ചെന്നൈക്കെതിരെ നിരാശപ്പെടുത്തിയിട്ടും സഞ്ജു ആദ്യ അഞ്ചില്‍ തന്നെ! റണ്‍വേട്ടക്കാരുടെ പോരില്‍ കോലിയുടെ ആധിപത്യം
ചെന്നൈക്കെതിരെ 12 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായെങ്കിലും രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ അഞ്ചാം സ്ഥാനത്ത് തുടരുന്നു.
ബംഗളൂരു: ഐപിഎല്‍ ഓറഞ്ച് ക്യാപ്പിനുള്ള പോരില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരം വിരാട് കോലി ഒന്നാമത് തുടരുന്നു. ഇന്നലെ ഡല്‍ഹി കാപിറ്റല്‍സിനെതിരെ 13 പന്തില്‍ 27 റണ്‍സ് നേടിയ കോലിക്ക് 13 മത്സരങ്ങളില്‍ 661 റണ്‍സായി. 155.16 സ്‌ട്രൈക്ക് റേറ്റുണ്ട് കോലിക്ക്. 66.10 ശരാശരിയും. റുതുരാജ് ഗെയ്കവാദ് രണ്ടാം സ്ഥാനത്തുണ്ട്. രാജസ്ഥാന്‍ റോയല്‍സിനെതിര ഇന്നലെ 42 റണ്‍സാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ നേടിയത്. 13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഗെയ്കവാദ് ഇതുവരെ 583 റണ്‍സ് നേടി. കോലിയും ഗെയ്കവാദും തമ്മിലുള്ള വ്യത്യാസം 68 റണ്‍സാണ്. 141.50 സ്‌ട്രൈക്ക് റേറ്റിലും 58.30 ശരാശരിയിലുമാണ് റുതുരാജിന്റെ റണ്‍വേട്ട.
11 മത്സരങ്ങളില്‍ 533 റണ്‍സ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഓപ്പണര്‍ ട്രാവിസ് ഹെഡാണ് മൂന്നാം സ്ഥാനത്ത്. 201.89 സ്‌ട്രൈക്ക് റേറ്റുണ്ട് ഹെഡിന്. 53.30 ശരാശരിയും. ഗുജറാത്ത് ടൈറ്റന്‍സിന്റെ സായ് സുദര്‍ശന്‍ നാലാമതുണ്ട്. 12 മത്സരങ്ങളില്‍ 527 റണ്‍സാണ് സായിയുടെ സമ്പാദ്യം. ചെന്നൈക്കെതിരെ 19 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായെങ്കിലും രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ അഞ്ചാം സ്ഥാനത്ത് തുടരുന്നു. 12 മത്സരങ്ങളില്‍ 158.31 സ്‌ട്രൈക്ക് റേറ്റിലും 60.75 ശരാശരിയിലും 486 റണ്‍സാണ് സഞ്ജു നേടിയത്.
അതേസമയം, രാജസ്ഥാന്റെ മറ്റൊരു താരം റിയാന്‍ പരാഗും കുതിപ്പ് നടത്തി. 12 മത്സരങ്ങളില്‍ (11 ഇന്നിംഗ്‌സ്) 483 റണ്‍സ് നേടിയ പരാഗ് ആറാം സ്ഥാനത്താണ്. ഇന്നലെ ചെന്നൈക്കെതിരെ 35 പന്തില്‍ 47 റണ്‍സുമായി താരം പുറത്താവാതെ നിന്നിരുന്നു. സുനില്‍ നെരയ്ന്‍ (461), കെ എല്‍ രാഹുല്‍ (460), ഫിലിപ് സാള്‍ട്ട് (435), ശുഭ്മാന്‍ ഗില്‍ (426) എന്നിവരാണ് യഥാക്രമം ഏഴ് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍.
അതേസമയം, വിക്കറ്റ് വേട്ടയില്‍ മുംബൈ ഇന്ത്യന്‍സ് പേസര്‍ ജസ്പ്രിത് ബുമ്ര ഒന്നാമത് തുടരുന്നു. 13 മത്സരത്തില്‍ 20 വിക്കറ്റാണ് ബുമ്ര വീഴ്ത്തിയത്. 12 മത്സരങ്ങളില്‍ 20 വിക്കറ്റ് വീഴ്ത്തിയ പഞ്ചാബ് കിംഗ്‌സിന്റെ ഹര്‍ഷല്‍ പട്ടേലാണ് രണ്ടാം സ്ഥാനത്ത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴസിന്റെ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി 18 വിക്കറ്റോടെ മൂന്നാമത്.