റിഷഭ് പന്തിനെ തഴയും, സഞ്ജു സാംസണ്‍ ടീമിനൊപ്പം ചേരും! ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
ഇംഗ്ലണ്ടിനെതിരെ കൡക്കുന്ന ടീം തന്നെയായിരിക്കും ചാംപ്യന്‍സ് ട്രോഫിയിലും കളിക്കുക.
മുംബൈ: ഐസിസി ചാംപ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്കുള്ള സമയക്രമവും വേദിയും ഇന്നാണ് ഐസിസി പുറത്തുവിട്ടത്. ഹൈബ്രിഡ് മോഡലില്‍ നടക്കുന്ന ടൂര്‍ണമെന്റിന് പാകിസ്ഥാനും യുഎഇയും വേദിയാകും. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ നടക്കും. റാവല്‍പിണ്ടി, കറാച്ചി, ലാഹോര്‍ എന്നിവയാണ് മറ്റുവേദികള്‍. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 23ന് ഇന്ത്യ - പാകിസ്ഥാന്‍ ഗ്ലാമര്‍ പോര്. മാര്‍ച്ച് രണ്ടിന് ന്യൂസിലന്‍ഡിനേയും ഇന്ത്യ നേരിടും.
ചാംപ്യന്‍സ് ട്രോഫിക്ക് മുമ്പ് ഇന്ത്യ മൂന്ന് ഏകദിനങ്ങള്‍ മാത്രമാണ് കളിക്കുക. ഇംഗ്ലണ്ടിനെതിരെയാണിത്. ഇംഗ്ലണ്ടിനെതിരെ കൡക്കുന്ന ടീം തന്നെയായിരിക്കും ചാംപ്യന്‍സ് ട്രോഫിയിലും കളിക്കുക. മലയാളി താരം സഞ്ജു സാംസണ്‍ 15 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുമോ എന്നാണ് ആരാധകരുടെ ചോദ്യം. അതുപോലെ സീനിയര്‍ താരങ്ങളില്‍ പലരുടേയും അവസാന ടൂര്‍ണമെന്റ് കൂടിയായിരിക്കുമിത്. അതുകൊണ്ടുതന്നെ, പ്രധാന താരങ്ങളെ ഉള്‍പ്പെടുത്തുകൊണ്ട് തന്നെ ആയിരിക്കും ടൂര്‍ണമെന്റ്. ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍ പരിശോധിക്കാം.
ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, റിയാന്‍ പരാഗ് / വാഷിംഗ്ടണ്‍ സുന്ദര്‍, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്.
ട്രാവലിംഗ് റിസര്‍വ്: സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ.
ചാംപ്യന്‍സ് ട്രോഫിക്ക് ശേഷം ജയ്‌സ്വാള്‍ ഏകദിന ടീമിന്റെ ഭാഗമാകുമെന്നാണ് അറിയുന്നത്. റിയാന്‍ പരാഗിനൊപ്പം വാഷിംഗ്ടണ്‍ സുന്ദറും പ്ലേയിംഗ് ഇലവനിലെത്താന്‍ മത്സരിക്കും. പരിക്ക് മാറി പൂര്‍ണ കായികക്ഷമത വീണ്ടെടുത്താല്‍ മാത്രമെ ഷമിക്ക് ടീമിനൊപ്പം ചേരാന്‍ സാധിക്കൂ. റിഷഭ് പന്തിനെ ഏകദിന ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യതയില്ല. 31 ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരത്തിന് ഇപ്പോഴും അടയാളപ്പെടുത്താനായിട്ടില്ല. 33.5 ശരാശരിയില്‍ 871 റണ്‍സാണ് സമ്പാദ്യം. കെ എല്‍ രാഹുലിന്റെ ബാക്ക് അപ്പായി സഞ്ജുവിനെ ടീമിനൊപ്പം ചേര്‍ത്തേക്കും.