ആരാണ് ഏറ്റവും കൂടുതല്‍ പിന്തുണച്ചത്? സൂര്യയുടെ പേര് പറയാതെ സഞ്ജു; മറ്റൊരാളുടെ പേര് വെളിപ്പെടുത്തി താരം
മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍ എബി ഡിവില്ലിയേഴ്‌സുമായി നടത്തിയ യുട്യൂബ് ഇന്റര്‍വ്യൂയില്‍ സംസാരിക്കുകയായിരുന്നു സഞ്ജു.
തിരുവനന്തപുരം: ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനയായ ശേഷം വലിയ പിന്തുണ ലഭിച്ച താരമാണ് സഞ്ജു സാംസണ്‍. ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ ഓപ്പണറായി സ്ഥാനമേറ്റെടുത്ത സഞ്ജു മൂന്ന് സെഞ്ചുറികള്‍ ഇതിനോടം കണ്ടെത്തി. രോഹിത് ശര്‍മ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചപ്പോഴാണ് സഞ്ജുവിനെ ഇന്ത്യന്‍ ടീമിന്റെ ഓപ്പണറാക്കിയത്. പിന്നാലെ ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെ താരം സെഞ്ചുറി നേടുകയും ചെയ്തു. ഇപ്പോള്‍ ഗംഭീറിനെ കുറിച്ചും അദ്ദേഹം നല്‍കിയ പിന്തുണയെ കുറിച്ചും സംസാരിക്കുകയാണ് സഞ്ജു.
മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍ എബി ഡിവില്ലിയേഴ്‌സുമായി നടത്തിയ യുട്യൂബ് ഇന്റര്‍വ്യൂയില്‍ സംസാരിക്കുകയായിരുന്നു സഞ്ജു. സഞ്ജു വിശദീകരിക്കുന്നതിങ്ങനെ... ''അദ്ദേഹം ഇന്ത്യന്‍ ടീമിലേക്ക് വരുമ്പോള്‍, ഞാന്‍ ഡ്രസിംഗ് റൂമിലുണ്ടായിരുന്നു. എനിക്ക് സവിശേഷമായ കഴിവുണ്ടെന്നും അതെനിക്ക് അറിയാമെന്നും വേണ്ടത്ര പിന്തുണ ലഭിക്കുമെന്നും അദ്ദേഹം എനിക്ക് ഉറപ്പ് തന്നു. ക്രീസിലെത്തിയ, ഇഷ്ടമുള്ളത് പോലെ കളിക്കൂവെന്നാണ് ഗംഭീര്‍ എന്നോട് പറഞ്ഞത്. അത്തരത്തിലുള്ളൊരു ആശയവിനിമയമാണ് എനിക്ക് ആത്മവിശ്വാസം നല്‍കിയത്.'' സഞ്ജു പറഞ്ഞു.
എന്നാല്‍ തന്റെ തുടക്കം നന്നായില്ലെന്നും സഞ്ജു പറഞ്ഞു. ''എന്നാല്‍ ചില മത്സരങ്ങളിള്‍ ഞാന്‍ പരാജയപ്പെട്ടു. ഞാന്‍ സമ്മര്‍ദ്ദിലായി. വലിയ പിന്തുണ നല്‍കുന്ന ഒരു കോച്ചുണ്ടായിട്ടും എനിക്കാന്‍ കളിക്കാന്‍ കഴിഞ്ഞില്ല. ഫോമിലേക്ക് തിരിച്ചെത്തണമെന്ന് ഞാന്‍ സ്വയം പറഞ്ഞ് ബോധിപ്പിച്ചു. ദൈവാനുഗ്രഹം കൊണ്ട് പിന്നീട് പലതും നടന്നു. എനിക്ക് സ്‌കോര്‍ നേടുന്നത് തുടരണം, രാജ്യത്തിന് വേണ്ടി വിജയങ്ങള്‍ നേടണം.'' 30കാരന്‍ വ്യക്തമാക്കി.
ഗംഭീറുമായി തുടക്കം മുതല്‍ വലിയ ബന്ധമാണെന്നും സഞ്ജു പറഞ്ഞു. ''എനിക്ക് ഗംഭീറുമായിട്ട് കരിയറിന്റെ തുടക്കം തൊട്ട് വലിയ ബന്ധമുണ്ട്. എന്റെ ആദ്യത്തെ ഐപിഎല്‍ ഫ്രാഞ്ചൈസി കൊല്‍ക്കത്ത നൈറ്റ് റൈഴ്‌സ് ആയിരുന്നു. എനിക്ക് 14 വയസുള്ളപ്പോള്‍ അവര്‍ എന്നെ അണ്ടര്‍ 14 ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. 17-ാം വയസില്‍ സീനിയര്‍ ടീമിലേക്ക് വിളിച്ചു. ആ വര്‍ഷം ഗംഭീറിന് കീഴില്‍ കൊല്‍ക്കത്ത ഐപിഎല്‍ കിരീടം നേടി.'' സഞ്ജു കൂട്ടിചേര്‍ത്തു.
സയ്യിദ് മുഷ്താഖ് അലി ടി20യില്‍ കേരളത്തിന് വേണ്ടിയാണ് സഞ്ജു കളിച്ചിരുന്നു. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ടീം പുറത്തായി. എന്നാല്‍ വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമില്‍ സഞ്ജു ഉണ്ടായിരുന്നില്ല. ക്രിസ്മസ് അവധിക്ക് ശേഷം താരം ടീമിനൊപ്പം ചേരുമെന്നാണ് അറിയുന്നത്.