ഇഷാനെ മറികടക്കാന്‍ സഞ്ജു! റെസ്റ്റ് ഓഫ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായേക്കും; ഇറാനി ട്രോഫിക്കുള്ള ടീം ഉടന്‍
ദുലീപ് ട്രോഫിയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ തിരഞ്ഞെടുക്കുക.
അനന്ത്പൂര്‍: ദുലീപ് ട്രോഫിക്ക് ശേഷം ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണില്‍ ഇനി നടക്കാനുള്ളത് ഇറാനി ട്രോഫിയാണ്. രഞ്ജി ചാംപ്യന്മാരായ മുംബൈയും റെസ്റ്റ് ഓഫ് ഇന്ത്യയുമാണ് നേര്‍ക്കുനേര്‍ വരിക. ഒക്ടോബര്‍ 1 മുതല്‍ അഞ്ച് വരെ ലഖ്‌നൗവിലാണ് മത്സരം. ഇരും ടീമുകളേയും പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ സീസണില്‍ മുംബൈയെ 42-ാം രഞ്ജി ട്രോഫി വിജയത്തിലേക്ക് നയിച്ച അജിന്‍ക്യ രഹാനെ തന്നെയായിരിക്കും ടീമിനെ നയിക്കുക. ഇന്ത്യയുടെ ടെസ്റ്റ് ടീമീലേക്ക് മടങ്ങി വരവിന ശ്രമിക്കുന്ന ശ്രേയസ് അയ്യര്‍ ടീമിലുണ്ടാവും. പരിക്കിന് ശേഷം ഷാര്‍ദുല്‍ ഠാക്കൂര്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്തും. മുഷീര്‍ ഖാനും മുംബൈ ടീമിന്റെ ഭാഗമാവും. ഇറാനി ട്രോഫിക്കുള്ള മുംബൈ ടീമിനെ നാളെ പ്രഖ്യാപിച്ചേക്കും.
അതേസമയം, ദുലീപ് ട്രോഫിയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ തിരഞ്ഞെടുക്കുക. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചേക്കും. ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡിക്ക് വേണ്ടി രണ്ട് മത്സരം കളിച്ച സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 196 റണ്‍സാണ് സഞ്ജു നേടിയത്. ഇന്ത്യ ഒരു സെഞ്ചുറിയും ഉള്‍പ്പെടും. ഇന്ത്യ ബിക്കെതി നേടിയ 106 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ആ മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ 45 റണ്‍സും സഞ്ജു നേടിയിരുന്നു.
ഇന്ത്യ എയ്‌ക്കെതിരെ ആദ്യ ഇന്നിംഗ്‌സില്‍ 5 റണ്‍സിന് പുറത്തായ സഞ്ജു രണ്ടാം ഇന്നിംഗ്‌സില്‍ 45 റണ്‍സ് നേടി. റണ്‍സ് വേട്ടക്കാരില്‍ ഏഴാം റാങ്കിലാണ് താരം. നേരത്തെ, ഇഷാന്‍ കിഷന് പരിക്കേറ്റപ്പോഴാണ് സഞ്ജുവിന് ദുലീപ് ട്രോഫി കളിക്കാനുള്ള അവസരം നല്‍കിയത്. പിന്നീട് പരിക്ക് മാറി തിരിച്ചെത്തിയ ഇഷാന്‍ കിഷന്‍ രണ്ട് മത്മസരങ്ങളില്‍ നിന്ന് 134 റണ്‍സാണ് നേടിയത്. 111 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. സഞ്ജുവിനോളം മികച്ച പ്രകടനം പുറത്തെടുത്ത മറ്റു വിക്കറ്റ് കീപ്പര്‍മാരില്ല. അതുകൊണ്ടുതന്നെ സഞ്ജുവിനെ തഴയാന്‍ സെലക്റ്റര്‍മാര്‍ക്ക് സാധിച്ചേക്കില്ല.
ഇറാനി ട്രോഫിയിലും വരാനിരക്കുന്ന രഞ്ജി ട്രോഫിയിലും മികച്ച പ്രകടനം പുറത്തെടുത്താല്‍ സഞ്ജു ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചേക്കും. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നടക്കാനിരിക്കെ സഞ്ജുവിന് വലിയ അവസരമാണ് വന്നുചേര്‍ന്നിരിക്കുന്നത്.