കൊവിഡ് വ്യാപനം രൂക്ഷം; ഓക്സിജന്‍ വാങ്ങാനായി 20 ലക്ഷം സംഭാവന ചെയ്ത് ശിഖര്‍ ധവാന്‍
ഐപിഎല്‍ മത്സരത്തിന് ശേഷം പ്രൈസ് മണിയായി ലഭിക്കുന്ന പണവും കൊവിഡ് മഹാമാരിയില്‍ ബുദ്ധിമുട്ടുന്നവര്‍ക്കായി നല്‍കുമെന്ന് ധവാന്‍ വിശദമാക്കിയിട്ടുണ്ട്.
ദില്ലി: ഓക്സിജന്‍ സിലിണ്ടറുകളും ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും വാങ്ങാനായി 20 ലക്ഷം രൂപ സംഭാവന ചെയ്ത് ക്രിക്കറ്റ് താരം ശിഖര്‍ ദവാന്‍. ഓക്സിജനും കോണ്‍സെന്‍ട്രേറ്ററുകളും വാങ്ങുന്ന എന്‍ജിഒയ്ക്കാണ് ശിഖര്‍ ദവാന്‍ പണം നല്‍കിയത്. ഓക്സിജൻ ക്ഷാമം പരിഹരിക്കുന്നകിനായി യുവാക്കൾ തുടങ്ങിയ സംരംഭമാണ് മിഷൻ ഓക്സിജൻ. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒരു കോടി നല്‍കിയ ഓക്സിജന്‍ ഇന്ത്യ എന്ന എന്‍ജിഒ ആണ് ശിഖര്‍ ധവാന്‍റെ സംഭാവനയും സ്വീകരിച്ചിട്ടുളളത്.
ഐപിഎല്‍ മത്സരത്തിന് ശേഷം പ്രൈസ് മണിയായി ലഭിക്കുന്ന പണവും കൊവിഡ് മഹാമാരിയില്‍ ബുദ്ധിമുട്ടുന്നവര്‍ക്കായി നല്‍കുമെന്ന് ധവാന്‍ വിശദമാക്കിയിട്ടുണ്ട്. അഭൂതപൂര്‍വ്വമായ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പരസ്പരം സഹായിക്കാനായി ചെയ്യാവുന്നതെല്ലാം ചെയ്യുകയെന്നത് ഈ സമയത്ത് അത്യാവശ്യമാണെന്ന് ധവാന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. കൊവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും ശിഖര്‍ ധവാന്‍ നന്ദി അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ഏവരും ശ്രമിക്കണമെന്നും ധവാന്‍ ആവശ്യപ്പെട്ടു.
ഉനദ്‌കട്ടിന്‍റെ ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സ് 7.5 കോടി രൂപ കൊവിഡ് സഹായം പ്രഖ്യാപിച്ചിരുന്നു. രാജസ്ഥാനോടൊപ്പം ഡല്‍ഹി ക്യാപിറ്റല്‍സും പഞ്ചാബ് കിംഗ്‌സും സഹായം അറിയിച്ചിട്ടുണ്ട്. പഞ്ചാബ് കിംഗ്‌സിന്‍റെ വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്സ്‌മാന്‍ നിക്കോളാസ് പുരാനും ഐപിഎല്‍ സാലറിയുടെ ഒരു ഭാഗം കൊവിഡ് സഹായമായി നല്‍കുമെന്ന് അറിയിച്ചിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ പാറ്റ് കമ്മിന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ശ്രീവാത്‌സ് ഗോസ്വാമി എന്നിവരും ഐപിഎല്‍ താരങ്ങളില്‍ നിന്ന് സഹായഹസ്‌തവുമായി രംഗത്തെത്തി. മുന്‍താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ബ്രെറ്റ് ലീയും സഹായം അറിയിച്ചവരിലുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona