എപ്പോള്‍ വിരമിക്കണം, എങ്ങനെ വിരമിക്കണം? വിരാട് കോലിക്ക് പാകിസ്ഥാന്‍ മുന്‍ താരം ഷാഹിദ് അഫ്രീദിയുടെ ഉപദേശം
കഴിഞ്ഞ രണ്ട് വര്‍ഷം ഫോമിലല്ലായിരുന്നു കോലി. സെഞ്ചുറികള്‍ നേടാന്‍ കോലിക്ക് സാധിച്ചിരുന്നില്ല. ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ സെഞ്ചുറി നേടിയാണ് കോലി ഫോമിലേക്ക് തിരിച്ചെത്തിയത്.
ഇസ്ലാമാബാദ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്നോ നാലോ വര്‍ഷം കൂടി വിരാട് കോലിക്ക് ബാക്കിയുണ്ടാകും. ഇപ്പോള്‍ 33 വയസുണ്ട് അദ്ദേഹത്തിന്. എം എസ് ധോണി വിരമിക്കുന്നിന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമാവാന്‍ കോലിക്ക് കഴിഞ്ഞിരുന്നു. തന്റെ ഫോമിന്റെ പാരമ്യത്തിലെത്തിയ കോലി പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപറ്റനാാണ് കോലി. ഇതിനിടെ ബാറ്റിംഗില്‍ നിരവധി റെക്കോഡുകളും കോലിയുടെ അക്കൗണ്ടിലായി.
എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷം ഫോമിലല്ലായിരുന്നു കോലി. സെഞ്ചുറികള്‍ നേടാന്‍ കോലിക്ക് സാധിച്ചിരുന്നില്ല. ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ സെഞ്ചുറി നേടിയാണ് കോലി ഫോമിലേക്ക് തിരിച്ചെത്തിയത്. അതിന് മുമ്പ് 2019ലാണ് കോലി അവസാനമായി സെഞ്ചുറി നേടിയിരുന്നത്. ഇതിനിടെ കോലിയെ കരിയറിലെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുയാണ് മുന്‍ പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദി.
അഫ്രീദിയുടെ വാക്കുകള്‍... ''വിരാട് കോലി വന്ന വഴി, അദ്ദേഹം കരിയര്‍ തുടങ്ങുമ്പോള്‍ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടായിരിക്കും. അങ്ങനെ ഉണ്ടാക്കിയെടുത്ത പേരാണ് ഇപ്പോഴത്തേത്. കോലി ഒരു ചാംപ്യന്‍ ക്രിക്കറ്ററാണെന്നുള്ളതില്‍ സംശയമില്ല. അദ്ദേഹവും വിരമിക്കുന്ന ഒരുനാള്‍ വരും. ആ സമയം അടക്കുമ്പോഴും കോലിയുടെ ലക്ഷ്യം ഉയരങ്ങളിലേക്ക് സഞ്ചരിക്കാന്‍ തന്നെ ആയിരിക്കണം.'' അഫ്രീദി സമാ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
''നിങ്ങളെ ടീം പുറത്താക്കുന്ന ഘട്ടത്തിലേക്ക് എത്തരുത്. പകരം വിരമിക്കുന്ന സമയത്തും നിങ്ങള്‍ ഫോമിന്റെ പാരമ്യത്തിലായിരിക്കണം. കോലി വിരമിക്കുമ്പോള്‍ അത്തരത്തില്‍ തന്നെ ആയിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.'' അഫ്രീദി കൂട്ടിചേര്‍ത്തു.
നിലവില്‍ ലോകകപ്പിനുള്ള ഒരുക്കത്തിലാണ് കോലി. അതിന് മുമ്പ് ഇന്ത്യയില്‍ ആറ് ടി20 മത്സരങ്ങള്‍ കൂടി കോലി കളിക്കും. ഓസ്ട്രലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെയാണ് പരമ്പര.