ഇന്ത്യയുടേത് ഉയര്‍ന്ന നിലവാരമുള്ള ക്രിക്കറ്റ്! ടി20 ലോകകപ്പ് ജേതാക്കളെ വാനോളം വാഴ്ത്തി ഷഹീന്‍ അഫ്രീദി
ചില തെറ്റുകള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം തിരുത്തേണ്ടതുണ്ടെന്നും ഷഹീന്‍ അഫ്രീദി വ്യക്തമാക്കി.
ഇസ്ലാമാബാദ്: ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പാകിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദി. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ചാംപ്യന്മാരാകുന്നത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. 59 പന്തില്‍ 76 റണ്‍സ് നേടിയ വിരാട് കോലിയാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിക്കുന്നത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ ഹാര്‍ദിക് പാണ്ഡ്യ, രണ്ട് പേരെ വീതം പുറത്താക്കിയ അര്‍ഷ്ദീപ് സിംഗ്, ജസ്പ്രിത് ബുമ്ര എന്നിവരാണ് ഇന്ത്യക്ക് രണ്ടാം ടി20 കിരീടം സമ്മാനിച്ചത്.
പിന്നാലെയാണ് അഫ്രീദി തന്റെ അഭിപ്രായം വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഇന്ത്യ - ദക്ഷിണാഫ്രിക്ക ഫൈനല്‍ ഞാനും കണ്ടിരുന്നു. ആസ്വദിക്കുകയും ചെയ്തു. ഇരു ടീമുകളും ഗംഭീര പ്രകടമാണ് പുറത്തെടുത്തത്. സമ്മര്‍ദ്ദത്തെ അതിജീവിച്ച ടീമാണ് വിജയിച്ചത്. ഇന്ത്യ വിജയം അര്‍ഹിച്ചിരുന്നു. ക്രിക്കറ്റിന്റെ മികച്ച ബ്രാന്‍ഡാണ് അവര്‍ പുറത്തെടുത്തത്.'' അഫ്രീദി വ്യക്തമാക്കി. പാകിസ്ഥാന്റെ പ്രകടനത്തെ കുറിച്ചും പാക് പേസര്‍ സംസാരിച്ചു. ''ലോകകപ്പില്‍ കരുത്തരായ ടീമുകളാണ് മത്സരിക്കുന്നത്. ചില തെറ്റുകള്‍ പാക് ടീം തിരുത്തേണ്ടതുണ്ട്. കഠിനാധ്വാനം ചെയ്താല്‍ അതിന്റെ ഫലം ലഭിക്കുമെന്നുറപ്പാണ്.'' അഫ്രീദി വ്യക്തമാക്കി.
അതേസമയം, ഇന്ത്യന്‍ ടീം നാളെ രാവിലെ അഞ്ച് മണിയോടെ ദില്ലിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേക വിമാനത്തില്‍ ദില്ലിയിലെത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ബിസിസിഐയുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. രാഷ്ട്രപതിയുമായും പ്രധാനമന്ത്രിയുമായും ഇന്ത്യന്‍ ടീം കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ഇന്ത്യന്‍ ടീം നാട്ടിലെത്തിയ ഉടന്‍ പുതിയ മുഖ്യ പരിശീലകനെ പ്രഖ്യാപിക്കുമെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്.
ട്വന്റി 20 ലോകകപ്പ് പൂര്‍ത്തിയായതും കനത്ത കാറ്റും മഴയും ബാര്‍ബഡോസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ യാത്രാ പദ്ധതികള്‍ അവതാളത്തിലാക്കുകയായിരുന്നു. ബെറില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് നാല് ദിവസമായി ലോക്ക്ഡൗണ്‍ പ്രതീതിയായിരുന്നു കരീബിയന്‍ ദ്വീപിലുണ്ടായിരുന്നത്. ബാര്‍ബഡോസില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കും അവിടെ നിന്ന് ദുബായ് വഴി ഇന്ത്യയിലേക്കുമാണ് ഇന്ത്യന്‍ ടീമിന്റെ യാത്ര മുമ്പ് നിശ്ചയിച്ചിരുന്നത്.