SA vs IND : വാണ്ടറേഴ്‌സില്‍ വണ്ടര്‍ പ്രതീക്ഷിച്ച് ഇന്ത്യ, ജയത്തിനരികെ ദക്ഷിണാഫ്രിക്ക
എട്ടുവിക്കറ്റ് ശേഷിക്കെ വിജയത്തിന് 122 റണ്‍സ് അകലെയാണ് ദക്ഷിണാഫ്രിക്ക.
ജൊഹന്നാസ്ബര്‍ഗ്: വാണ്ടറേഴ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ (SA vs IND) ഇന്ത്യക്കെതിരെ (Team India) 240റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് (South Africa) രണ്ട് വിക്കറ്റ് നഷ്ടമായി. മൂന്നാം ദിനം അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. എട്ടുവിക്കറ്റ് ശേഷിക്കെ വിജയത്തിന് 122 റണ്‍സ് അകലെയാണ് ദക്ഷിണാഫ്രിക്ക. ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാര്‍ (Dean elgar) 46 റണ്‍സുമായും റാസി വാന്‍ഡര്‍ ഡസന്‍ (Rassie van der dussen) 11 റണ്‍സെടുത്തും പുറത്താകാതെ നില്‍ക്കുന്നു. 31 റണ്‍സെടുത്ത എയ്ഡന്‍ മര്‍ക്രാമും കീഗന്‍ പീറ്റേഴ്‌സണും(28) ആണ് പുറത്തായത്. മര്‍ക്രാമിനെ ശര്‍ദ്ദുല്‍ താക്കൂറും കീഗന്‍ പീറ്റേഴ്‌സണെ അശ്വിനും വീഴ്ത്തി. നാളെ ഒന്നാം സെഷനില്‍ മുന്‍നിരക്കാരെ വീഴ്ത്തിയാല്‍ മാത്രമേ ഇന്ത്യക്ക് വിജയം പ്രതീക്ഷിക്കാനാകൂ.
85ന് രണ്ട് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ ലഞ്ചിന് ശേഷം 266 റണ്‍സിന് ഓള്‍ ഔട്ടായി. 58 റണ്‍സെടുത്ത അജിങ്ക്യ രഹാനെ ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ചേതേശ്വര്‍ പൂജാര 53 റണ്‍സെടുത്തപ്പോള്‍ 40 റണ്‍സെടുത്ത ഹനുമാ വിഹാരി പുറത്താകാതെ നിന്നു.
മൂന്നാം ദിനം, തുടക്കത്തില്‍ അജിങ്ക്യാ രഹാനെയും ചേതേശ്വര്‍ പൂജാരെയും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യ മിച്ച സ്‌കോറിലേക്ക് നീങ്ങുമെന്ന് തോന്നിച്ചു. മൂന്നാം വിക്കറ്റില്‍ 111 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി ഇരുവരും ഇന്ത്യയെ ഭേദപ്പെട്ട ലീഡിലേക്ക് നയിക്കവെ ലഞ്ചിന് മുമ്പ് ഇന്ത്യക്ക് രഹാനെയെ നഷ്ടമായി.
അര്‍ധസെഞ്ച്വറിയുമായി തിളങ്ങിയ രഹാനെയെ മടക്കിയ കാഗിസോ റബാഡ ഇന്ത്യയുടെ രണ്ടാം തകര്‍ച്ചയ്ക്ക് തുടക്കമിട്ടു. തിവില്‍ നിന്ന് വ്യത്യസ്തമായി ഏകദിന ശൈലിയില്‍ ബാറ്റുവീശിയ പൂജാര അതിവേഗം അര്‍ധസെഞ്ച്വറിയിലെത്തി. എന്നാല്‍ അര്‍ധസെഞ്ച്വറി തികച്ചതിന് പിന്നാലെ പ്രതിരോധത്തിലേക്ക് വലിഞ്ഞ പൂജാരയെ റബാഡ വിക്കറ്റിന് മുന്നില്‍ കുടുക്കി. 53 റണ്‍സായിരുന്നു പൂജാരയുടെ സംഭാവന. പൂജാരയും രെഹാനെയും മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ റിഷഭ് പന്ത് നേരിട്ട മൂന്നാം പന്തില്‍ തന്നെ കൂറ്റനടിച്ച് ശ്രമിച്ച് പുറത്തായത് നിരാശയായി. ഇതോടെ 163-2 എന്ന സ്‌കോറില്‍ നിന്ന് 167-5ലേക്ക് കൂപ്പുകുത്തി കൂട്ടത്തകര്‍ച്ചയിലായി. പിന്നീട് അശ്വിനെയും (16) ശര്‍ദ്ദുല്‍ ഠാക്കൂറിനെയും (28) ജസ്പ്രീത് ബുമ്രയെയും (7) കൂട്ടുപിടിച്ച് വിഹാരി നടത്തിയ ചെറുത്തുനില്‍പ് 266 റണ്‍സിലെത്തിച്ചു. അവസാന വിക്കറ്റില്‍ സിറാജിനെ ഒരറ്റത്ത് നിര്‍ത്തി വിഹാരി 21 റണ്‍സടിച്ചത് നിര്‍ണായകമായി.