ടി20 ലോകകപ്പ്: സഞ്ജുവിനെ തഴയാനുള്ള കാരണം വ്യക്തമാക്കി സെലക്ടര്‍
ടി20 ക്രിക്കറ്റില്‍ ഫെബ്രുവരിയില്‍ ഇന്ത്യക്കായി അരങ്ങേറിയ ഹൂഡ ഇതുവരെ ഒമ്പത് ഇന്നിംഗ്സുകളിലാണ് ബാറ്റ് ചെയ്തത്. ഇതില്‍ 30ന് മുകളിലുള്ള മൂന്ന് സ്കോറുകളും ഒരു സെഞ്ചുറിയും ഉണ്ട്. 155.85 എന്ന മികച്ച പ്രഹരശേഷിയും 41.85 എന്ന മികച്ച ബാറ്റിംഗ് ശരാശരിയുമുണ്ട്.
മുംബൈ: അടുത്ത മാസം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആരാധകരെ ഏറ്റവുമധികം നിരാശരാക്കിയത് മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞതായിരുന്നു. സഞ്ജുവിന് പകരം ദീപക് ഹൂഡയാണ് ടീമിലെത്തിയത്. സഞ്ജുവിന് റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ പോലും ഇടം നല്‍കാതിരുന്ന സെലക്ഷന്‍ കമ്മിറ്റി ശ്രേയസ് അയ്യരെയാണ് സ്റ്റാന്‍ഡ് ബൈ താരമായി തെരഞ്ഞെടുത്തിരിക്കുന്നത്. ഈ വര്‍ഷം ടി20 ക്രിക്കറ്റില്‍ ഏറ്റുവും മികച്ച ശരാശരിയും പ്രഹരശേഷിയും പുറത്തെടുത്ത താരമായിട്ടും സഞ്ജു തഴയപ്പെട്ടതാണ് ആരാധകരെ ചൊടിപ്പിച്ചത്.
എന്നാല്‍ സഞ്ജുവിനെ തഴയാനുള്ള കാരണം സെലക്ഷന്‍ കമ്മിറ്റി അംഗം ഇന്‍സൈഡ് സ്പോര്‍ട്ടിനോട് വിശദീകരിച്ചു. സഞ്ജു സാംസണ്‍ ലോക ക്രിക്കറ്റിലെ തന്നെ പ്രതിഭാധനനായ കളിക്കാരിലൊരാളണെന്നതില്‍ സംശയമില്ല. പക്ഷെ ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ കോംബിനേഷനുകളാണ് പ്രധാനം. ഇന്ത്യക്ക് ശക്തമായ ബാറ്റിംഗ് നിരയാണുള്ളത്. എന്നാല്‍ ബാറ്റിംഗ് നിരയിലെ ആദ്യ അഞ്ചുപേരില്‍ ഒരാള്‍ പോലും ബൗള്‍ ചെയ്യുന്നവരല്ല. മത്സരത്തിനിടെ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ ഒന്നോ രണ്ടോ ഓവര്‍ പന്തെറിയാന്‍ കഴിയുന്ന ഒരു ബാറ്ററെയാണ് ഞങ്ങള്‍ നോക്കിയത്. ഹൂഡയ്ക്കാണെങ്കില്‍ അതിന് കഴിയും. ബാറ്ററെന്ന നിലയിലും ഹൂഡ കഴിവു തെളിയിച്ചിട്ടുണ്ടെന്നും സെലക്ഷന്‍ കമ്മിറ്റി അംഗം പറഞ്ഞു.
ലോകകപ്പ് ടീമില്‍ സഞ്ജുവിന് ഇടമില്ല, ബിസിസിഐക്കും സെലക്ടര്‍മാര്‍ക്കും ആരാധകരുടെ വക 'ഓണത്തല്ല്'
കണക്കുകള്‍ പറയുന്നത്
ടി20 ക്രിക്കറ്റില്‍ ഫെബ്രുവരിയില്‍ ഇന്ത്യക്കായി അരങ്ങേറിയ ഹൂഡ ഇതുവരെ ഒമ്പത് ഇന്നിംഗ്സുകളിലാണ് ബാറ്റ് ചെയ്തത്. ഇതില്‍ 30ന് മുകളിലുള്ള മൂന്ന് സ്കോറുകളും ഒരു സെഞ്ചുറിയും ഉണ്ട്. 155.85 എന്ന മികച്ച പ്രഹരശേഷിയും 41.85 എന്ന മികച്ച ബാറ്റിംഗ് ശരാശരിയുമുണ്ട്.
എന്നാല്‍ കഴിഞ്ഞ അഞ്ച് കളികളിലെ കണക്കെടുത്താല്‍ സഞ്ജുവിന് ഹൂഡയെക്കാള്‍ മികച്ച സ്ട്രൈക്ക് റേറ്റും ബാറ്റിംഗ് ശരാശരിയുമുണ്ടെന്നതാണ് വസ്തുത. ടി20 ക്രിക്കറ്റില്‍ കഴിഞ്ഞ അഞ്ച് കളികളില്‍ സഞ്ജുവിന് 44.75 ശരാശരിയും 158.40 സ്ട്രൈക്ക് റേറ്റുമുണ്ട്. കഴിഞ്ഞ ഐപിഎല്ലില്‍ സഞ്ജു 28.63 ശരാശരിയില്‍ 146.79 പ്രഹരശേഷേയില്‍ 458 റണ്‍സടിച്ചപ്പോള്‍ ഹൂഡ 136.67 പ്രഹരശേഷിയില്‍ 451 റണ്‍സാണ് നേടിയത്.
പരീക്ഷണങ്ങള്‍ അനവധി, എന്നിട്ടും 2021ലെ ലോകകപ്പില്‍ 'ചതിച്ച' അതേ ബാറ്റിംഗ് നിരയുമായി ടീം ഇന്ത്യ
ദീപക് ഹൂഡയെ ടീമിലെടുത്താല്‍ ഇന്ത്യക്ക് ആറാം ബൗളറായി ഉപയോഗിക്കാനാവുമെങ്കിലും അക്സര്‍ പട്ടേലും ആര്‍ അശ്വിനും ടീമിലുള്ളതിനാല്‍ ദീപക് ഹൂഡക്ക് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുക ബുദ്ധിമുട്ടായിരിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം, ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിനെ തിരിച്ചുവിളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.