സഞ്ജുവിനെ കോലിക്കും രോഹിത്തിനും സൂര്യകുമാറിനും പകരക്കാരനായി കാണുന്നു, തഴഞ്ഞെന്ന വാദം തെറ്റ്: ജയേഷ് ജോർജ്

ജയേഷ് ജോര്‍ജ് പറഞ്ഞതിന് സമാനമായിരുന്നു മത്സരം കാണാന്‍ തലസ്ഥാനത്തെത്തിയ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയുടെ പ്രതികരണവും

Sanju Samson is considered as a replacement for Virat Kohli Rohit Sharma and Suryakumar Yadav says Jayesh George

കാര്യവട്ടം: മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസൺ ഇന്ത്യയുടെ ഭാവി താരമെന്ന് ബിസിസിഐ ജോയിന്‍റ് സെക്രട്ടറി ജയേഷ് ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട്. ബാറ്റിംഗ് മെഷീനുകളായ വിരാട് കോലിക്കും രോഹിത് ശര്‍മ്മയ്‌ക്കും സൂര്യകുമാര്‍ യാദവിനും പകരക്കാരനായാണ് സഞ്ജുവിനെ കരുതുന്നത്. സഞ്ജുവിനെ തഴഞ്ഞെന്ന വാദം തെറ്റെന്നും ജയേഷ് ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കാര്യവട്ടത്ത് ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20ക്ക് മുന്നോടിയായാണ് ജയേഷിന്‍റെ പ്രതികരണം. 

ജയേഷ് ജോര്‍ജ് പറഞ്ഞതിന് സമാനമായിരുന്നു മത്സരം കാണാന്‍ തലസ്ഥാനത്തെത്തിയ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയുടെ പ്രതികരണവും. സഞ്ജു സാംസണ്‍ മികച്ച താരം. സഞ്ജു ഇന്ത്യൻ ടീമിന്‍റെ പദ്ധതികളിൽ ഉണ്ട്. സഞ്ജു ഇപ്പോൾ വൺഡേ ടീമിന്റെ ഭാഗമാണ് എന്നുമായിരുന്നു ദാദയുടെ വാക്കുകള്‍. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയില്‍ അവസരം ലഭിച്ചില്ലെങ്കിലും ഏകദിന മത്സരങ്ങളില്‍ സഞ്ജുവിന് ഇടംകിട്ടുമെന്ന സൂചന നല്‍കി ബിസിസിഐ അധ്യക്ഷന്‍. സഞ്ജുവിനെ വൈസ് ക്യാപ്റ്റനാക്കാനിടയുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സമീപകാലത്ത് മികച്ച പ്രകടനം പുറത്തെടുക്കുന്ന രോഹൻ കുന്നുമ്മൽ, ബേസിൽ തമ്പി എന്നിവരെ പേരെടുത്തു പ്രശംസിക്കുകയും ചെയ്തു ഗാംഗുലി. 

അതേസമയം കാര്യവട്ടം ടി20 കാണാന്‍ സഞ്ജു സാംസണും സ്റ്റേഡിയത്തിലെത്തും. ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി വന്ന അതേ വിമാനത്തിലാണ് സ‍ഞ്ജു സാംസണ്‍ ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയത്. ആരാധകരുടെ വലിയ പിന്തുണയിൽ സന്തോഷമെന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ സഞ്ജു പറ‍ഞ്ഞു. ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ എയെ വിജയകരമായി നയിച്ച ശേഷമാണ് സഞ്ജുവിന്‍റെ വരവ്. പരമ്പര സഞ്ജുവിന്‍റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ എ 3-0ന് സ്വന്തമാക്കിയിരുന്നു. സഞ്ജുവാണ് പരമ്പരയിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനും. 

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ ഫൈനലിലെത്തിച്ചിട്ടും 2022ല്‍ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചിട്ടും ഏഷ്യാ കപ്പ് സ്‌ക്വാഡിലോ ടി20 ലോകകപ്പ് ടീമിലോ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്താതിരുന്നത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. അടുത്തിടെ വിന്‍ഡീസ്, സിംബാബ്‌വെ പര്യടനങ്ങളില്‍ മികച്ച പ്രകടനം സ‌ഞ്ജു കാഴ്‌ചവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ എ ക്യാപ്റ്റന്‍ പദവി സഞ്ജുവിനെ തേടിയെത്തിയത്. ഇനിയും സഞ്ജുവിന് മുന്നില്‍ അവസരങ്ങള്‍ തുറക്കും എന്നാണ് ബിസിസിഐ നല്‍കുന്ന സൂചന. ഇനി വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ഏകദിന പരമ്പരയില്‍ സഞ്ജു ടീമിലെത്തും എന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. 

ടി20 ലോകകപ്പ്: സഞ്ജുവിനെ ഉള്‍പ്പെടുത്താത്തതിനെ കുറ്റപ്പെടുത്താനാവില്ല, അവസരങ്ങള്‍ വരും: റോബിന്‍ ഉത്തപ്പ

Latest Videos
Follow Us:
Download App:
  • android
  • ios