'വോണ്‍ അനാവശ്യ വിവാദമുണ്ടാക്കുന്നു'; കോലി- വില്യംസണ്‍ താരതമ്യത്തിനെതിരെ സല്‍മാന്‍ ബട്ട്
ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ എക്കാലത്തും വില്യംസണ്‍ മികവ് കാണിച്ചിട്ടുണ്ടെന്നും ഇത്തവണ കോലിയേക്കാള്‍ കൂടുതല്‍ റണ്‍സ് നേടാന്‍ പോകുന്നത് കിവീസ് ക്യാപ്റ്റനായിരിക്കുമെന്നും വോണ്‍ പറഞ്ഞിരുന്നു.
ലണ്ടന്‍: കഴിഞ്ഞ ദിവസമാണ് ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണിനെ പുകഴ്ത്തി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും ഇപ്പോള്‍ കമന്റേറ്ററുമായ മൈക്കല്‍ വോണ്‍ രംഗത്തുവന്നത്. വില്യംസണ്‍ ഇന്ത്യക്കാരനായിരുന്നെങ്കില്‍ അയാള്‍ ലോകത്തിലെ ഏറ്റവും മഹാനായ കളിക്കാരനവുമായിരുന്നുവെന്ന് വോണ്‍ സ്പാര്‍ക്ക് സ്‌പോര്‍ട്ടിനോട് പറഞ്ഞു. ''കോലി മഹാനായ താരമാണെന്ന് പലരും പറയുന്നത് സമൂഹമാധ്യമങ്ങളില്‍ നിന്ന് കല്ലേറ് കിട്ടേണ്ടെന്ന് കരുതിയാണ്. അങ്ങനെ പറഞ്ഞാലെ നിങ്ങള്‍ക്ക് കൂടുതല്‍ ക്ലിക്കുകളും ലൈക്കുകളും കിട്ടുകയുള്ളു. മൂന്ന് ഫോര്‍മാറ്റിലും ആരുടെയും പിന്നിലല്ല വില്യംസണിന്റെ സ്ഥാനം. ശാന്തമായി, മാന്യമായി തന്റെ പ്രകടനം നടത്തുന്നതുകൊണ്ട് വില്യംസണിനെ അധികമാരും ശ്രദ്ധിക്കാതെ പോകുന്നത്.'' എന്നാണ് വോണ്‍ പറഞ്ഞത്.
വോണിന്റെ ഈ പ്രസ്താവനയോട് പ്രതികരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം സല്‍മാന്‍ ബട്ട്. വോണ്‍ വെറുതെ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്നാണ് ബട്ട് പറയുന്നത്. മുന്‍ പാക് ഓപ്പണറുടെ വാക്കുകള്‍... ''അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോലിയുടെ പ്രകടനം മികച്ചതായതുകൊണ്ടാണ് താരത്തെ കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടാന്‍ കാരണം. വോണ്‍ ഇപ്പോള്‍ കോലിയെ വിലകുറച്ച് കാണിക്കാനാണ് ശ്രമിക്കുന്നത്. എന്നാലദ്ദേഹം ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. വോണിന് ഏകദിനത്തില്‍ ഒരു സെഞ്ചുറി പോലും നേടാന്‍ സാധിച്ചിട്ടില്ലെന്നുള്ള സത്യം. കോലിക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 70 സെഞ്ചുറികളുണ്ടെന്നെങ്കിലും വോണ്‍ ഓര്‍ക്കണം. ഇനി റിക്കി പോണ്ടിംഗും സച്ചിന്‍ ടെന്‍ഡുല്‍ക്കറും മാത്രമാണ് കോലിക്ക് മുന്നിലുള്ളത്. ഒരുപാട് കാലം ബാറ്റിംഗ് റാങ്കിംഗില്‍ കോലി ആധിപത്യം സ്ഥാപിച്ചിട്ടുണ്ടെന്നത് കൂടി പരിഗണിക്കുമ്പോള്‍ വോണ്‍ നടത്തുന്നത് വെറും അനാവശ്യ താരതമ്യം മാത്രമാണ്.'' ബട്ട് വ്യക്തമാക്കി.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഫൈനലില്‍ അടുത്തമാസം ഇന്ത്യ, ന്യൂസിലന്‍ഡിനെ നേരിടാനിരിക്കെയാണ് വോണിന്റെ പ്രസ്താവന. ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ എക്കാലത്തും വില്യംസണ്‍ മികവ് കാണിച്ചിട്ടുണ്ടെന്നും ഇത്തവണ കോലിയേക്കാള്‍ കൂടുതല്‍ റണ്‍സ് നേടാന്‍ പോകുന്നത് കിവീസ് ക്യാപ്റ്റനായിരിക്കുമെന്നും വോണ്‍ പറഞ്ഞിരുന്നു.