ബുമ്രക്കും ബോളണ്ടിനും നേട്ടം, ബാറ്റിംഗിൽ ആദ്യ 10ൽ 2 ഇന്ത്യൻ താരങ്ങൾ മാത്രം; പുതിയ ഐസിസി റാങ്കിംഗ്
ഇന്ത്യക്കെതിരായ പരമ്പരയിലൂടെ റാങ്കിംഗില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊയ്തത് ഓസീസ് പേസര്‍ സ്കോര്‍ ബോളണ്ട് ആണ്.
ദുബായ്: ഇന്ത്യ-ഓസ്ട്രേലിയ, പാകിസ്ഥാന-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരകള്‍ പൂര്‍ത്തിയായതിന് പിന്നാലെ പുറത്തുവന്ന ഐസിസി റാങ്കിംഗില്‍ നേട്ടം കൊയ്ത് ദക്ഷിണാഫ്രിക്കയുടെയും ഓസ്ട്രേലിയയുടെയും താരങ്ങള്‍. ഇന്ന് പുറത്തുവന്ന പുതിയ റാങ്കിംഗില്‍ ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്ര ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയതിനൊപ്പം കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗ് പോയന്റായ 908 പോയന്റും സ്വന്തമാക്കി.
ഇന്ത്യക്കെതിരായ പരമ്പരയിലൂടെ റാങ്കിംഗില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊയ്തത് ഓസീസ് പേസര്‍ സ്കോര്‍ ബോളണ്ട് ആണ്. മൂന്ന് ടെസ്റ്റില്‍ കളിച്ച ബോളണ്ട് 22 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ റാങ്കിംഗില്‍ 29 സ്ഥാനം ഉയര്‍ന്ന് ആദ്യ പത്തിലെത്തി. പത്താമതാണ് ബോളണ്ട്. ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ പാറ്റ് കമിന്‍സ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ കാഗിസോ റബാഡ മൂന്നാം സ്ഥാനത്തെത്തി. ഒമ്പതാം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജയാണ് ആദ്യ പത്തില്‍ ബൂമ്രക്ക് പുറമെ ഇന്ത്യൻ സാന്നിധ്യമായുള്ളത്.
ഓസ്ട്രേലിയക്കെതിരായ സിഡ്നി ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ നേടിയ അതിവേഗ ഫിഫ്റ്റിയിലൂടെ റിഷഭ് പന്ത് മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ തിരിച്ചെത്തിയതാണ് മറ്റൊരു പ്രധാനമാറ്റം. പുതിയ റാങ്കിംഗില്‍ ഒമ്പതാമതാണ് റിഷഭ് പന്ത്.
ഇന്ത്യയുടെ യശസ്വി ജയ്സ്വാള്‍ നാലാം സ്ഥാനം നിലനിര്‍ത്തി. അതേസമയം, സിഡ്നി ടെസ്റ്റിലും നിരാശപ്പെടുത്തിയ ശുഭ്മാന്‍ ഗില്‍ മൂന്ന് സ്ഥാനം ഇറങ്ങി 23-ാമതയാപ്പോള് വിരാട് കോലി മൂന്ന് സ്ഥാനം നഷ്ടമാക്കി 27-ാം സ്ഥാനത്താണ്. സിഡ്നി ടെസ്റ്റില്‍ കളിക്കാതിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയാകട്ടെ രണ്ട് സ്ഥാനം താഴേക്കിറങ്ങി 42-ാം സ്ഥാനത്തേക്ക് വീണു. ജോ റൂട്ട് ഒന്നാം സ്ഥാനത്തും ഹാരി ബ്രൂക്ക് രണ്ടാം സ്ഥാനത്തും കെയ്ൻ വില്യംസണ് മൂന്നാം സ്ഥാനത്തും തുടരുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ നായകന് ടെംബാ ബാവുമ മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്ന് ആറാം സ്ഥാനത്ത് എത്തിയപ്പോള്‍ പാക് മുന്‍ നായകന് ബാബര്‍ അസം അഞ്ച് സ്ഥാനങ്ങള്‍ ഉയര്‍ന്ന് പന്ത്രണ്ടാം സ്ഥാനത്തെത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക