൈഡ് റിവ്യു പോലും രണ്ടും മൂന്നും മിനിറ്റും എടുക്കുന്ന സംഭവങ്ങളും ഉണ്ടായി.ഈ സീസണിൽ വിവാദമായ അഞ്ച് അമ്പയറിംഗ് അബദ്ധങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

സഞ്ജുവിനോട് കയറിപ്പോകാന്‍ ആക്രോശിച്ചതിൽ വിശദീകരണവുമായി ഡല്‍ഹി ടീം ഉടമ, 'മുതലാളി'യുടെ വായടപ്പിച്ച് ആരാധകരും

സഞ്ജുവിന്‍റെ പുറത്താകല്‍: ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ സഞ്ജു ബൗണ്ടറിയിലേക്ക് അടിച്ച പന്ത് ഷായ് ഹോപ്പ് കൈയിലൊതുക്കിയെങ്കിലും നിയന്ത്രണം തെറ്റി കാല്‍ ബൗണ്ടറി കുഷ്യനില്‍ തട്ടുന്നതായി സംശയം ഉയര്‍ന്നിട്ടും കൂടുതല്‍ ആംഗിളുകളോ ക്ലോസപ്പ് ദൃശ്യങ്ങളോ പരിശോധിക്കാതെ ടിവി അമ്പയര്‍ സഞ്ജുവിനെ ഔട്ട് വിധിച്ചു. നിര്‍ണായക സമയത്ത് സഞ്ജു പുറത്തായത് രാജസ്ഥാനെ തോല്‍വിയിലേക്ക് തള്ളിവിടുകയും ചെയ്തു. അമ്പയറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച സഞ്ജുവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി.

വിരാട് കോലിയുടെ പുറത്താകല്‍: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ വിരാട് കോലി ഹര്‍ഷിത് റാണയുടെ ഫുള്‍ട്ടോസ് നോ ബോളില്‍ പുറത്തായിട്ടും അമ്പയര്‍ ഔട്ട് വിധിച്ചു. ടിവി റീപ്ലേ കണ്ടശേഷം ടിവി അമ്പയര്‍ ഔട്ട് വിധിച്ചെങ്കിലും കോലി ഔട്ടായ പന്ത് നോ ബോളാണെന്ന് റീപ്ലേകളില്‍ കാണാമായിരുന്നു. അമ്പയറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച കോലിക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തി.

ഐപിഎല്ലിൽ രോഹിത്തും കോലിയും ധോണിയും കഴിഞ്ഞാല്‍ പിന്നെ സഞ്ജു; ഇതിഹാസങ്ങള്‍ക്കൊപ്പം റെക്കോര്‍ഡുമായി മലയാളി താരം

സഞ്ജുവിനെതിരായ വൈഡ് കോള്‍: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ മോഹിത് ശര്‍മ സ‍ഞ്ജുവിന് എറിഞ്ഞ പന്ത് ഓണ്‍ ഫീല്‍ഡ് അമ്പയര്‍ വൈഡ് വിളിച്ചപ്പോള്‍ ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍ റിവ്യു എടുത്തു. റീപ്ലേ പരിശോധിച്ച ടിവി അമ്പയര്‍ മലയാളിയായ അനന്തപദ്മനാഭന്‍ ലൈവില്‍ പറഞ്ഞത്, വൈഡ് അനുവദിക്കാത്ത താങ്കളുടെ തീരുമാനം ശരിയാണെന്നായിരുന്നു. നേരത്തെ വൈഡ് അനുവദിച്ച അമ്പയര്‍ ആകെ ആശയക്കുഴപ്പത്തില്‍ നില്‍ക്കെ വീണ്ടും റീപ്ലേ കണ്ടശേഷം വൈഡാണെന്ന് വിധിക്കുകയും ചെയ്തു.

ഇഷാന്ത് ശര്‍മയുടെ പന്തിലെ വൈഡ് കോള്‍: ലഖ്നൗ താരമായ ദേവ്ദത്ത് പടിക്കലിന്‍റെ ലെഗ് സ്റ്റംപില്‍ ഇഷാന്ത് ശര്‍മ എറിഞ്ഞ പന്ത് അമ്പയര്‍ വൈഡ് വിളിക്കുന്നു. വൈഡിനെതിരെ റിവ്യു എടുക്കണോ എന്ന് റിഷഭ് പന്ത് ഇഷാന്തിനോട് കൈ കൊണ്ട് ആംഗ്യം കാണിച്ച് ചോദിക്കുകയും അത് റിവ്യു എടുക്കാനാണെന്ന് തെറ്റിദ്ധരിച്ച് അമ്പയര്‍ റിവ്യു അനുവദിക്കുകയും ചെയ്യുന്നു. റിവ്യുവിലും ആ പന്ത് വൈഡായിരുന്നു. എന്നാല്‍ താന്‍ റിവ്യു എടുത്തില്ലെന്നും ബൗളറോട് ചോദിക്കുകയാണ് ചെയ്തതെന്നും പന്ത് വാദിച്ചെങ്കിലും അമ്പയര്‍ വഴങ്ങിില്ല.

ആയുഷ് ബദോനിയുടെ റണ്ണൗട്ട്: മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ലഖ്നൗ ജയത്തിലേക്ക് ബാറ്റുവീശവെ ആയുഷ് ബദോനി ക്രീസിലേക്ക് ഡൈവ് ചെയ്ത് വീണിട്ടും അമ്പയര്‍ റണ്ണൗട്ട് വിധിച്ചതും ആരാധകരെ അമ്പരപ്പിച്ചു. ഇഷാന്‍ കിഷന്‍ ബെയില്‍സിളക്കും മുമ്പ് ബദോനി ക്രീസിലേക്ക് വീണെങ്കിലും ബാറ്റ് നിലത്ത് മുട്ടിയില്ലെന്നായിരുന്നു ടിവി അമ്പയറുടെ കണ്ടെത്തല്‍.

ഹെഡിനെ റണ്ണൗട്ടാക്കിയ സഞ്ജു ബ്രില്യന്‍സ്: ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഫ്രണ്ട് ഫൂട്ടിലിറങ്ങി അടിക്കാന്‍ നോക്കിയ ട്രാവിസ് ഹെഡിനെ സഞ്ജു സാംസണ്‍ വിക്കറ്റിന് പിന്നില്‍ നിന്നുള്ള ത്രോയിലൂടെ റണ്ണൗട്ടാക്കിയെങ്കിലും ടിവി അമ്പയര്‍ അത് നോട്ടൗട്ട് വിധിച്ചു. റീപ്ലേകളില്‍ ഹെഡിന്‍റെ ബാറ്റ് വായുവിലാണെന്ന് വ്യക്തമായിട്ടും അമ്പയര്‍ നോട്ടൗട്ട് വിധിച്ചത് ആരാധകര അമ്പരപ്പിച്ചു. എന്നാല്‍ അടുത്ത പന്തില്‍ ആവേശ് ഖാന്‍ ഹെഡിനെ ബൗള്‍ഡാക്കിയതിനാല്‍ തീരുമാനം വലിയ വിവാദമായില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios