രാജസ്ഥാന്‍റെ ഇതിഹാസ നായകനൊപ്പം ഇനി സഞ്ജു സാംസണും, വിജയങ്ങളില്‍ ഷെയ്ന്‍ വോണിന്‍റെ റെക്കോർഡിനൊപ്പം
രാജസ്ഥാന്‍ നായകനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയ ഇതിഹാസ താരം ഷെയ്ന്‍ വോണിന്‍റെ റെക്കോര്‍ഡിനൊപ്പവും സഞ്ജു എത്തി.
അഹമ്മദാബാദ്: ഐപിഎല്‍ എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിനെ വീഴ്ത്തി രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയതിന് പിന്നാല ചരിത്രനേട്ടം സ്വന്തമാക്കി നായകന്‍ സഞ്ജു സാംസണ്‍. തുടര്‍ച്ചയായ നാലു തോല്‍വികള്‍ക്കൊടുവില്‍ എലിമിനേറ്ററില്‍ ആര്‍സിബിക്കെതിരെ മത്സരത്തിനിറങ്ങുമ്പോള്‍ രാജസ്ഥാന്‍റെ കടുത്ത ആരാധകര്‍ക്ക് പോലും പ്രതീക്ഷയില്ലായിരുന്നു. എന്നാല്‍ നിര്‍ണായക ടോസ് ജയിച്ച് ആര്‍സിബിയെ 172 റണ്‍സിലൊതുക്കി വിജയം അടിച്ചെടുത്ത രാജസ്ഥാന്‍ രണ്ടാം ക്വാളിഫയറിലെത്തിയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് നായകനെന്ന നിലയില്‍ സഞ്ജുവിന്‍റെ 31-ാമത്തെ ജയമായി അത്.
ഇതോടെ രാജസ്ഥാന്‍ നായകനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയ ഇതിഹാസ താരം ഷെയ്ന്‍ വോണിന്‍റെ റെക്കോര്‍ഡിനൊപ്പവും സഞ്ജു എത്തി. 56 മത്സരങ്ങളില്‍ നിന്നാണ് വോണ്‍ രാജസ്ഥാന് 31 ജയങ്ങള്‍ സമ്മാനിച്ചതെങ്കില്‍ മൂന്ന് സീസണുകളിലായി 60 മത്സരങ്ങളില്‍ നിന്നാണ് സഞ്ജുവിന്‍റെ നേട്ടം. സഞ്ജുവിന് കീഴില്‍ 28 മത്സരങ്ങള്‍ രാജസ്ഥാന്‍ തോറ്റപ്പോള്‍ വോണിന് കീഴില്‍ 24 കളികളില്‍ തോറ്റു.
2022ലെ സീസണില്‍ ആദ്യമായി രാജസ്ഥാന്‍ നായകനായ സഞ്ജു ആ സീസണില്‍ തന്നെ ടീമിലെ ഫൈനലിലെത്തിച്ച് മികവ് കാട്ടി. കഴിഞ്ഞ സീസണില്‍ നേരിയ വ്യത്യാസത്തില്‍ പ്ലേ ഓഫ് നഷ്ടമായി അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത രാജസ്ഥാന്‍ ഈ സീസണിലാകട്ടെ ആദ്യ എട്ടുകളികളില്‍ ഏഴ് ജയവുമായി തുടക്കത്തിലെ പ്ലേ ഓഫ് ഉറപ്പിച്ചു. പിന്നീട് രാജസ്ഥാന് അടിതെറ്റിയെങ്കിലും 17 പോയന്‍റുമായി പ്ലേ ഓഫിലെത്തി.
നെറ്റ് റണ്‍റേറ്റല്‍ ക്വാളിഫയര്‍ നഷ്ടമായെങ്കിലും എലിമിനേറ്ററില്‍ ആറ് തുടര്‍ ജയങ്ങളുടെ പകിട്ടുമായി എത്തിയ വിരാട് കോലിയുടെ ആര്‍സിബിയെ വീഴ്ത്തി രാജസ്ഥാന്‍ രണ്ടാം ക്വാളിഫയറിന് അര്‍ഹത നേടി. നാളെ ചെന്നൈയില്‍ നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തിയാല്‍ സഞ്ജുവിന് വിജയങ്ങളില്‍ ഷെയ്ന്‍ വോണിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്താനാവും. ഫൈനലില്‍ കൊല്‍ക്കത്തയെ വീഴ്ത്തി കിരീടവും നേടിയാല്‍ വോണിന് ശേഷം രാജസ്ഥാന് കിരീടം സമ്മാനിക്കുന്ന ഇതിഹാസ നായകനാവാനും സഞ്ജുവിന് അവസരമുണ്ട്. രാജസ്ഥാന്‍ ക്യാപ്റ്റനെന്ന നിലയില്‍ വിജയങ്ങളില്‍ രാഹുല്‍ ദ്രാവിഡ്(18), സ്റ്റീവ് സ്മിത്ത്(15) എന്നിവരാണ് സഞ്ജുവിന് പിന്നിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക