ഇതൊരു പ്രത്യേക വികാരമാണെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍! രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ ഭക്തിയിലാണ്ട് ഇതിഹാസം
ക്ഷണം കിട്ടിയ മുന്‍ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അനില്‍ കുംബ്ലെ, വെങ്കടേഷ് പ്രസാദ് തുടങ്ങിയവരൊക്കെ അയോധ്യയിലെത്തിയിരുന്നു. ചടങ്ങില്‍ പങ്കെടുത്ത സച്ചിന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ലഖ്‌നൗ: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ വിവിഐപികളുടെ വന്‍നിരയാണ് അയോധ്യയിലെത്തിയത്. ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം തന്നെ ക്ഷേത്രത്തിലെത്തിയിരുന്നു. പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായി താന്ത്രിക വിധി പ്രകാരമുള്ള ചടങ്ങുകള്‍ 11.30നാണ് ആരംഭിച്ചത്. സിനിമ, കായിക താരങ്ങളടക്കമുള്ള ക്ഷണിക്കപ്പെട്ട അതിഥികള്‍ അയോധ്യയിലെ രാമ ക്ഷേത്രത്തിലെത്തിയിരുന്നു. പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് അയോധ്യയില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരുന്നത്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സീനിയര്‍ താരം വിരാട് കോലി, മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണി എന്നിവര്‍ക്കെല്ലാം അയോധ്യയിലേക്ക് ക്ഷണമുണ്ടായിരുന്നു. എന്നാല്‍ മൂവരും ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. രോഹിത് ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ്. മുംബൈയില്‍ പരിശീലനത്തിലായിരുന്നു അദ്ദേഹം. കോലി വ്യക്തിപരമായ കാരങ്ങളെ തുടര്‍ന്ന് ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ആദ്യ രണ്ട് ടെസ്റ്റുകളില്‍ അദ്ദേഹം കളിക്കുന്നില്ല.
ക്ഷണം കിട്ടിയ മുന്‍ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അനില്‍ കുംബ്ലെ, വെങ്കടേഷ് പ്രസാദ് തുടങ്ങിയവരൊക്കെ അയോധ്യയിലെത്തിയിരുന്നു. ചടങ്ങില്‍ പങ്കെടുത്ത സച്ചിന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അനുഗ്രഹത്തേക്കാള്‍ കൂടുതല്‍ മറ്റൊന്നുമില്ലെന്നാണ് സച്ചിന്‍ പറയുന്നത്. സച്ചിന്റെ വാക്കുകളിങ്ങനെ... ''ഇതൊരു പ്രത്യേക വികാരമാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വന്ന് അനുഗ്രഹം വാങ്ങൂ. അതിനേക്കാള്‍ വലുതായി മറ്റൊന്നും ഉണ്ടാകില്ല.'' സച്ചിന്‍ പറഞ്ഞു. വീഡിയോ കാണാം...
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ഡേവിഡ് വാര്‍ണറും പ്രതിഷ്ഠാ ചടങ്ങിനെ പിന്തുണച്ച് എത്തിയിരുന്നു. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വാര്‍ണര്‍ പോസ്റ്റുമായെത്തിയത്. വാര്‍ണര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കൂവെന്ന് ആരാധകര്‍ കമന്റ് ബോക്സില്‍ ആവശ്യപ്പെടുന്നുണ്ട്. യഥാര്‍ത്ഥ ഇന്ത്യന്‍ താങ്കളാണെന്നൊക്കെ മറ്റു ചില കമന്റുകള്‍.