സിംബാബ്‌വെയ്‌ക്കെതിരെ അഞ്ച് വിക്കറ്റ്; സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ഷാക്കിബ്
ബംഗ്ലാദേശിന് വേണ്ടി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് സ്വന്തമാക്കുന്ന ബൗളറായിരിക്കുകയാണ് ഷാക്കിബ്. മുന്‍ ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍താസയെയാണ് ഷാക്കിബ് മറികടന്നത്.
ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്റേത്. 9.5 ഓവറില്‍ 30 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റാണ് താരം വീഴ്ത്തിയത്. ഈ പ്രകടനത്തോടെ സുപ്രധാന നാഴികക്കല്ല് ഷാക്കിബ് പിന്നിട്ടു.
ബംഗ്ലാദേശിന് വേണ്ടി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് സ്വന്തമാക്കുന്ന ബൗളറായിരിക്കുകയാണ് ഷാക്കിബ്. മുന്‍ ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍താസയെയാണ് ഷാക്കിബ് മറികടന്നത്. 213 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഷാക്കിബിന് 274 വിക്കറ്റുകളായി. 269 വിക്കറ്റാണ് മൊര്‍താസയുടെ അക്കൗണ്ടിലുള്ളത്. 218 ഏകദിനങ്ങള്‍ മൊര്‍താസ കളിച്ചു.
153 മത്സരങ്ങളില്‍ 207 വിക്കറ്റുകള്‍ വീഴ്ത്തിയ അബ്ദുര്‍ റസാഖാണ് മൂന്നാം സ്ഥാനത്ത്. 129 വിക്കറ്റുമായി റുബല്‍ ഹൊസൈന്‍ മൂന്നാം നാലാം സ്ഥാനത്താണ്. 67 ഏകദിനങ്ങളില്‍ 124 വിക്കറ്റ് നേടിയ മുസ്തഫിസുര്‍ റഹ്‌മാനാണ് അഞ്ചാം സ്ഥാനത്ത്.
ഓള്‍റൗണ്ടറായ ഷാക്കിബ് 6474 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. ഇതില്‍ ഒമ്പത് സെഞ്ചുറിയും ഉള്‍പ്പെടും. 134 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.