മത്സരത്തിനിടെ നെഞ്ചുവേദന; ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം
പൂനെയില്‍ ക്രിക്കറ്റ് മത്സരത്തിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട താരം ഡ്രസിംഗ് റൂമിലേക്ക് മടങ്ങവെ കുഴഞ്ഞുവീഴുകയായിരുന്നു
പൂനെ: ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് താരത്തിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ പൂനെയിലുള്ള ഗര്‍വാരെ സ്റ്റേഡിയത്തില്‍ മത്സരം പുരോഗമിക്കവെ നെഞ്ചുവേദന അനുഭവപ്പെട്ട ഇമ്രാന്‍ പട്ടേല്‍ എന്ന ഓള്‍റൗണ്ടര്‍ക്കാണ് ജീവന്‍ നഷ്‌ടപ്പെട്ടത്. ഇമ്രാന് 35 വയസാണ് പ്രായമെന്നും ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
മത്സരത്തില്‍ തന്‍റെ ടീമിനായി ഓപ്പണിംഗ് ബാറ്ററായി ഇറങ്ങിയത് ഇമ്രാന്‍ പട്ടേലായിരുന്നു. ഒരു ബൗണ്ടറി നേടിയ ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അംപയറുടെ അനുമതിയോടെ ഇമ്രാന്‍ മൈതാനം വിട്ടു. എന്നാല്‍ പവലിയനിലേക്കുള്ള മടക്കിനിടെ താരം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനടി സഹതാരങ്ങള്‍ പാഞ്ഞെത്തി ഇമ്രാന്‍ പട്ടേലിന് പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ ശ്രമിച്ചു. താരത്തെ പെട്ടെന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മത്സരം തത്സമയം സ്ട്രീം ചെയ്‌തിരുന്നതിനാല്‍ ഈ ദാരുണ നിമിഷങ്ങളുടെ വീഡിയോ പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
തനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി ഇമ്രാന്‍ പട്ടേല്‍ ഫീല്‍ഡ് അംപയര്‍മാരോട് പരാതിപ്പെടുന്നത് വീഡിയോയില്‍ കാണാം. ഫീല്‍ഡിംഗ് ടീമിലെ താരങ്ങള്‍ അദേഹത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. പിന്നാലെ ഫീല്‍ഡ് അംപയറുടെ അനുമതിയോടെ ഡ്രസിംഗ് റൂമിലേക്ക് മടക്കാങ്ങാന്‍ ശ്രമിക്കവെ താരത്തിന് നെഞ്ചുവേദന കൂടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഇമ്രാന്‍ പട്ടേലിന് മുമ്പ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നാണ് സഹതാരത്തിന്‍റെ വാക്കുകള്‍ എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
Read more: ഐസിസി ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാന്‍ വേദിയാകുമോ? ഇന്നറിയാം, കര്‍ശന നിലപാടുമായി ബിസിസിഐ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം