'കോലിക്ക് ഐപിഎല്‍ കിരീടം ലഭിക്കുമായിരുന്നു, പക്ഷേ എന്റെ ആ ഓവര്‍'; ഓര്‍മകള്‍ പങ്കുവച്ച് ഷെയ്ന്‍ വാട്സണ്‍
അന്ന് ആര്‍സിബിക്കൊപ്പമായിരുന്നു ഷെയ്ന്‍ വാട്‌സണ്‍ നാല് ഓവറില്‍ 61 റണ്‍സാണ് വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് പോലും നേടാന്‍ സാധിച്ചില്ല. വാട്‌സണ്‍ എറിഞ്ഞ അവസാന ഓവറില്‍ 24 റണ്‍സാണ് അടിച്ചെടുത്തത്.
മുംബൈ: ഐപിഎല്ലിലെ (IPL 2022) എക്കാലത്തേയും മികച്ചവനാരെന്ന് ചോദിച്ചാല്‍ വിരാട് കോലിയെന്നല്ലാതെ (Virat Kohli) മറ്റൊരു മറുപടി ചുരുക്കമായിരിക്കും. എന്നാല്‍ എട്ട് വര്‍ഷം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ (RCB) ക്യാപ്റ്റനായിട്ടും കിരീടം നേടാന്‍ അദ്ദേഹത്തിന് സാധിച്ചല്‍. 2016ല്‍ ഫൈനലിലെത്തിയെങ്കിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റു. ആ സീസണില്‍ മാത്രം കോലി അടിച്ചെടുത്തത് 973 റണ്‍സാണ്. ആ റെക്കോര്‍ഡ് ഇപ്പോഴും മറികടന്നിട്ടില്ല.
എന്നാല്‍ ഫൈനലില്‍ എട്ട് റണ്‍സിന് പരാജയപ്പെട്ടു. അന്ന് ആര്‍സിബിക്കൊപ്പമായിരുന്നു ഷെയ്ന്‍ വാട്‌സണ്‍ നാല് ഓവറില്‍ 61 റണ്‍സാണ് വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് പോലും നേടാന്‍ സാധിച്ചില്ല. വാട്‌സണ്‍ എറിഞ്ഞ അവസാന ഓവറില്‍ 24 റണ്‍സാണ് അടിച്ചെടുത്തത്. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഫൈനലിനെ കുറിച്ച് സംസാരിക്കുകയാണ് വാട്‌സണ്‍. കോലിക്ക് ഐപിഎല്‍ കിരീടമുയര്‍ത്താന്‍ കഴിയുമായിരുന്ന അവസാന സീസണായിരുന്നു അതെന്നാണ് വാട്‌സണ്‍ പറയുന്നത്.
നിലവില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ കോച്ചിംസ് സ്റ്റാഫായ വാട്‌സണിന്റെ വാക്കുകള്‍... ''ഞാനിപ്പോഴും ഒരുപാട് അസ്വസ്ഥതയോടെയാണ് ഇക്കാര്യം ഓര്‍ക്കാറ്. എനിക്കറിയാം ഞാനെറിഞ്ഞ ആ ഓവറിനെ കുറിച്ച്. ആര്‍സിബി മനോഹരമായി കളിച്ച ഒരു സീസണ്‍. ഫൈനല്‍ അവരുടെ ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തിലും. സീസണില്‍ വിരാട് കോലി ഗംഭീര ഫോമിലുമായിരുന്നു. കോലിക്ക് ഐപിഎല്‍ കിരീടം നേടാനുള്ള വലിയ അവസരമായിരുന്നത്. എന്നാല്‍ ഞാനെറിഞ്ഞ ഓവര്‍ എല്ലാം നഷ്ടപ്പെടുത്തി.'' വാട്‌സണ്‍ ഓര്‍ത്തെടുത്തു.
പിന്നീട് ഒരുവര്‍ഷത്തെ ഇടവേളയെടുത്ത വാട്‌സണ്‍ 2018ലാണ് തിരിച്ചെത്തുന്നത്. ഇത്തവണ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പമായിരുന്നു. സീസണില്‍ 555 റണ്‍സാണ് മുന്‍ ഓസീസ് താരം നേടിയത്. ഇതില്‍ രണ്ട് സെഞ്ചുറികളും ഉള്‍പ്പെടും. ഒരെണ്ണം ഫൈനലില്‍ ഹൈദരാബാദിനെതിരെയായിരുന്നു. പതിയെ തുടങ്ങിയ വാട്‌സണ്‍ 12-ാം പന്തിലാണ് ആദ്യ റണ്‍സെടുക്കുന്നത്. ആ സാഹചര്യത്തെ കുറിച്ചും വാട്‌സണ്‍ സംസാരിച്ചു.
''എന്റെ തുടക്കം മോശമായിരുന്നു. ആദ്യ 11 പന്തിലും റണ്‍സെടുക്കാന്‍ സാധിച്ചില്ല. ഞാന്‍ എന്നോടുതന്നെ ചോദിച്ചു, എന്താണ് ചെയ്യുന്നതെന്ന്? എന്റെ പതിഞ്ഞ തുടക്കം കാരണം നോണ്‍ സ്‌ട്രൈക്കിലുണ്ടായിരുന്ന ഫാഫ് ഡു പ്ലെസിക്ക് സമ്മര്‍ദ്ദവുമുണ്ട്. എന്നാല്‍ കളിക്കാനാവുമെന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. ആ സമയത്ത് ഞാന്‍ 37 വയസിനോട് അടുക്കുകയായിരുന്നു. ആ സാഹചര്യത്തിലും അത്തരമൊരു ഇന്നിംഗ്‌സ് കളിക്കാന്‍ കഴിഞ്ഞത് കരിയറിലെ സുഖമുള്ള ഓര്‍മയായി അവശേഷിക്കുന്നു.'' വാട്‌സണ്‍ പറഞ്ഞുനിര്‍ത്തി.