മലാനും ബട്‌ലര്‍ക്കും സെഞ്ചുറി, മൊയീന്‍ മിന്നല്‍; ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് 50 ഓവറില്‍ ഏഴ് വിക്കറ്റിന് 346 റണ്‍സെടുത്തു
ഡയമണ്ട് ഓവല്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ ഡേവിഡ് മലാന്‍, ജോസ് ബട്‌ലര്‍ എന്നിവരുടെ സെഞ്ചുറി മികവില്‍ ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് 50 ഓവറില്‍ ഏഴ് വിക്കറ്റിന് 346 റണ്‍സെടുത്തു. മലാന്‍ 114 പന്തില്‍ 118 ഉം ജോസ് ബട്‌ലര്‍ 127 പന്തില്‍ 131 ഉം റണ്‍സെടുത്തു. ഏകദിനത്തില്‍ മലാന്‍റെ മൂന്നാമത്തെയും ബട്‌ലറുടെ പതിനൊന്നാമത്തേയും ശതകമാണിത്. അവസാന ഓവറുകളില്‍ മൊയീന്‍ അലി(23 പന്തില്‍ 41) വെടിക്കെട്ടും ഇംഗ്ലണ്ടിന് തുണയായി. പ്രോട്ടീസിനായി എന്‍ഗിഡി നാലും യാന്‍സന്‍ രണ്ടും മഗാല ഒന്നും വിക്കറ്റ് വീഴ്‌ത്തി.
കഴിഞ്ഞ മത്സരത്തിലെ ആവര്‍ത്തനം പോലെ ഓപ്പണര്‍ ജേസന്‍ റോയിയും ബെന്‍ ഡക്കെറ്റും ഹാരി ബ്രൂക്കും തുടക്കത്തിലെ പുറത്തായതോടെ ഇംഗ്ലണ്ട് ഒരവസരത്തില്‍ വിറച്ചതാണ്. മൂന്ന് വിക്കറ്റ് നഷ്‌ടമാവുമ്പോള്‍ 5.4 ഓവറില്‍ 14 റണ്‍സ് മാത്രമായിരുന്നു ഇംഗ്ലണ്ടിനുണ്ടായിരുന്നത്. മൂന്ന് വിക്കറ്റും വീഴ്‌ത്തിയത് പേസര്‍ ലുങ്കി എന്‍ഗിഡി. 7 പന്തില്‍ 1 റണ്‍സെടുത്ത റോയിയെയും 5 പന്തില്‍ അക്കൗണ്ട് തുറക്കും മുമ്പ് ഡക്കെറ്റിനെയും 9 പന്തില്‍ 6 റണ്‍സ് നേടിയ ബ്രൂക്കിനേയും എന്‍ഗിഡി പുറത്താക്കി. എന്നാല്‍ നാലാം വിക്കറ്റില്‍ 211 പന്തില്‍ 232 റണ്‍സിന്‍റെ വിസ്‌മയ കൂട്ടുകെട്ടുമായി ഡേവിഡ് മലാനും നായകന്‍ ജോസ് ബട്‌ലറും ഇംഗ്ലണ്ടിനെ കരകയറ്റി. 41-ാം ഓവറില്‍ മഗാലയാണ് ഈ കൂട്ടുകെട്ട് പൊളിക്കുന്നത്. 114 പന്തില്‍ 7 ഫോറും 6 സിക്‌സറും സഹിതം 118 റണ്‍സെടുത്ത മലാനെ, മഗാല വിക്കറ്റിന് പിന്നില്‍ ക്ലാസന്‍റെ കൈകളില്‍ എത്തിക്കുകയായിരുന്നു.
തകര്‍പ്പന്‍ സെഞ്ചുറിയുമായി കുതിച്ച ബട്‌ലര്‍ക്കൊപ്പം മൊയീന്‍ അലിയും വെടിക്കെട്ടിന് തുടക്കമിട്ടതോടെ ഇംഗ്ലണ്ടിന്‍റെ അവസാന ഓവറുകള്‍ മാലപ്പടക്കമായി. 23 പന്തില്‍ 3 ഫോറും 4 സിക്‌സും സഹിതം 41 റണ്‍സെടുത്ത അലിയെ 47-ാം ഓവറില്‍ എന്‍ഗിഡി യോര്‍ക്കറില്‍ മടക്കി. തൊട്ടടുത്ത ഓവറില്‍ യാന്‍സന്‍, ബട്‌ലറെ പുറത്താക്കി. ബട്‌ലര്‍ 127 പന്തില്‍ 6 ഫോറും 7 സിക്‌സും ഉള്‍പ്പടെ 131 റണ്‍സെടുത്തു. പിന്നാലെ സാം കറനെയും(5 പന്തില്‍ 11) മടക്കി. ക്രിസ് വോക്‌സ് 9 ഉം ആദില്‍ റഷീദ് 11 ഉം റണ്‍സുമായി പുറത്താവാതെ നിന്നു.