രണ്ട് കളിയിലും പൂജ്യത്തിന് പുറത്ത്, കീപ്പറായപ്പോൾ കൈവിട്ടത് 3 ക്യാച്ചുകൾ; സഞ്ജു നഷ്ടമാക്കിയത് സുവർണാവരം
അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ചുറി അടിച്ചിട്ടും ഏകദിന ടീമില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളുടെയും ശക്തി കുറയ്ക്കുന്നതായി ടി20യില്‍ ലഭിച്ച രണ്ട് മത്സരങ്ങളിലെയും മലയാളി താരത്തിന്‍റെ പ്രകടനം.
കാന്‍ഡി: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താത്തിരുന്നപ്പോള്‍ പിന്തുണയുമായി രംഗത്തെത്തിയ ആരാധകരെ നിശബ്ദരാക്കിയാണ് സഞ്ജു ശ്രീലങ്കയില്‍ നിന്ന് മടങ്ങുന്നത്. രണ്ടാം മത്സരത്തില്‍ ഓപ്പണറായി അവസരം കിട്ടിയ സഞ്ജു മഹീഷ തീക്ഷണയുടെ പന്തില്‍ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ മൂന്നാം മത്സരത്തില്‍ മൂന്നാം നമ്പറിലിറങ്ങിയപ്പോഴും അക്കൗണ്ട് തുറക്കാനകാതെ മടങ്ങി. റിഷഭ് പന്തിന് വിശ്രമം കൊടുത്ത് സഞ്ജുവിനെ വിക്കറ്റ് കീപ്പറാക്കിയപ്പോഴാകട്ടെ നഷ്ടമാക്കിയത് മൂന്ന് ക്യാച്ചുകളും.
ഒടുവില്‍ അവസാന ഓവറില്‍ സൂര്യകുമാര്‍ യാദവിന്‍റെ പന്തില്‍ തീക്ഷണയുടെ നിര്‍ണായക ക്യാച്ച് കൈയിലൊതുക്കിയെങ്കിലും പിന്തുണച്ച ആരാധകരെപ്പോലും നിരാശപ്പെടുത്തുന്നതായിരുന്നു ശ്രീലങ്കയില്‍ സഞ്ജുവിന്‍റെ പ്രകടനം. പ്ലേയിംഗ് ഇലവനിലും ടീമിലുമെത്താന്‍ കടുത്ത മത്സരം നടക്കുന്ന ഇന്ത്യൻ ടീമില്‍ ലഭിച്ച അവസരങ്ങളില്‍ മികവ് കാട്ടിയില്ലെങ്കില്‍ പിന്നീടൊരു തിരിച്ചുവരവ് ദുഷ്കരമാണ്. ടീം മാനേജ്മെന്‍റിന്‍റെ അകമഴിഞ്ഞ പിന്തുണയോ ആഭ്യന്തര ക്രിക്കറ്റിലെ അസാമാന്യ പ്രകടനമോ ഉണ്ടായാല്‍ മാത്രമെ പിന്നീട് തിരിച്ചുവരാനാകു.
അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ചുറി അടിച്ചിട്ടും ഏകദിന ടീമില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളുടെയും ശക്തി കുറയ്ക്കുന്നതായി ടി20യില്‍ ലഭിച്ച രണ്ട് മത്സരങ്ങളിലെയും മലയാളി താരത്തിന്‍റെ പ്രകടനം. മോശം ദിവസങ്ങള്‍ ഏതൊരു കളിക്കാരനും ഉണ്ടാകാമെങ്കിലും ടീമിലെത്താനും പ്ലേയിംഗ് ഇലവനിലെത്താനും കടുത്ത മത്സരമുള്ള ഇന്ത്യൻ ടീമില്‍ സഞ്ജുവിന് ഓരോ മത്സരവും ഡു ഓര്‍ ഡൈ പോരാട്ടങ്ങളാണ്. ശ്രീലങ്കയില്‍ ലഭിച്ച രണ്ട് കളികളില്‍ ഒരു ഇംപാക്ട്ഫുള്‍ ഇന്നിംഗ്സ് കളിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ സഞ്ജുവിന് റിഷഭ് പന്തിന് മേല്‍ മേല്‍ക്കൈ ലഭിക്കുമായിരുന്നു എന്ന് കരുതുന്ന ആരാധകരാണ് കൂടുതലും.
Both T20I stats don't do justice to their talent. It seems both want to outplay one another because of his bad performance. #SanjuSamson #RishabhPant #sanju #samson #IndvsSL #CricketTwitter pic.twitter.com/yd1pCtz0Sm
— A Kumar (@Am_official007) July 30, 2024
ടി20യില്‍ സഞ്ജുവിനെക്കാള്‍ ഇരട്ടി മത്സരം കളിച്ചിട്ടുള്ള റിഷഭ് പന്ത് ഇതുവരെ 65 ഇന്നിംഗ്സില്‍ നിന്ന് നേടിയത് 22.71 ശരാശരിയിലും 126.667 സ്ട്രൈക്ക് റേറ്റിലുമായി 3 അര്‍ധസെഞ്ചുറി ഉള്‍പ്പെടെ 1158 റണ്‍സാണ്. 26 ഇന്നിംഗ്സുകളില്‍ 20.18 ശരാശരിയിലും 132.93 സ്ട്രൈക്ക് റേറ്റിലും രണ്ട് അര്‍ധസെഞ്ചുറി ഉള്‍പ്പെടെ സഞ്ജു നേടിയത് 444 റണ്‍സും. സഞ്ജുവിനെക്കാൾ മികച്ച പ്രകടനമൊന്നുമല്ലെങ്കിലും റിഷഭ് പന്തിന് ഇന്ത്യൻ ടീം മാനേജ്മെന്‍റിന്‍റെ പിന്തുണയുള്ളതിനാല്‍ ഒരു പരമ്പരയിലോ ഒന്നോ രണ്ടോ മത്സരങ്ങളിലോ മോശം പ്രകടനം നടത്തിയാലും തുടര്‍ന്നും അവസരം ലഭിക്കും.
കോപ്പയിലെ കൊടുങ്കാറ്റിനുശേഷം ഒളിംപിക്സ് ഫുട്ബോളിൽ അര്‍ജന്‍റീന-ഫ്രാന്‍സ് ക്വാര്‍ട്ടര്‍ പോരാട്ടം
ഇന്ത്യൻ ടീമിന്‍റെ ഭാഗമായി 10 വര്‍ഷമാകുന്ന സഞ്ജുവിനെക്കാള്‍ ഇരട്ടി മത്സരങ്ങളില്‍ അഞ്ച് വര്‍ഷം മുമ്പ് ഇന്ത്യൻ ടീമിലെത്തിയ റിഷഭ് പന്ത് കളിച്ചിട്ടുണ്ട് എന്നത് തന്നെ ഇതിന് തെളിവാണ്. സഞ്ജുവിന് വല്ലപ്പോഴും മാത്രം അവസരം ലഭിക്കുമ്പോള്‍ റിഷഭ് പന്തിന് തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കാറുണ്ട്. അതുകൊണ്ട് തന്നെ വല്ലപ്പോഴും ലഭിക്കുന്ന അവസരങ്ങള്‍ എങ്ങനെ ഉപയോഗിക്കുന്നുവെന്നത് സഞ്ജുവിന്‍റെ കരിയറില്‍ പ്രധാനമാണ്.
ഇഷാന്‍ കിഷനും ധ്രുവ് ജുറെലും സാക്ഷാല്‍ കെ എല്‍ രാഹുലുമെല്ലാം പുറത്തു നില്‍ക്കുന്ന ടീമില്‍ തുടര്‍ച്ച ലഭിക്കണമെങ്കില്‍ സഞ്ജു കിട്ടിയ അവസരങ്ങളില്‍ ഇംപാക്ട് ഉണ്ടാക്കുന്ന ഇന്നിംഗ്സ് കളിക്കേണ്ടകാലം അതിക്രമിച്ചുവെന്നാണ് ആരാധകരും കരുതുന്നത്. ഗൗതം ഗംഭീറിന്‍റെ നേതൃത്വത്തിലുള്ള പുതിയ ടീം മാനേജ്മെന്‍റിന്‍റെ എടുക്കുന്ന നിലപാടായിരിക്കും ഇനി സഞ്ജുവിന്‍റെ കാര്യത്തില്‍ നിര്‍ണായകമാകുക എന്നാണ് കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക