എക്കാലത്തെയും മികച്ച ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്ത് അഫ്രീദി; ഇന്ത്യയില്‍ നിന്ന് ഒരാള്‍ മാത്രം
മുന്‍ പാക് താരം സയ്യിദ് അന്‍വറും ഓസ്ട്രേലിയന്‍ ഇതിഹാസതാരം ആദം ഗില്‍ക്രിസ്റ്റുമാണ് അഫ്രീദിയുടെ ടീമിലെ ഓപ്പണര്‍മാര്‍. മൂന്നാം നമ്പറില്‍ മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ് എത്തുമ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി നാലാം സ്ഥാനത്ത് ബാറ്റിംഗിനിറങ്ങുന്നു.
കറാച്ചി: ആത്മകഥയിലെ വിവാദ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ എക്കാലത്തെയും മികച്ച ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്ത് മുന്‍ പാക് നായകന്‍ ഷഹീദ് അഫ്രീദി. ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്‍മാരിലൊരാളായ ഇന്ത്യയുടെ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറും സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറായ എം എസ് ധോണിയും അഫ്രീദിയുടെ ലോകകപ്പ് ടീമിലില്ല എന്നതാണ് ശ്രദ്ധേയം.
എന്നാല്‍ നിലവിലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി അഫ്രീദിയുടെ ടീമിലുണ്ട്. മുന്‍ പാക് താരം സയ്യിദ് അന്‍വറും ഓസ്ട്രേലിയന്‍ ഇതിഹാസതാരം ആദം ഗില്‍ക്രിസ്റ്റുമാണ് അഫ്രീദിയുടെ ടീമിലെ ഓപ്പണര്‍മാര്‍. മൂന്നാം നമ്പറില്‍ മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ് എത്തുമ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി നാലാം സ്ഥാനത്ത് ബാറ്റിംഗിനിറങ്ങുന്നു. മുന്‍ പാക് നായകന്‍ ഇന്‍സ്മാമം ഉള്‍ ഹഖ്, ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ജാക് കാലിസ്, വസീം അക്രം, ഗ്ലെന്‍ മക്‌ഗ്രാത്ത്, ഷെയ്ന്‍ വോണ്‍, ഷൊയൈബ് അക്തര്‍, സഖ്‌ലിയന്‍ മുഷ്താഖ് എന്നിവരാണ് അഫ്രീദിയുടെ ലോകകപ്പ് ടീമിലുള്ളത്.
സച്ചിനും ധോണിയും മഹാന്‍മാരാണെങ്കിലും ഇവരുടെ കളിയേക്കാള്‍ സുന്ദരമായ കളിയാണ് കോലിയുടേത് എന്നതിനാലാണ് ഇവര്‍ക്ക് പകരം കോലിയെ ടീമിലെടുക്കാന്‍ കാരണമെന്ന് അഫ്രീദി പിടിഐയോട് പറഞ്ഞു.
അഫ്രീദിയുടെ എക്കാലത്തെയും മികച്ച ലോകകപ്പ് ടീം: സയ്യിദ് അന്‍വര്‍, ആദം ഗില്‍ക്രിസ്റ്റ്, റിക്കി പോണ്ടിംഗ്, വിരാട് കോലി, ഇന്‍സ്മാം ഉള്‍ ഹഖ്, ജാക് കാലിസ്, വസീം അക്രം, ഗ്ലെന്‍ മക്‌ഗ്രാത്ത്, ഷെയ്ന്‍ വോണ്‍, ഷൊയൈബ് അക്തര്‍, സഖ്‌ലിയന്‍ മുഷ്താഖ്.