കൗതുകം കോലിയുടെ പൊസിഷന്‍; നാല് ഇന്ത്യക്കാരുമായി ഷോണ്‍ ടെയ്റ്റിന്‍റെ എക്കാലത്തെയും മികച്ച ഏകദിന ടീം
ഇന്ത്യയിലും ഓസ്ട്രേലിയയിലും നിന്ന് നാല് താരങ്ങള്‍ വീതം ടീമില്‍ ഇടംപിടിച്ചു എന്നത് ശ്രദ്ധേയമാണ്. ഇതിഹാസ താരങ്ങള്‍ നിറഞ്ഞ ടീമില്‍ കോലിയുടെ ബാറ്റിംഗ് പൊസിഷനാണ് മറ്റൊരു കൗതുകം.
സിഡ്‌നി: ക്രിക്കറ്റില്‍ ഓരോ ഫോര്‍മാറ്റിലേയും മികച്ച ടീമിനെ തെരഞ്ഞെടുക്കുക എല്ലാക്കാലത്തും ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്. ഇപ്പോള്‍ ഏകദിനത്തിലെ ഏറ്റവും മികച്ച ഇലവനെ ഓസ്‌ട്രേലിയന്‍ മുന്‍ പേസര്‍ ഷോണ്‍ ടെയ്റ്റ് തെരഞ്ഞെടുത്തപ്പോഴും വലിയ ചര്‍ച്ചയാണ്. വിന്‍ഡീസ് ബാറ്റിംഗ് ജീനിയസ് വിവിയന്‍ റിച്ചാര്‍ഡ്‌സ് ടീമിലില്ല എന്നതാണ് ചര്‍ച്ചയ്ക്ക് ആധാരം. ഇന്ത്യയിലും ഓസ്ട്രേലിയയിലും നിന്ന് നാല് താരങ്ങള്‍ വീതം ടീമില്‍ ഇടംപിടിച്ചു എന്നതും ശ്രദ്ധേയമാണ്. ഇതിഹാസ താരങ്ങള്‍ നിറഞ്ഞ ടീമില്‍ കോലിയുടെ ബാറ്റിംഗ് പൊസിഷനാണ് മറ്റൊരു കൗതുകം.
'സ്‌പോര്‍ട്‌സ്‌കീഡ'യ്ക്കായി ഷോണ്‍ ടെയ്റ്റ് തെരഞ്ഞെടുത്ത ടീമിന്റെ ഓപ്പണര്‍മാര്‍ വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട താരങ്ങളാണ്. ഓസീസ് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആദം ഗില്‍ക്രിസ്റ്റും ഇന്ത്യന്‍ ഇതിഹാസം വീരേന്ദര്‍ സെവാഗുമാണ് ഇന്നിംഗ്‌സ് തുടങ്ങുക. മൂന്നാം നമ്പറിലെത്തുന്നത് ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗാണ്. രണ്ട് ലോകകപ്പുകളില്‍ ഓസീസിനെ കിരീടത്തിലേക്ക് നയിച്ച നായകന്‍ കൂടിയാണ് പോണ്ടിംഗ്.
ഇതിഹാസ സംഗമമാണ് നാല്, അഞ്ച് നമ്പറുകളില്‍ കാണാനാവുക. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സിന്റെയും സെഞ്ചുറിയുടേയും റെക്കോര്‍ഡ് പേരിലുള്ള മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് നാലാം നമ്പറില്‍. അഞ്ചാം നമ്പറില്‍ വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ ബാറ്റേന്തും. ആറാം നമ്പറിലാണ് നിലവിലെ ഇന്ത്യന്‍ നായകനും സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനുമായ വിരാട് കോലിയും സ്ഥാനം. കരിയറില്‍ ഭൂരിഭാഗവും കോലി മൂന്നാം നമ്പറിലാണ് ബാറ്റേന്തിയത് എന്നത് ശ്രദ്ധേയമാണ്.
എക്കാലത്തെയും മികച്ച ഫിനിഷര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണിയെ ഏഴാം നമ്പറില്‍ ഉള്‍പ്പെടുത്തി. ഏകദിനത്തില്‍ പതിനായിരത്തിലേറെ റണ്‍സ് ധോണിക്കുണ്ട്. ഓസീസ് മജീഷ്യന്‍ ഷെയ്ന്‍ വോണാണ് ടീമിലെ ഏക സ്പിന്നർ, പാകിസ്ഥാന്‍റെ വസീം അക്രം, ഓസീസിന്‍റെ ഗ്രെന്‍ മഗ്രാത്ത്, പാകിസ്ഥാന്‍റെ തന്നെ ഷൊയ്ബ് അക്തര്‍ എന്നിവരാണ് ഷോണ്‍ ടെയ്റ്റിന്‍റെ ടീമിലെ പേസര്‍മാര്‍.
ഷോണ്‍ ടെയ്റ്റിന്റെ മികച്ച ഏകദിന ടീം
വീരേന്ദര്‍ സെവാഗ്, ആദം ഗില്‍ക്രിസ്റ്റ്, റിക്കി പോണ്ടിംഗ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ബ്രയാന്‍ ലാറ, വിരാട് കോലി, എം എസ് ധോണി, ഷെയ്ന്‍ വോണ്‍, വസീം അക്രം, ഗ്ലെന്‍ മഗ്രാത്ത്, ഷൊയ്ബ് അക്തര്‍.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona