സഞ്ജു സാംസണ്‍ ടി20 ലോകകപ്പിനുണ്ടാകുമോ? വസിം ജാഫറിന്റെ വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയിങ്ങനെ
ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ കളിക്കാന്‍ പാകത്തിലുള്ള താരങ്ങളെ തിരഞ്ഞെടുക്കുകയെന്നുള്ളത് സെലക്റ്റര്‍മാരെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയാവും. വേഗമുള്ള പിച്ചില്‍ കാര്യങ്ങള്‍ എളുപ്പമായേക്കില്ല.
മുംബൈ: ടി20 ലോകകപ്പിനുള്ള (T20 World Cup) ഇന്ത്യന്‍ ടീമിനെ തിരിഞ്ഞെടുക്കുമ്പോള്‍ താരങ്ങളുടെ ഐപിഎല്‍ പ്രകടനം പ്രധാന ഘടകമാവും. ഐപിഎല്ലിന് ശേഷം നടക്കുന്ന ഇന്ത്യയുടെ ക്രിക്കറ്റ് പരമ്പരകളിലെ പ്രകടനങ്ങളും സെലക്റ്റര്‍മാര്‍ നിരീക്ഷിക്കും. അവസാന ലോകകപ്പില്‍ ടീം പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. അഭിമാനം വീണ്ടെടുക്കാന്‍ പ്രഥമ ടി20 ലോകകപ്പ് ചാംപ്യന്മാരായ ഇന്ത്യ ശ്രമിക്കുക. ഇത്തവണ രോഹിത് ശര്‍മയുടെ കീഴിലാണ് ടീം ഇറങ്ങുക.
ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ കളിക്കാന്‍ പാകത്തിലുള്ള താരങ്ങളെ തിരഞ്ഞെടുക്കുകയെന്നുള്ളത് സെലക്റ്റര്‍മാരെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയാവും. വേഗമുള്ള പിച്ചില്‍ കാര്യങ്ങള്‍ എളുപ്പമായേക്കില്ല. വിക്കറ്റ് കീപ്പര്‍മാരാണ് പ്രധാന തലവേദന, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍ (Sanju Samson) ദിനേശ് കാര്‍ത്തിക്, ഇഷാന്‍ കിഷന്‍ (Ishan Kishan) ഇങ്ങനെ നീളുകയാണ് നിര. രാഹുല്‍ സ്‌പെഷ്യലിസ്റ്റ് കീപ്പറല്ലെങ്കില്‍ കൂടി പരിഗണന ലഭിക്കും.
ഐപിഎല്‍ പ്രകടനത്തിലൂടെ കാര്‍ത്തിക് ഒരങ്കത്തിന് കൂടി ബാല്യമുണ്ടെന്ന് തെളിയിച്ചു. ഐപിഎല്ലില്‍ മികച്ച പ്രകടനമില്ലെങ്കിലും പോലും റിഷഭ് പന്ത് തന്നെയാണ് കീപ്പറാവാന്‍ സാധ്യത. സഞ്ജുവിന് രോഹിത്തിന് പിന്തുണയുണ്ട്. ലോകകപ്പിന് മുമ്പുള്ള പരമ്പരകളില്‍ സ്ഥാനം കിട്ടാന്‍ സാധ്യതയേറെയാണ്. ഇഷാന് ഫോം തെളിയിക്കേണ്ടതുണ്ട്. എന്നാലിപ്പോള്‍ ലോകകപ്പ് ടീമില്‍ ഉണ്ടായിരിക്കേണ്ട വിക്കറ്റ് കീപ്പര്‍മാരെ കുറിച്ച് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍.
മൂന്ന് പേരുടെ പേരാണ് അദ്ദേഹം പറയുന്നത്. അതിലൊരിക്കലും മലയാളിതാരം സഞ്ജുവില്ല. രാഹുല്‍ വിക്കറ്റ് കീപ്പറാവണമെന്നാണ് ജാഫര്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഒരു വിക്കറ്റ് കീപ്പറുമായി മുന്നോട്ട് പോവാന്‍ തീരുമാനിച്ചാല്‍ ഞാന്‍ രാഹുലിനെ നിര്‍ദേശിച്ചു. കൂടുതല്‍ പേരെ പരിഗണിക്കുകയാണെങ്കില്‍ രാഹുലിന് പിന്നില്‍ റിഷഭ് വരും. ഇന്ത്യയുടെ ഭാവി നായകനാണ് റിഷഭ്. മൂന്നാമന്‍ കാര്‍ത്തികാണ്. എന്നാല്‍ കാര്‍ത്തികോ റിഷഭോ എന്ന് എന്നോട് ചോദിച്ചാല്‍ മറുപടി പറയാന്‍ ബുദ്ധിമുട്ടാവും. ടോസിട്ട് നോക്കേണ്ടി വരും.'' ജാഫര്‍ വ്യക്തമാക്കി.
ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് ദക്ഷിണാഫ്രിക്, അയര്‍ലന്‍ഡ്, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരെ പരമ്പരകളുണ്ട്. ഈ താരങ്ങള്‍ക്കെല്ലാം അവസരം നല്‍കുമെന്നാണ് പുറത്തുവരുന്ന വിവരം.