ബുമ്രക്ക് പകരം ലോകകപ്പില്‍ ആര് വരണം; ഷമിയെയും ചാഹറിനേയും തള്ളി വാട്‌സണ്‍

ജസ്പ്രീത് ബുമ്രക്ക് ലോകകപ്പില്‍ കളിക്കാനാവില്ലെന്ന് ബിസിസിഐ ഇന്നലെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്

Shane Watson picks Mohammed Siraj as replacement for Jasprit Bumrah in T20 World Cup 2022

മുംബൈ: ടി20 ലോകകപ്പിന് മുമ്പ് ടീം ഇന്ത്യക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് പേസര്‍ ജസ്പ്രീത് ബുമ്ര പരിക്കേറ്റ് പുറത്തായത്. മുഹമ്മദ് ഷമിയായേക്കും ലോകകപ്പിനുള്ള പ്രധാന സ്‌ക്വാഡില്‍ ബുമ്രയുടെ പകരക്കാരന്‍ എന്ന അഭ്യൂഹങ്ങള്‍ സജീവമാണ്. സ്റ്റാന്‍ഡ് ബൈ താരമായി ദീപക് ചാഹറുമുണ്ട്. എന്നാല്‍ ബുമ്രയുടെ പകരക്കാരനായി മറ്റൊരു താരത്തിന്‍റെ പേരാണ് ഓസീസ് മുന്‍ ഓള്‍റൗണ്ടര്‍ ഷെയ്‌ന്‍ വാട്‌സണ്‍ മുന്നോട്ടുവെക്കുന്നത്. 

'ജസ്പ്രീത് ബുമ്ര ലോകകപ്പില്‍ ഇല്ലെങ്കില്‍ പകരക്കാരനായി ഞാന്‍ മുന്നോട്ടുവെക്കുന്ന പേര് മുഹമ്മദ് സിറാജിന്‍റേതാണ്. ഏറെ ആക്രണമണോത്സുകതയുള്ള പേസറാണ് സിറാജ്. ഓസ്ട്രേലിയയിലെ വലിയ ഗ്രൗണ്ടുകളില്‍ പേസും ബൗണ്‍സുമാണ് മുഖ്യം. ന്യൂബോളില്‍ മികച്ച താരമാണ് സിറാജ്. സിറാജിന് നല്ല വേഗമുണ്ട്. സ്വിങ്ങുമുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മികവ് വര്‍ധിപ്പിച്ചിട്ടുണ്ട് താരം. ഐപിഎല്ലില്‍ നാമിത് കണ്ടതാണ്. അതിനാല്‍ ലോകകപ്പില്‍ കൂടുതല്‍ ഇംപാക്‌ടുണ്ടാക്കുന്ന താരങ്ങളില്‍ ഒരാളാവാന്‍ സിറാജിനാവും എന്നാണ് കരുതുന്നതെന്നും' വാട്സണ്‍ പറഞ്ഞു.

ജസ്പ്രീത് ബുമ്രക്ക് ലോകകപ്പില്‍ കളിക്കാനാവില്ലെന്ന് ബിസിസിഐ ഇന്നലെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു ബുമ്ര. മെഡിക്കല്‍ സംഘം നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ബുമ്രക്ക് ലോകകപ്പില്‍ കളിക്കാനാവില്ലെന്ന് ബിസിസിഐ ഒടുവില്‍ വ്യക്തമാക്കിയത്. ടി20 ലോകകപ്പിലെ ബുമ്രയുടെ പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. 

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിംഗ്. 

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍- മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയി, ദീപക് ചാഹര്‍.

ഒടുവില്‍ ആ തീരുമാനം ഔദ്യോഗികമാക്കി ബിസിസിഐ, ജസപ്രീത് ബുമ്ര ലോകകപ്പിനില്ല

Latest Videos
Follow Us:
Download App:
  • android
  • ios