ടി20 ലോകകപ്പ് ടീമില്‍ വേണ്ടത് സഞ്ജുവിനെപ്പോലെയുള്ള താരങ്ങള്‍, തുറന്നു പറഞ്ഞ് മഞ്ജരേക്കര്‍
കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ 474 റണ്‍സടിച്ച റിങ്കു ഈ സീസണിലെ ആറ് മത്സരങ്ങളില്‍ നിന്ന് ഇതുവരെ 83 റണ്‍സ് മാത്രമാണ് നേടിയത്. രണ്ട് തവണ പുറത്താകാതെ നിന്ന റിങ്കുവിന് 162.75 എന്ന മികച്ച സ്ട്രൈക്ക് റേറ്റുണ്ട്.
മുംബൈ: ഐപിഎല്ലില്‍ അവസരം കിട്ടാത്ത പല യുവതാരങ്ങള്‍ക്കും ലോകകപ്പ് ടീമില്‍ ഇടം കിട്ടാന്‍ ബുദ്ധിമുട്ടാകുമെന്ന് തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. കൊല്‍ക്കത്ത താരം റിങ്കു സിംഗ് ലോകകപ്പ് ടീമിലെത്തുമെന്ന് ഉറപ്പാണെങ്കിലും ഈ സീസണില്‍ എതാനും മത്സരങ്ങളില്‍ മാത്രമാണ് റിങ്കുവിന് അവസരം ലഭിച്ചതെന്നും മഞ്ജരേക്കര്‍ ഫസ്റ്റ് പോസ്റ്റിനോട് പറഞ്ഞു. ലോകകപ്പിനുള്ള 15 അംഗ ടീമിനെ ഈ മാസം അവസാനം സെലക്ടര്‍മാര്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ 474 റണ്‍സടിച്ച റിങ്കു ഈ സീസണിലെ ആറ് മത്സരങ്ങളില്‍ നിന്ന് ഇതുവരെ 83 റണ്‍സ് മാത്രമാണ് നേടിയത്. രണ്ട് തവണ പുറത്താകാതെ നിന്ന റിങ്കുവിന് 162.75 എന്ന മികച്ച സ്ട്രൈക്ക് റേറ്റുണ്ട്. അതുകൊണ്ടുതന്നെ റിങ്കു ലോകകപ്പ് ടീമിലെ സ്വാഭാവിക ചോയ്സാകുമെന്ന് ഉറപ്പാണ്. എന്നാല്‍ ഐപിഎല്ലില്‍ വേണ്ടത്ര അവസരം ലഭിക്കാത്ത മറ്റ് പലയുവതാരങ്ങളുടെയും കാര്യം അങ്ങനെയല്ലെന്നും മഞ്ജരേക്കര്‍ പറഞ്ഞു
സഞ്ജു ഉറപ്പായും ടീമില്‍ വേണം
രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ഇപ്പോഴാണ് പ്രതീക്ഷക്കൊത്ത് ഉയരുന്നതെന്നും അതുകൊണ്ടുതന്നെ സഞ്ജുവിനെപ്പോലുള്ള താരങ്ങള്‍ ലോകകപ്പ് ടീമില്‍ ഉറപ്പായും വേണമെന്നും മഞ്ജരേക്കര്‍ പറഞ്ഞു. സഞ്ജു ദീര്‍ഘകാലമായി ഇന്ത്യന്‍ ടീമില്‍ വന്നും പോയും ഇരിക്കുന്ന താരമാണ്. സഞ്ജുവില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിച്ച കാര്യങ്ങള്‍ ഇപ്പോഴാണ് യാഥാര്‍ത്ഥ്യമാകുന്നത്. ഈ സീസണില്‍ സഞ്ജു പുറത്തെടുക്കുന്ന സ്ഥിരതയും പക്വതയും എടുത്തു പറയേണ്ടതാണ്. ഫോമിലാണെങ്കില്‍ സഞ്ജുവിനെ പിടിച്ചാല്‍ കിട്ടില്ല. ലോകകപ്പ് ടീമില്‍ സഞ്ജുവിനെപ്പോലുള്ള താരങ്ങള്‍ എന്തായാലും വേണമെന്നും മഞ്ജരേക്കര്‍ പറഞ്ഞു. ജൂണില്‍ ആരംഭിക്കുന്ന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഈ മാസം അവസാനം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക