Shakib Al Hasan : വീണ്ടും ഷാക്കിബ് അല്‍ ഹസന്‍; ബംഗ്ലാദേശ് ടെസ്റ്റ് ടീം നായകനായി തിരിച്ചുവരവ്
ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് മൊമീനുള്‍ ഹഖ് നായകസ്ഥാനത്തുനിന്ന് പടിയിറങ്ങിയത്
ധാക്ക: ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റ് ടീം (Bangladesh Test captain) നായകനായി ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനെ(Shakib Al Hasan) വീണ്ടും തെരഞ്ഞെടുത്തു. കഴിഞ്ഞ മാസം മൊമീനുള്‍ ഹഖ്(Mominul Haque) സ്ഥാനമൊഴിഞ്ഞതോടെയാണ് ഷാക്കിബിനെ വീണ്ടും സ്ഥാനമേല്‍പിക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്(Bangladesh Cricket Board) തീരുമാനിച്ചത്. 2019ല്‍ ഷാക്കിബിന് ഐസിസിയുടെ വിലക്ക് ലഭിച്ചതോടെയാണ് മൊമീനുള്‍ ക്യാപ്റ്റനായത് എന്നതാണ് കൗതുകകരമായ വസ്‌തുത.
ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് മൊമീനുള്‍ ഹഖ് നായകസ്ഥാനത്തുനിന്ന് പടിയിറങ്ങിയത്. മൊമീനുള്ളിന് കീഴില്‍ ടീം 17 ടെസ്റ്റ് അങ്കങ്ങളില്‍ ന്യൂസിലന്‍ഡിലെ ചരിത്ര വിജയമടക്കം മൂന്ന് ജയങ്ങളും രണ്ട് സമനിലയിലും 12 തോല്‍വിയുമാണ് അറിഞ്ഞത്. ലിറ്റണ്‍ ദാസാണ് പുതിയ വൈസ് ക്യാപ്റ്റന്‍. മൂന്നാം തവണയാണ് ഷാക്കിബ് ബംഗ്ലാ ടെസ്റ്റ് ടീമിന്‍റെ നായകനാവുന്നത്. മുമ്പ് 2009ലും 2017ലും ഷാക്കിബ് നായകനായിട്ടുണ്ട്. എന്നാല്‍ മൂന്നാം നായക ഊഴത്തില്‍ എത്രനാള്‍ ഷാക്കിബ് ക്യാപ്റ്റന്‍ സ്ഥാനത്തുണ്ടാകും എന്ന് വ്യക്തമല്ല.
വാതുവയ്‌പുകാര്‍ സമീപിച്ചത് ഐസിസിയെ അറിയിക്കാത്തതിനെ തുടര്‍ന്നാണ് 2019ല്‍ ബംഗ്ലാദേശ് ടെസ്റ്റ്- ടി20 നായകനായിരുന്ന ഷാക്കിബ് അല്‍ ഹസനെ രണ്ട് വര്‍ഷത്തേക്ക് ഐസിസി വിലക്കിയത്. ഐസിസി അഴിമതി നിരോധന നിയമത്തിലെ മൂന്ന് വകുപ്പുകള്‍ ലംഘിച്ചതായി ഐസിസി അഴിമതി വിരുദ്ധ കമ്മീഷന് മുന്നില്‍ ഷാക്കിബ് സമ്മതിച്ചിരുന്നു. ഇതോടെ വിലക്കില്‍ ഇളവ് ലഭിക്കുകയും രാജ്യാന്തര ക്രിക്കറ്റിലേക്ക് താരം തിരിച്ചെത്തുകയുമായിരുന്നു. ബംഗ്ലാദേശിനായി 61 ടെസ്റ്റില്‍ 4113 റണ്‍സും 224 വിക്കറ്റും 35കാരനായ ഷാക്കിബ് നേടിയിട്ടുണ്ട്.
ENG vs NZ : 39ലും എന്നാ ഒരിതാ; വിന്‍റേജ് ജിമ്മി ആന്‍ഡേഴ്‌സണെ വാഴ്‌ത്തിപ്പാടി ക്രിക്കറ്റ് ലോകം