അടി തന്നെ അടി, സിക്‌സടിക്കാന്‍ കാത്തിരിക്കരുതെന്ന് സഞ്ജു! ടി20യെ കുറിച്ചുള്ള കാഴച്ചപ്പാട് വ്യക്തമാക്കി താരം
ഇപ്പോള്‍ ടി20 ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ആക്രമിച്ച് കളിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് സഞ്ജു സംസാരിക്കുന്നത്.
ദില്ലി: ടി20 ക്രിക്കറ്റ് വേഗതയേറിയ ഫോര്‍മാറ്റാണ്. ആക്രമിച്ച് കളിക്കുന്ന രീതിയാണ് ഫോര്‍മാറ്റിന് ഉചിതവും. ഇത്തരം ഫോര്‍മാറ്റുകളില്‍ സ്‌ട്രൈക്ക് കുറഞ്ഞ താരങ്ങള്‍ക്കെല്ലാം വിമര്‍ശനമുണ്ടാവാറുണ്ട്. ഐപിഎല്ലില്‍ തന്നെ കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍ എന്നിവരൊക്കെ കുറഞ്ഞ സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ പഴി കേട്ടവരാണ്. ചില ഇന്നിംഗ്‌സുകള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരം വിരാട് കോലിക്കും ഡല്‍ഹി കാപിറ്റല്‍സിന്റെ റിഷഭ് പന്തിനും വിനയായിട്ടുണ്ടായിരുന്നു.
ഇപ്പോള്‍ ടി20 ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ആക്രമിച്ച് കളിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് സഞ്ജു സംസാരിക്കുന്നത്. ''20 ഓവറുകള്‍ മാത്രമുള്ള മത്സരമാണ്. ഒരു മത്സരത്തിന്റെ അഞ്ച് അഞ്ച് ശതമാനമാണ് ഓരോ ഓവറുകളും. അതുകൊണ്ടുതന്നെ ക്രീസില്‍ നിലയുറപ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് നമുക്ക് ആവശ്യപ്പെടാന്‍ കഴിയില്ല. പത്ത് റണ്‍സിന് ശേഷം സിക്‌സടിച്ച് തുടങ്ങിയേക്കാമെന്ന് കരുതരുത്. ഇന്ന ബൗളറെ ഞാന്‍ അടിക്കില്ലെന്നും കരുതരുത്. അവസാന പന്തുവരെ അടിച്ചുകൊണ്ടിരിക്കണം എന്ന് വേണം കരുതാന്‍. ഇതില്‍ ഒരു ശൈലി മാത്രമേയുള്ളൂ. ബൗണ്ടറികള്‍ക്ക് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുക. അത്തരത്തിലുള്ള പരിശ്രമമാണ് വേണ്ടത്. മത്സരത്തില്‍ സ്വാധീനം ചെലുത്താന്‍ ഇന്നിംഗ്‌സിന് സാധിക്കണം.'' സഞ്ജു പറഞ്ഞു.
ടി20 ക്രിക്കറ്റില്‍ വ്യക്തിഗത നേട്ടങ്ങള്‍ക്ക് പ്രാധാന്യമില്ലെന്നാണ് സഞ്ജു പറയുന്നത്. ''ടി20 ഫോര്‍മാറ്റില്‍ വ്യക്തിഗത നേട്ടത്തിന് വേണ്ടി പ്രധാന്യം നല്‍കരുത്. ആധിപത്യം സ്ഥാപിക്കുക മാത്രമായിരിക്കണം ലക്ഷ്യം. അതിന് സാധിക്കുന്നില്ലെങ്കില്‍ പകരം വരുന്ന താരങ്ങള്‍ ആധിപത്യം കാണിക്കുമെന്ന് ഞാന്‍ കരുതും. അവര്‍ക്കും ആധിപത്യം സ്ഥാപിക്കാനായില്ലെങ്കില്‍ ടീം പരാജയപ്പെടും. ഇതിന് മറ്റൊരു ഗിയറില്ല. ആധിപത്യം സ്ഥാപിച്ചുകൊണ്ടേയിരിക്കുക. ടി20 ക്രിക്കറ്റിന് ഈ ശൈലിയാണ് ഉതകുക എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.'' രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ കൂട്ടിചേര്‍ത്തു.
ഐപിഎല്‍ റണ്‍വേട്ടയില്‍ നിലവില്‍ പത്താം സ്ഥാനത്താണ് സഞ്ജു. 10 മത്സരങ്ങള്‍ കളിച്ച സഞ്ജുവിന് 159.09 സ്‌ട്രൈക്ക് റേറ്റില്‍ 385 റണ്‍സാണുള്ളത്. ഐപിഎല്‍ റണ്‍വേട്ടയില്‍ ആദ്യ അഞ്ചിലെങ്കിലും സഞ്ജുവെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.