ഇന്ത്യക്ക് ധോണിയും കോലിയുമൊക്കെ ഉണ്ടായിരുന്നു,ഞങ്ങള്‍ക്കോ പാല്‍മണം മാറാത്ത കുട്ടികളും, മനസു തുറന്ന് സര്‍ഫ്രാസ്
ഇന്ത്യക്കെതിരെ എത്ര വലിയ സ്കോര്‍ നേടിയിട്ടും കാര്യമില്ലായിരുന്നു. കാരണം അവര്‍ക്ക് ധോണിയും രോഹിത് ശര്‍മയും വിരാട് കോലിയും ശിഖര്‍ ധവാനും യുവരാജ് സിംഗുമെല്ലാം ഉണ്ടായിരുന്നു.
കറാച്ചി: ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ലെന്നതിന്‍റെ നാണക്കേട് പാക്കിസ്ഥാന്‍ ആദ്യമായി തിരുത്തിയത് 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലായിരുന്നു. ഇംഗ്ലണ്ടിലെ ലോര്‍ഡ്സില്‍ നടന്ന ഫൈനലില്‍ ഇന്ത്യയെ 180 റണ്‍സിന് തകര്‍ത്താണ് പാക്കിസ്ഥാന്‍ കിരീടം നേടിയത്. ആ കീരിട നേട്ടത്തോടെ ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് പാക്കിസ്ഥാന്‍റെ ഹീറോ ആയി. അന്ന് ഇന്ത്യയെ കീഴടക്കി കിരീടം നേടിയതിനെക്കുറിച്ച് മനസുതുറക്കുകയാണിപ്പോള്‍ സര്‍ഫ്രാസ്.
ഇന്ത്യക്കെതിരായ ഏത് കളിയും വമ്പന്‍ പോരാട്ടമാണ്. അപ്പോള്‍ ഒരു ഫൈനല്‍ എങ്ങനെ ആയിരിക്കും എന്നത് ഊഹിക്കാമല്ലോ. അതും ഇന്ത്യയെ പോലെ എത്ര വലിയ ലക്ഷ്യം മുന്നോട്ടുവെച്ചാലും പിന്തുടര്‍ന്ന് ജയിക്കാന്‍ കെല്‍പ്പുള്ള കരുത്തുറ്റ ബാറ്റിംഗ് നിരയുള്ള ടീമിനെതിരെ ഫൈനല്‍ കളിക്കാനിറങ്ങുമ്പോള്‍. ഇന്ത്യക്കെതിരെ എത്ര വലിയ സ്കോര്‍ നേടിയിട്ടും കാര്യമില്ലായിരുന്നു. കാരണം അവര്‍ക്ക് ധോണിയും രോഹിത് ശര്‍മയും വിരാട് കോലിയും ശിഖര്‍ ധവാനും യുവരാജ് സിംഗുമെല്ലാം ഉണ്ടായിരുന്നു.
എന്നാല്‍ ഞങ്ങള്‍ക്കോ പാല്‍മണം മാറാത്ത കുറച്ച് കളിക്കാരായിരുന്നു കൂടെയുണ്ടായിരുന്നത്. ഇന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ ബാബര്‍ അസം, ഹസന്‍ അലി, ഷദാബ് ഖാന്‍, ഫഹീം അഷ്റഫ് തുടങ്ങിയ ഒരുപിടി യുവതാരങ്ങള്‍. ഇന്ത്യന്‍ ടീമിനെ ഞങ്ങളുമായി താരതമ്യം ചെയ്യാന്‍ പോലും പറ്റില്ലായിരുന്നു. മുഹമ്മദ് ഹഫീസും ഷൊയൈബ് മാലിക്കുമായിരുന്നു ഞങ്ങളുടെ രണ്ട് പരിചയസമ്പന്നരായ താരങ്ങള്‍. ബാക്കിയുള്ളവരെല്ലാം പുകിയ കളിക്കാരായിരുന്നു.
'ഞാന്‍ കളിക്കാന്‍ വരുന്നു'; ആരാധകരെ ത്രില്ലടിപ്പിച്ച് റിഷഭ് പന്തിന്‍റെ വീഡിയോ, ഒടുവില്‍ ട്വിസ്റ്റ്
അതുകൊണ്ടുതന്നെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യക്കെതിരായ കിരീടനേട്ടം ഞങ്ങള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. അത് വാക്കുകള്‍കൊണ്ട് വിവരിക്കാനുമാവില്ല. കരിയറിലെ ഏറ്റവും മികച്ച നിമിഷമായിരുന്നു അതെന്നും നാദിര്‍ പോഡ്കാസ്റ്റില്‍ സര്‍ഫ്രാസ് പറഞ്ഞു. ചാമ്പ്യന്‍സ് ട്രോഫി വിജയത്തിനുശേഷം 2019ലെ ലോകകപ്പിലും പാക്കിസ്ഥാനെ നയിച്ചത് സര്‍ഫ്രാസായിരുന്നു. എന്നാല്‍ സെമി പോലും എത്താതെ പുറത്തായതോടെ ക്യാപ്റ്റന്‍സി നഷ്ടമായ സര്‍ഫ്രാസിന് പിന്നീട് ടീമിലെ സ്ഥാനവും നഷ്ടമായി. മുഹമ്മദ് റിസ്‌വാന്‍റെ വരവോടെ ടീമിന് പുറത്തായ സര്‍ഫ്രാസ് അടുത്തിടെ മിന്നുന്ന പ്രകടനം നടത്തി ടെസ്റ്റ് ടീമില്‍ സ്ഥാനം ഉറപ്പിച്ചിരുന്നു.