വിജയ് ഹസാരെ കളിക്കാമെന്നേറ്റ് സഞ്ജു! തീരുമാനമെടുക്കാതെ കെസിഎ, കേരളം നാളെ ഡല്‍ഹിക്കെതിരെ
ക്രിസ്മസ് അവധിക്ക് ശേഷം സഞ്ജു ടീമിനൊപ്പം ചേരുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.
തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് വേണ്ടി ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കാന്‍ സഞ്ജു സാംസണ്‍ സന്നദ്ധത അറിയിച്ചു. ഈ മാസം ആദ്യം നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കേരളത്തെ നയിച്ച സഞ്ജുവിനെ വിജയ് ഹസാരെ ട്രോഫിക്കുള്ള കേരളാ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഡിസംബര്‍ 13 മുതല്‍ 17 വരെ വയനാട്ടില്‍ നടന്ന പരിശീലന ക്യാംപില്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്നാണ് 15 അംഗ ടീമില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയതെന്ന് കെസിഎ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു
ക്രിസ്മസ് അവധിക്ക് ശേഷം സഞ്ജു ടീമിനൊപ്പം ചേരുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതിനിടെ താരത്തിന്റെ മുട്ടുകാലിന് പരിക്കാണെന്നുള്ള വിവരങ്ങളും പുറത്തുവന്നു. അതിനെല്ലാം പിന്നാലെയാണ് സഞ്ജു തയ്യാറാണെന്ന് അറിയിച്ചത്. എന്നാല്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തണമോ എന്നുള്ള കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യത്തെ കുറിച്ച് മുമ്പ് കെസിഎ സെക്രട്ടറി വിനോദ് എസ് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വിനോദ് പറഞ്ഞതിങ്ങനെ... ''ക്യാംപില്‍ പങ്കെടുക്കാനാവില്ലെന്ന് കാണിച്ച് സഞ്ജു ഇമെയില്‍ അയച്ചിരുന്നു. വയനാട്ടില്‍ നടന്ന ക്യാംപില്‍ സഞ്ജു ഉണ്ടായിരുന്നില്ല. സ്വാഭാവികമായും പരിശീലനത്തിന്റെ ഭാഗമായവരെ മാത്രമേ ഞങ്ങള്‍ ടീമിലേക്ക് പരിഗണിച്ചിട്ടുള്ളൂ. ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല.'' വിനോദ് പറഞ്ഞു.
ഇതിനിടെയാണ് ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് താനുണ്ടാവുമെന്ന് അറിയിച്ച് സഞ്ജു വീണ്ടും സന്ദേശമയച്ചത്. അദ്ദേഹത്തെ ടീമിലേക്ക് തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് കെസിഎ ഇതുവരെയും തീരുമാനമെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ''ലഭ്യമാണെന്ന് സഞ്ജു ഞങ്ങളെ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഞങ്ങള്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കേരളാ ടീം മുഴുവന്‍ ഹൈദരാബാദിലുണ്ട്. രണ്ട് ഗെയിമുകള്‍ മാത്രമേ കളിച്ചിട്ടുള്ളൂ.'' വിനോദ് കൂട്ടിചേര്‍ത്തു.
സീസണില്‍ ഉണ്ടായ പരിക്കില്‍ നിന്ന് വെറ്ററന്‍ ബാറ്റര്‍ ഇതുവരെ പൂര്‍ണ്ണമായി സുഖം പ്രാപിച്ചിട്ടില്ലാത്തതിനാല്‍ സച്ചിന്‍ ബേബിയെ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു. നാളെ ഡല്‍ഹിക്കെതിരേയാണ് കേരളത്തിന്റെ അടുത്ത മത്സരം. മധ്യ പ്രദേശിനെതിരായ കഴിഞ്ഞ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ആദ്യ മത്സരത്തില്‍ കേരളം ബറോഡയോട് പരാജയപ്പെടുകയും ചെയ്തു.