Asianet News MalayalamAsianet News Malayalam

ഇനി വരുന്നത് സഞ്ജുവിന്റെ ദിവസങ്ങള്‍? അവസാന മത്സരത്തിന് ശേഷം വിരാട് കോലി ബാറ്റണ്‍ കൈമാറിയത് മലയാളി താരത്തിനോ?

കോലി കളമൊഴിയുമ്പോള്‍ വരും വര്‍ഷങ്ങളില്‍ ആര് പകരം കളിക്കുമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. കോലി മാത്രമല്ല, ടോപ് ഓര്‍ഡറില്‍ നിന്ന് രോഹിത് ശര്‍മ കൂടി വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

sanju samson days coming after virat kohli and rohit sharma retirement
Author
First Published Jun 30, 2024, 8:13 AM IST

ബാര്‍ബഡോസ്: ടി20 ലോകകപ്പ് കിരീടമുയര്‍ത്തിയതിന് ശേഷമാണ് ഇന്ത്യന്‍ സീനിയര്‍ താരം വിരാട് കോലി അന്താരാഷ്ട്ര ടി20 മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 59 പന്തില്‍ 79 റണ്‍സ് നേടിയ കോലിയാണ് ഇന്ത്യയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചത്. ഫൈനലിലെ താരവും കോലിയായിരുന്നു. തുടര്‍ന്ന് ഇത് തന്റെ അവസാന മത്സരമായിരിക്കുമെന്ന് കോലി വ്യക്തമാക്കി. 124 മത്സരങ്ങള്‍ കളിച്ചിട്ടുള്ള കോലി 4188 റണ്‍സാണ് അടിച്ചെടുത്തത്. 48.69 ശരാശരിയും 137.04 സ്‌ട്രൈക്ക് റേറ്റും കോലിക്കുണ്ട്. 122 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരു സെഞ്ചുറിയും 37 അര്‍ധ സെഞ്ചുറിയും കോലി നേടി. 2010ല്‍ സിംബാബ്വെക്കെതിരെയായിരുന്നു കോലിയുടെ ടി20 അരങ്ങേറ്റം.

കോലി കളമൊഴിയുമ്പോള്‍ വരും വര്‍ഷങ്ങളില്‍ ആര് പകരം കളിക്കുമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. കോലി മാത്രമല്ല, ടോപ് ഓര്‍ഡറില്‍ നിന്ന് രോഹിത് ശര്‍മ കൂടി വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് സ്ഥാനങ്ങള്‍ നിലവില്‍ ഒഴിവാണ്. ഓപ്പണിംഗ് സ്ഥാനത്ത് യശസ്വി ജയ്‌സ്വാള്‍ - ശുഭ്മാന്‍ ഗില്‍ സഖ്യം സ്ഥാനമുറപ്പിച്ചേക്കും. കെ എല്‍ രാഹുല്‍, അഭിഷേക് ശര്‍മ എന്നിവരേയും പരിഗണിക്കേണ്ടി വരും. ലോകകപ്പിന് മുമ്പ് കോലി കളിച്ചിരുന്നത് മൂന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ ലോകകപ്പില്‍ റിഷഭ് പന്തിന് മൂന്നാം സ്ഥാനം നല്‍കി. സമ്മിശ്ര പ്രകടനമായിരുന്നു പന്തിന്റേത്. അതുകൊണ്ടുതന്നെ മറ്റൊരു താരത്തെ സ്ഥിരപ്പെടുത്തേണ്ടി വരും ടീം മാനേജ്‌മെന്റിന്. 

വിജയമുറപ്പിച്ചത് സൂര്യയുടെ അവിശ്വസനീയ ക്യാച്ചില്‍! മില്ലര്‍ വീണില്ലായിരുന്നെങ്കില്‍ കളി മാറിനേയെ - വീഡിയോ

നിലവില്‍ മൂന്നാം സ്ഥാനത്തിന് യോഗ്യന്‍ സഞ്ജു സാംസണാണെന്നാണ് ക്രിക്കറ്റ് ആരാധകരുടെ അഭിപ്രായം. കോലി ബാറ്റണ്‍ കൈമാറിയത് സഞ്ജുവിനാണെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. വരുന്ന സിംബാബ്‌വെ പര്യടനം മുതല്‍ സഞ്ജുവിന് മൂന്നാം സ്ഥാനത്ത് അവസരം ലഭിക്കുമെന്ന് പറയുന്നവരുണ്ട്. രാജസ്ഥാന്‍ റോയല്‍സില്‍ മൂന്നാം സ്ഥാനത്ത് കളിക്കുന്ന സഞ്ജുവിന് ഇനിയെങ്കിലും ദേശീയ ടീമില്‍ സ്ഥിരപ്പെടുത്തണമെന്നാണ് സോഷ്യല്‍ മീഡിയയിലെ അഭിപ്രായം. ചില പോസ്റ്റുകള്‍ വായിക്കാം...

ഇന്ത്യക്ക് വേണ്ട ഏകദിന-ടെസ്റ്റ് മത്സരങ്ങളില്‍ കോലി തുടരും. ഐപിഎല്ലിലും കളിച്ചേക്കും. ടി20 ലോകകപ്പ് ഫൈനലിന് ശേഷം കോലി സംസാരിച്ചതിങ്ങനെ.. ''ഇത് എന്റെ അവസാന ടി20 ലോകകപ്പായിരുന്നു. അതുകൊണ്ടുതന്നെ ഈ ലോകകപ്പ് നേടാന്‍ ആഗ്രഹിച്ചിരുന്നു. ഇന്ത്യക്കായി കളിക്കുന്ന എന്റെ അവസാന ടി20 മത്സരമായിരുന്നു ഇത്. ഈ ലോകകപ്പില്‍ എനിക്ക് റണ്‍സൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. ഇതെല്ലാവര്‍ക്കും സംഭവിക്കുന്നതാണ്. അപ്പോഴാണ് ഇത്തരത്തില്‍ ഒരു ഇന്നിംഗ്സ് കളിക്കാന്‍ സാധിക്കുന്നത്. ദൈവം മഹാനാണ്.  ഈ കിരീടം ഉയര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. അതിന് സാധിക്കുകയും ചെയ്തു. ഇനി അടുത്ത തലമുറയ്ക്ക് അവസരം നല്‍കണം. അവരാണ് ഇനി മുന്നോട്ട് കൊ്ണ്ടുപോവേണ്ടത്. ഒരു ഐസിസി ടൂര്‍ണമെന്റില്‍ വിജയിക്കാനായി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. രോഹിത് ശര്‍മയെ നോക്കൂ, അദ്ദേഹം ഒമ്പത് ടി20 ലോകകപ്പുകള്‍ കളിച്ചു. ഇത് എന്റെ ആറാമത്തെ ലോകകപ്പാണ്. രോഹിത് അത് അര്‍ഹിക്കുന്നു. വികാരങ്ങള്‍ പിടിച്ചുനിര്‍ത്തുന്നത് ബുദ്ധിമുട്ടാണ്. ഇതൊരു മഹത്തായ ദിവസമാണ്, ഞാന്‍ കടപ്പെട്ടിരിക്കും.'' കോലി മത്സരശേഷം പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios