ന്യൂസിലന്‍ഡിന് എതിരായ പരമ്പര; സഞ്ജു സാംസണിനെ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ല- റിപ്പോര്‍ട്ട്

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമി തലവന്‍ വിവിഎസ് ലക്ഷ്‌മണ്‍ സമ്മതം മൂളിയാല്‍ രവീന്ദ്ര ജഡേജയെ പരമ്പരയില്‍ ഉള്‍പ്പെടുത്തും

Sanju Samson and Jasprit Bumrah may not included in India Squad for NewZealand Series

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ഏകദിന, ട്വന്‍റി 20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കാനിരിക്കേ കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആശങ്ക സമ്മാനിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ടീമിലേക്ക് തിരിച്ചെത്താന്‍ സാധ്യതയിരിക്കേ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ പരിഗണിച്ചേക്കില്ല എന്നാണ് ഇന്‍സൈഡ് സ്‌പോര്‍ടിന്‍റെ റിപ്പോര്‍ട്ട്. ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ടി20യില്‍ കളിക്കുമ്പോള്‍ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ സഞ്ജുവിന് പിന്നിടുള്ള രണ്ട് മത്സരങ്ങളും നഷ്‌ടമായിരുന്നു. സഞ്ജുവിന്‍റെ പരിക്കിന്‍റെ കാര്യത്തില്‍ പുതിയ വിവരങ്ങളൊന്നും ബിസിസിഐ പുറത്തുവിട്ടിട്ടില്ല. 

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമി തലവന്‍ വിവിഎസ് ലക്ഷ്‌മണ്‍ സമ്മതം മൂളിയാല്‍ രവീന്ദ്ര ജഡേജയെ പരമ്പരയില്‍ ഉള്‍പ്പെടുത്തും. രവീന്ദ്ര ജഡേജയ്ക്കും സഞ്ജു സാംസണിനും പുറമെ വിരാട് കോലിയും രോഹിത് ശര്‍മ്മയും ജസ്പ്രീത് ബുമ്രയും സെലക്ഷന്‍ ആകാംക്ഷയാണ്. രാജ്യാന്തര ട്വന്‍റി 20യിലെ കോലിയുടെയും രോഹിത്തിന്‍റേയും ഭാവി സംബന്ധിച്ച അഭ്യൂഹങ്ങള്‍ തുടരുകയാണ്. ശ്രീലങ്കയ്ക്ക് എതിരെ യുവനിരയ്ക്ക് കീഴില്‍ ട്വന്‍റി 20 പരമ്പര നേടിയ ടീമിനെ ന്യൂസിലന്‍ഡിനെതിരെ നിലനിര്‍ത്തിയേക്കും എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. അതേസമയം ജസ്‌പ്രീത് ബുമ്രയുടെ പരിക്ക് സംബന്ധിച്ചുള്ള പുതിയ അപ്‌ഡേഷനുകളൊന്നും പുറത്തുവന്നിട്ടില്ല. സീനിയര്‍ താരങ്ങളില്‍ പലരെയും പരമ്പരയിലെ ട്വന്‍റി 20കള്‍ക്കായി പരിഗണിച്ചേക്കില്ല. 

ചേതന്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള പുതിയ സെലക്ഷന്‍ കമ്മിറ്റിയാണ് ന്യൂസിലന്‍ഡിന് എതിരായ ഏകദിന, ട്വന്‍റി 20 ടീമുകളെ തെരഞ്ഞെടുക്കുക. ബുമ്രയുടെ പരിക്ക് സംബന്ധിച്ച് വലിയ ആശയക്കുഴപ്പം തുടരുകയാണ്. ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പരയ്ക്കായി ടീമിനെ ഡിസംബര്‍ 27ന് പ്രഖ്യാപിച്ചപ്പോള്‍ ജസ്‌പ്രീത് ബുമ്രയുടെ പേരുണ്ടായിരുന്നില്ല. എന്നാല്‍ ജനുവരി മൂന്നാം തിയതി ബുമ്രയുടെ പേരും സ്‌ക്വാഡിനൊപ്പം ചേര്‍ത്തു. ശ്രീലങ്കയ്ക്ക് എതിരെ കളിക്കാന്‍ ബുമ്ര പൂര്‍ണ ഫിറ്റാണെന്ന് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമി വ്യക്തമാക്കിയതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ആദ്യ ഏകദിനത്തിന്‍റെ തൊട്ടുതലേന്ന് ബൗളിംഗ് ക്ഷമത വീണ്ടെടുക്കാന്‍ ബുമ്രക്ക് കൂടുതല്‍ സമയം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി ബിസിസിഐ താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

ബുമ്രയില്ലാതെ ആദ്യം ടീം പ്രഖ്യാപനം, പിന്നാലെ ഉള്‍പ്പെടുത്തി, ഇപ്പോള്‍ ഒഴിവാക്കി; ചേതന്‍ ശര്‍മ്മക്ക് വിമര്‍ശനം

Latest Videos
Follow Us:
Download App:
  • android
  • ios